ചിത്രശലഭങ്ങളെ തേടിയൊരാൾ
text_fieldsപ്രകൃതിയെ അതിരറ്റ് പ്രണയിക്കുന്നയാളാണ് കിരൺ കണ്ണൻ. പ്രകൃതിയെ സ്നേഹിക്കുന്നയാൾക്ക് ചിത്ര ശലഭങ്ങളെ ഇഷ്ട്ടപ്പെടാതിരിക്കാൻ കഴിയുമോ ?. പൂമ്പാറ്റകളെ തേടി യാത്ര ചെയ്യുകയാണ് ഈ ഇരിഞ്ഞാലക്കുടക്കാരൻ. സ്വദേശത്തായാലും വിദേശത്തായാലും മലമുകളിലായാലും താഴ്വാരങ്ങളിലായാലും കിരണിന്റെ കണ്ണുകൾ ചിത്രശലഭങ്ങളെ തിരഞ്ഞുകൊണ്ടേയിരിക്കും. ഒടുവിൽ, കേരളത്തിൽ സാധാരണയായി കാണപ്പെടുന്ന കോമൺ ബാൻഡഡ് ഔൾ എന്ന ചിത്രശലഭത്തെ യു.എ.ഇയിൽ ആദ്യമായി കിരൺ കണ്ടെത്തിയിരിക്കുന്നു.
അബൂദബി നാഷനൽ ഇൻഷ്വറൻസ് കമ്പനി ജീവനക്കാരനായ കിരൺ സയൻസ് ഇഷ്ടപ്പെടുന്നയാളാണ്. യാത്രകളാണ് മറ്റൊരു ഇഷ്ടം. കിരണിന്റെ അബൂദബിയിലെ അപ്പാർട്ട്മെന്റിലെത്തിയാൽ ചെറിയൊരു വനം തന്നെ കാണാം. കുഞ്ഞു ചില്ലുജാറുകൾക്കുള്ളിൽ ട്രോപ്പിക്കൽ കാലാവസ്ഥയിൽ വളരുന്ന ചെടികളും മണ്ണും പായലും കൊണ്ട് വീടകങ്ങളിൽ കുഞ്ഞു മഴക്കാടുകൾ തീർക്കുന്ന ടെറാറിയം ശേഖരം കാണണമെങ്കിൽ ഇവിടെയെത്തിയാൽ മതി. കോവിഡ് കാലത്ത് കിരൺ തുടങ്ങിയ ടെറാറിയം പ്രപജക്റ്റ് ഇപ്പോൾ താമസ സ്ഥലത്തിന്റെ അലങ്കാരമായി മാറിയിട്ടുണ്ട്. ഹൈക്കിങിന് പോകുമ്പോൾ ശേഖരിക്കുന്ന കല്ലുകളും മരകഷ്ണങ്ങളും ടെറാറിയത്തിലെ കാടുകൾക്ക് മനോഹരമായ ചാരുത പകരുന്നു.
കോമൺ ബാൻഡഡിന്റെ വഴിയേ...
ഇന്ത്യ, ആസ്ട്രേലിയ, പാപുവ ന്യൂ ഗിനി, ജപ്പാൻ, മലേഷ്യ തുടങ്ങിയ സ്ഥലങ്ങളിൽ മാത്രം ധാരാളമായി കാണപ്പെടുന്ന ചിത്രശലഭമാണ് കോമൺ ബാൻഡഡ് ഔൾ. എന്നാൽ, ഇവ ഗൾഫ് രാജ്യങ്ങളിലോ യൂറൊപ്പിലോ ആഫ്രിക്കയിലോ പശ്ചിമ ദേശങ്ങളിൽ ഒന്നിൽ പോലുമോ കണ്ടെത്തിയിരുന്നില്ല. രണ്ടു ചിറകുകളും വിരിച്ചു വച്ചാൽ നാല് മുതൽ അഞ്ചു സെൻറ്റിമീറ്റർ മാത്രം വലിപ്പത്തിൽ തവിട്ട് നിറമുള്ള ഈ ശലഭങ്ങളെ കണ്ടാൽ നിശാശലഭങ്ങൾ ആണെന്ന് തെറ്റിദ്ധരിച്ചു പോകും.
