കുരങ്ങിന് പിന്നാലെ വിശ്രമമില്ലാത്ത യാത്ര; വലയിലാക്കിയതിന്റെ സന്തോഷത്തിൽ അജിതനും സുജി ജോർജും
text_fieldsതിരുവനന്തപുരം: ഊണും ഉറക്കവും വെടിഞ്ഞ്, വെയിലും മഴയും വകവെക്കാതെ കുരങ്ങിന്റെ പിന്നാലെ കഴിഞ്ഞ 23 ദിവസത്തെ പ്രയത്നം ഒടുവിൽ ഫലം കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലുമാണ് കീപ്പർമാരായ അജിതനും സുജി ജോർജും. ജൂൺ 13ന് മൃഗശാലവളപ്പിൽനിന്ന് ചാടിക്കടന്ന ഹനുമാൻകുരങ്ങിന്റെ പിന്നാലെ ഇവർ ഉണ്ടായിരുന്നു. ഇടക്ക് മറ്റ് ചിലജീവനക്കാരും സഹായത്തിന് വന്നെങ്കിലും കുരങ്ങിനെ പിടിക്കാനുള്ള ദൗത്യചുമതല ഈ രണ്ടാൾക്കുമായിരുന്നു.
നഗരത്തിന്റെ ആറുകിലോമീറ്റർ ചുറ്റളവിൽ കീപ്പർമാരെ വട്ടംചുറ്റിച്ച കുരങ്ങ് വലയിലാകുമ്പോൾ ഈ രണ്ട് ജീവനക്കാരുടെയും ശ്രമകരമായ ദൗത്യംകൂടിയാണ് പൂർത്തിയാകുന്നത്. വ്യാഴാഴ്ച വൈകീട്ട് വഴുതക്കാട്ടെ ആകാശവാണിക്ക് സമീപത്തെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ കയറിക്കൂടിയ കുരങ്ങിനെ അതിസാഹസികമായാണ് ഇവർ വലയിലാക്കിയത്. ബുധനാഴ്ച മുതൽതന്നെ ഇവരുടെ നിരീക്ഷണത്തിലായിരുന്നു കുരങ്ങ്. ക്ലാസിനകത്ത് കയറിക്കൂടിയ കുരങ്ങ് കുട്ടികൾ ബഹളം കൂട്ടിയതിനെതുടന്ന് ശൗചാലയത്തിൽ അഭയംതേടി.
അവിടെവെച്ചാണ് ഇരുവരും ചേർന്ന് വലയിലാക്കിയത്. മൃഗശാലയിൽ കഴിഞ്ഞ 10 വർഷത്തിലധികമായി താൽക്കാലിക ജീവനക്കാരാണ് ഇരുവരും. തിരുപ്പതിയിൽനിന്ന് കൊണ്ടുവന്ന കുരങ്ങുകളിൽ ഒരെണ്ണം കൂട്ടിലേക്ക് മാറ്റുന്നതിനിടെ ചാടിപ്പോയതിൽ വലിയ പഴികേട്ടവർ കൂടിയാണ് ഈ കീപ്പർമാർ. നഗരത്തിൽ വിവിധയിടങ്ങളിലായി തമ്പടിച്ച കുരങ്ങിനെ കഴിഞ്ഞ കുറച്ചുദിവസമായി കാണാനില്ലായിരുന്നു.
ഇതോടെ കുരങ്ങിനെ ഉപേക്ഷിക്കാനുള്ള നിലപാടുവരെ കൈക്കൊണ്ടതാണ്. അങ്ങനെ സംഭവിച്ചാൽ അന്ന് ചുമതലയുണ്ടായിരുന്ന ഈ രണ്ടുപേരുടെയും ജോലിതന്നെ ഒരുപക്ഷേ, ത്രിശങ്കുവിലാകുമായിരുന്നു. ആ ആശങ്കകൂടി ഇപ്പോൾ ഒഴിഞ്ഞുവെന്ന സന്തോഷവും അവർ പങ്കിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.