അങ്ങൊരു മലയാളിക്ക് ഖത്തറിന്റെ കരുതലിൽ പുതുജീവിതം
text_fieldsദോഹ: ആദ്യ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് 14 വർഷത്തിനു ശേഷം, ശരീരം പണിമുടക്കി തുടങ്ങിയതോടെയാണ് കോഴിക്കോട് നാദാപുരം സ്വദേശി ഫൈസൽ കൊവുമ്മൽ വീണ്ടുമൊരു ജീവിതം തേടിത്തുടങ്ങുന്നത്. പുതിയൊരു ദാതാവിനെ കണ്ടെത്തണം, രണ്ടാമതും വൃക്കമാറ്റിവെക്കണം. സ്വപ്നങ്ങളുമയി ഡയാലിസിസിൽ ജീവിതം അരിച്ചു ചേർത്തെടുക്കുന്നതിനിടെ പ്രിയതമന് വൃക്കനൽകാൻ ഭാര്യ സമീറ സന്നദ്ധമായി.
എങ്കിലും, ചികിത്സാ ചെലവും ആരോഗ്യ പ്രശ്നങ്ങളും ഉൾപ്പെടെ കടമ്പകൾ ഏറെയായിരുന്നു. നാട്ടിൽ വീണ്ടുമൊരു ശസ്ത്രക്രിയക്കുള്ള ഒരുക്കങ്ങൾക്കിടയിൽ ബന്ധുവിന്റെ നിർദേശപ്രകാരം ദോഹ ഹമദ് ആശുപത്രിയിലേക്കും ഒരു അപേക്ഷ അയച്ചു. കാത്തിരിപ്പ് അധികം നീണ്ടില്ല. ദൈവവിളിപോലെ ഹമദ് ആശുപത്രിയിൽനിന്നും നാദാപുരം ചാലപ്പുറം കൊവ്വുമ്മലിലെ വീട്ടിലേക്ക് സന്തോഷം പകരുന്ന ഫോൺ സന്ദേശമെത്തി. ‘ധൈര്യമായി കയറിവരൂ... ചെലവുകളൊന്നുമില്ലാതെ പൂർണമായും സൗജന്യമായി വൃക്കകൾ മാറ്റിവെച്ച് നിങ്ങളെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാം.’ പിന്നെയെല്ലാം ഞൊടിയിടയിലായി.
പ്രാരംഭ പരിശോധനയും ആവശ്യമായ പരിചരണവും കഴിഞ്ഞ്, ഇപ്പോൾ ശസ്ത്രക്രിയയും കഴിഞ്ഞു. ബർവസിറ്റിയിലെ ഹമദ് ആശുപത്രി ഗസ്റ്റ്ഹൗസിൽ അതിഥികളായി ശസ്ത്രക്രിയാനന്തര വിശ്രമത്തിൽ കഴിയുന്ന ഫൈസലും ഭാര്യയും ഇപ്പോൾ സന്തോഷപ്പെരുന്നാളിലാണ്.
ദുബൈയിൽ പ്രവാസിയായിരുന്ന ഫൈസലിന് 2002ഓടെയായിരുന്നു വൃക്കസംബന്ധമായ അസുഖങ്ങൾ ആരംഭിക്കുന്നത്. ഏതാനും വർഷങ്ങൾക്കുള്ളിൽ വൃക്കമാറ്റിവെക്കൽ നിർബന്ധമായി. അങ്ങനെ 2005ൽ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിലൂടെയാണ് ആദ്യമായി വൃക്ക മാറ്റിവെക്കുന്നത്.
പിന്നീട് നാട്ടിലെ വ്യാപാരവും മറ്റുമായി ജീവിക്കുന്നതിനിടയിൽ 14 വർഷത്തിനുശേഷം വീണ്ടും വൃക്ക പിണക്കം തുടങ്ങി. ഡയാലിസിസിലൂടെ ജീവിതം മുന്നോട്ടുപോവുന്നതിനിടെ മറ്റൊരു വൃക്കമാറ്റിവെക്കൽ സാധ്യത തേടുകയായിരുന്നു കുടുംബം. അതിനിടയിൽ എത്തിയ കോവിഡ് തുടർചികിത്സകൾ വൈകിപ്പിച്ചപ്പോഴാണ് ബന്ധുവിന്റെ സഹായത്തോടെ ഹമദ് ആശുപത്രിയിലേക്ക് ഒരു അപേക്ഷ നൽകുന്നത്. ഖത്തറിലെ താമസക്കാരായ മലയാളികളും മറ്റു രാജ്യക്കാരും ഹമദിൽ വിദഗ്ധ ചികിത്സ തേടുന്നത് സ്വാഭാവികമാണെങ്കിലും ഇന്ത്യയിൽനിന്നുള്ള ഒരു രോഗിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ സഹായം ചോദിച്ചപ്പോൾ ആശുപത്രി മേധാവികൾ ഇരുകൈയും നീട്ടി സ്വീകരിച്ചു.