ഇവനെ കണ്ടെത്തിയതിനെ കുറിച്ച് കിരൺ പറയുന്നു-‘‘കഴിഞ്ഞ ഏപ്രിലിൽ അബൂദബിയിലെ റിക്രിയേഷൻ പാർക്കിൽ സൂഷ്മ ജീവികളെ തിരഞ്ഞ് നടക്കുന്നതിനിടെയാണ് നിശാശലഭത്തെ പോലെയൊരെണ്ണം പൂക്കളിൽ നിന്ന് പൂക്കളിലേക്ക് പറക്കുന്നത് കണ്ടത്. സമയം പാഴാക്കാതെ കയ്യിലെ മൊബൈലിൽ രണ്ട് ചിത്രങ്ങളെടുത്തപ്പോഴേക്കും ശലഭം മേലേക്ക് പറന്ന് അപ്രത്യക്ഷമായി. മേഖലയിലെ ഒരുവിധം പ്രാണികളെയും ശലഭങ്ങളെയും അറിയാമെങ്കിലും ഇതുപോലൊന്നിനെ മുൻപ് കണ്ടിട്ടില്ല. മൊബൈലിലെ ചിത്രമെടുത്ത് വിശദമായി നോക്കിയപ്പോഴാണ് ഇത് ‘കോമൺ ബാൻഡഡ് ഔളാണെന്ന്’ തിരിച്ചറിഞ്ഞത്. രാജ്യാതിർത്തികൾ കടന്ന് ഇത് എങ്ങിനെയാണ് യു.എ.ഇയിലെത്തിയതെന്ന് പിടികിട്ടിയില്ല. കാർഗോയിൽ പറ്റിപ്പിടിച്ചിരുന്നോ ചെടികളിലൂടെയോ ആവാം ഇവന്റെ വരവ്.
ഈ വിഷയത്തിൽ പ്രഗത്ഭനായ മലയാളി സുഹൃത്ത് ബിനീഷ് റൂബാസിന് ഈ ചിത്രങ്ങൾ അയച്ചുകൊടുത്തു. അറേബ്യൻ പെനിൻസുലയിൽ ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത ശലഭമാണിതെന്നും വിടാതെ പിന്തുടരണമെന്നുമായിരുന്നു ബിനീഷിന്റെ ഉപദേശം. ജനുവരിയിൽ യു.കെ സ്വദേശിയായ ആഞ്ജലിയ മന്തോർഫിന് ദുബൈയിൽ നിന്ന് ഇതേ ശലഭത്തിന്റെ ഒരു ചിത്രം കിട്ടിയിരുന്നു. മേഖലയിലേക്ക് പുതിയൊരു സ്പീഷീസ് റേഞ്ച് എക്സ്റ്റൻഷൻ നടത്തുന്നതിന്റെ പ്രാഥമിക സൂചനകളായിരുന്നു ഇത്. അബൂദബി എൻവിയോൺമെന്റ് ഏജൻസിയിലെ എന്റമോളജിസ്റ്റ് ഡോ. അനിതയും കോമൺ ബാൻഡഡ് ഔൾ യു.എ.ഇയിൽ ഇതിന് മുൻപ് റെക്കോർഡ് ചെയ്യപ്പെട്ടിട്ടില്ല എന്ന് ഉറപ്പ് പറഞ്ഞു.
ഈ ചിത്രശലഭം ഇവിടെ സ്വാഭാവികമായി ബ്രീഡ് ചെയ്യുകയും ഇവിടുത്തെ പരിസ്ഥിതിയുമായി പരുവപ്പെടുകയും ചെയ്യുന്നുണ്ട് എന്ന് തെളിയണമെന്നതായിരുന്നു അടുത്ത വെല്ലുവിളി. ഒരു ചിത്രം കൊണ്ടു മാത്രം ഒന്നും തെളിയിക്കാൻ കഴിയില്ല. ആദ്യം ‘ഹോസ്റ്റ് പ്ലാന്റ്’ കണ്ടു പിടിക്കണം. നമ്മുടെ നാട്ടിൽ ‘ഉങ്ങ്’ എന്ന് വിളിക്കുന്ന മിലേഷ്യ പിനാറ്റയുടെ ഇലകൾ ഈ ശലഭലാർവയുടെ പ്രിയ ഭക്ഷണമാണ്. പിന്നീട് രണ്ടു ദിവസം മിലേഷ്യ പിനാറ്റ ചെടികൾ തിരഞ്ഞുള്ള നടപ്പായിരുന്നു. ശലഭത്തിനെ കണ്ട സ്ഥലത്തിന്റെ അടുത്ത് തന്നെ നാല് വലിയ മരങ്ങൾ കണ്ടു പിടിച്ചു. പിറ്റേന്ന് രാവിലെ പോയി മരം സൂഷ്മമായി നിരീക്ഷിച്ചു. ഒന്നും കാണുന്നില്ല. പെട്ടന്ന് ഒരു ‘വാസ്പ്പ്’ (വേട്ടാളൻ) മടങ്ങിയിരിക്കുന്ന ഒരു ഇലയ്ക്ക് ചുറ്റും എന്തോ കാര്യമായി പരതുന്നത് കണ്ടു.
സാധാരണ ശലഭ ലാർവകളെ പിടിക്കാനോ അവയുടെ ശരീരം തുളച്ച് മുട്ടയിടാനോ ആണ് വാസ്പ്പ് ഇങ്ങനെ ചുറ്റി തിരിയുന്നത്. സൂര്യപ്രകാശത്തിന്റെ എതിർ ദിശയിൽ, തളിരിലയുടെ സെമിട്രാൻസ്പരൻസിയിൽ അതിനുള്ളിൽ ഒളിച്ചിരിക്കുന്ന ഒരു പുഴുവിന്റെ നിഴൽ താഴെ നിന്ന് വ്യക്തമായി കണ്ടു. ഒന്നുരണ്ട് ഇലകൾ കൂടി മടങ്ങിയിരിക്കുന്നത് കണ്ടു. വീട്ടിലെത്തി ഇല പരിശോധിച്ചപ്പോൾ നമ്മുടെ താരത്തിന്റെ ലാർവ തന്നെ. ഈ ലാർവ പൂർണ്ണ ആരോഗ്യത്തോടെ പ്യൂപ്പയാകാൻ ഒരുങ്ങുന്നു’’.
ലോകമെമ്പാടും 30 ലക്ഷം അംഗങ്ങളുള്ള ഐ നാച്യുറലിസ്റ്റിൽ (iNaturalist) ഈ ശലഭത്തിന്റെ ഗൾഫിലേക്കുള്ള ഗ്രഹപ്രവേശനം രേഖപ്പെടുത്തിയിരിക്കുന്നത് കിരണിന്റെ അക്കൗണ്ടിലാണ്. അബൂദബി എൻവിയോണ്മെന്റൽ ഏജൻസി കിരണിന്റെ കണ്ടെത്തലിനെ അംഗീകരിക്കുകയും ശലഭത്തിലൊന്നിനെ എൻവിയോണ്മെന്റൽ ഏജൻസിയുടെ എന്റമോളജി കലക്ഷനിൽ പ്രദർശിപ്പിക്കുകയും രാഷ്ട്രത്തിന്റെ ഔദ്യോഗിക ജൈവ രജിസ്റ്ററിൽ കിരൺ കണ്ടെത്തിയ ശാലഭത്തിന്റെ പേര് ഉൾച്ചേർക്കുകയും ചെയ്തു കഴിഞ്ഞു. കാലമെത്ര കഴിഞ്ഞാലും കോമൺ ബാൻഡഡ് ഔൾ എന്ന പേരിൽ അറിയപ്പെടുന്ന Hasora Chromus എന്ന ശലഭത്തിന്റെ അറേബ്യൻ പെനിസുലയിലെ ബ്രീഡിങ്ങ് രേഖപ്പെടുത്തിയതിന്റെ ചരിത്രം കിരണിന്റെ പേരിലായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.