നിരന്തര ആശയവിനിമയത്തിനും വിവിധ ആരോഗ്യ പരിശോധനകൾക്കുമൊടുവിൽ ഫൈസലിനെയും ദാതാവായ ഭാര്യയെയും ഒപ്പം ഇരുവർക്കും കൂട്ടിരിപ്പുകാരായി സമീറയുടെ മാതാപിതാക്കൾ കെ.വി. അബ്ദുല്ല, സാറ എന്നിവരെയും ദോഹയിലെത്തിക്കാൻ അധികൃതർ തീരുമാനിച്ചു. ഹമദ് മെഡിക്കൽ കോർപറേഷൻ നൽകിയ മെഡിക്കൽ വിസയിൽ കഴിഞ്ഞ മാർച്ചിലാണ് നാലു പേരും ഖത്തറിലെത്തുന്നത്. ബർവയിൽ ഹമദിന്റെ അതിഥികളായി താമസസൗകര്യവും നൽകി. ഫൈസലിനും സമീറക്കും ക്രോസ്മാച്ചിൽ വ്യത്യാസമുള്ളതിനാൽ ആന്റിബോഡി ട്രീറ്റ്മെന്റായ പ്ലാസ്മഫെറിസിസ് ചെയ്താണ് ഇരുവരെയും വൃക്കമാറ്റിവെക്കലിന് സജ്ജമാക്കുന്നത്. അവയവം സ്വീകരിക്കുന്ന രോഗിയുടെ ശരീരത്തിലെ ആന്റിബോഡി ഉൽപാദനം കുറക്കുന്ന ചികിത്സ അടുത്തിടെയാണ് ഖത്തറിൽ നടപ്പാക്കുന്നത്.
ജൂൺ മൂന്നിന് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ഇരുവരും ഇപ്പോൾ ബർവയിലെ വീട്ടിൽ വിശ്രമത്തിലിരിക്കുമ്പോൾ ദൈവത്തിനും ഹമദ് ആശുപത്രി അധികൃതർക്കും നന്ദി പറയുന്നു. ഏറെ ചെലവുവരുന്ന ചികിത്സ സൗജന്യമായി നൽകിയ ഹമദ്, മെച്ചപ്പെട്ട തുടർപരിചരണവും ഇവർക്ക് ഉറപ്പാക്കുന്നു. ഹമദിലെ ഏറ്റവും മികച്ച ചികിത്സക്കും പരിചരണത്തിനും ഫൈസലും ഭാര്യ സമീറയും നന്ദി പറയുന്നു.
ലോകോത്തരം ഹമദിലെ അവയവമാറ്റ വിഭാഗം
ദോഹ: ഹമദ് മെഡിക്കൽ കോർപറേഷനിലെ വിവിധ വിഭാഗം മെഡിക്കൽ സംഘത്തിന്റെ പരിശ്രമത്തെ ഹമദ് ജനറൽ ആശുപത്രി മാനേജിങ് ഡയറക്ടറും ഖത്തർ അവയവമാറ്റ വിഭാഗം ഡയറക്ടറുമായ ഡോ. യൂസുഫ് അൽ മസ്ലമാനി പ്രശംസിച്ചു.
2022ൽ ഹമദിനു കീഴിൽ നടത്തിയ 41 വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയകളും പൂർണ വിജയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതിൽ 25 വൃക്കകൾ ജീവിച്ചിരിക്കുന്ന ദാതാക്കളിൽ നിന്നുള്ളവയായിരുന്നു. 16 വൃക്കമാറ്റിവെക്കലുകൾ മരിച്ചവരുടെ അവയവങ്ങളിൽനിന്നും സ്വീകരിച്ചതായിരുന്നു. ആഴ്ചയിൽ ഒന്ന് എന്ന നിലയിൽ ഈ വർഷം 50 വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയകളാണ് ലക്ഷ്യംവെക്കുന്നത് -അദ്ദേഹം പറഞ്ഞു.
ഈ വർഷം ഇതുവരെയായി 24 വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയകൾ ഹമദിനു കീഴിൽ പൂർത്തിയാക്കി. അവയെല്ലാം പൂർണ വിജയമാണ്. 15 വൃക്കകൾ ജീവിച്ചിരിക്കുന്ന ദാതാക്കളിൽ നിന്നും സ്വീകരിച്ചു. അവരിൽ ആറു പേരും ഖത്തരി ദാതാക്കളായിരുന്നു. ഒമ്പതു വൃക്കകൾ മരിച്ചവരുടെ അവയവങ്ങളായിരുന്നു -ഡോ. മസ്ലമാനി വിശദീകരിച്ചു. ഏറ്റവും നൂതന ചികിത്സാരീതികൾ അവലംബിക്കുന്ന ഹമദിന്റെ അവയവദാന വിഭാഗം ലോകത്തെ മികച്ച കേന്ദ്രം കൂടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.ശസ്ത്രക്രിയാനന്തരം രോഗികൾക്ക് ഒരു പ്രയാസവുമില്ലാത്ത, വിജയകരമായ ചികിത്സാസംവിധാനമാണ് ഹമദ് നൽകുന്നത്’ -ഡോ. മസ്ലമാനി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.