മക്കയിലേക്കുള്ള പാതയിൽ കർണാടകയിൽനിന്നൊരു യുവാവ്
text_fieldsറിയാദ്: ഉമ്മയുടെ ആഗ്രഹമായിരുന്നു, മകൻ മക്കയിലെത്തി ഉംറയും ഹജ്ജും നിർവഹിക്കണം. കഷ്ടതകളും വൈഷമ്യങ്ങളും താണ്ടി കാൽനടയായി തന്നെ പോയി നിർവഹിക്കണം. കേട്ടപ്പോൾ യുവത്വത്തിന്റെ പ്രസരിപ്പിലായ മകനും മറ്റൊരഭിപ്രായമുണ്ടായില്ല. പുണ്യഭൂമിയിലേക്ക് നടക്കണമെന്നത് അവന്റെയും അഭിലാഷമായിരുന്നു.
ഉമ്മയുടെ ആഗ്രഹവുമറിഞ്ഞപ്പോൾ സന്തോഷവും ആവേശവുമായി. പിന്നെ വൈകാതെ ദൃഢനിശ്ചയമെടുത്തു, ആയിരം കാതങ്ങൾ താണ്ടി വൈതരണികൾ കടന്ന് പുണ്യഭൂമിയിലെത്തി ഹജ്ജും ഉംറയും നിർവഹിച്ച് തനിക്കും ഉമ്മക്കും വേണ്ടി തീർഥാടന പുണ്യം നേടും. ദൃഢനിശ്ചയത്തിന്റെ ബലത്തിൽ നടത്തം തുടങ്ങിയിട്ട് ഒരു വർഷമാകുന്നു.
നൗഷാദ് എന്നാണ് ആ മകന്റെ പേര്. ഇപ്പോൾ വയസ്സ് 25. കർണാടക സ്വദേശിയാണ്. ഉമ്മ നഫീസയുടെ പ്രാർഥന ഊർജമാക്കി കഴിഞ്ഞ ജനുവരി 30ന് ദക്ഷിണ കന്നഡയിലെ മംഗളൂരു പുത്തൂർ പെരിയടുക്ക ഉപ്പിനങ്ങാടിയെന്ന സ്വന്തം നാട്ടിൽനിന്ന് നടത്തം ആരംഭിച്ചു. മക്കയിലേക്ക് ആകെയുള്ള 8,000ത്തോളം കിലോമീറ്ററിൽ 6500ഉം പിന്നിട്ട് ഡിസംബർ 21ന് റിയാദിലെത്തി. ഇനിയുള്ളത് 1500ഓളം കിലോമീറ്ററാണ്. വലിയ കടമ്പകൾ നിയമ രൂപത്തിൽ മുന്നിൽ നിൽക്കുന്നു. അത് മറികടക്കാനാവില്ലേ എന്ന ആശങ്കയാണ് അലട്ടുന്നത്.
രണ്ടുവർഷം മുമ്പ് ഇതുപോലൊരു ശ്രമം പരാജയപ്പെട്ടിരുന്നു. 2021 ആഗസ്റ്റിൽ യാത്ര പുറപ്പെട്ടു. മൂന്നരമാസം കൊണ്ട് നടന്ന് കശ്മീരിലെത്തി. അവിടെ തടസ്സമായത് പാകിസ്താനിലേക്കുള്ള വിസയായിരുന്നു. രണ്ടുമാസം അവിടെ തങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം. ഡിസംബറിൽ തിരിച്ചുപോന്നു.
മലയാളിയായ ശിഹാബ് ചോറ്റൂരിന്റെ ഹജ്ജ് യാത്രയെ കുറിച്ച് അറിഞ്ഞത്. അടുത്ത യാത്രക്കുള്ള പ്രേരണയായി. 2023 ജനുവരി 30ന് യാത്ര പുറപ്പെട്ട് ജൂലൈയിൽ ഡൽഹിയിലെ പാക്സിതാൻ എംബസിയിലെത്തി. രണ്ടര മാസം കൊണ്ട് വിസ കിട്ടി. പഞ്ചാബിലൂടെ വാഗ അതിർത്തി വഴി ഓക്ടോബറിൽ പാകിസ്താനിലേക്ക്. മൂന്നു ദിവസ വിസയാണ് നൽകിയത്. ആ സമയത്തിനുള്ളിൽ രാജ്യാതിർത്തി കടക്കെമന്ന കാരണം കൊണ്ട് ലാഹോറിൽനിന്ന് വിമാനത്തിൽ മസ്കത്തിലാണ് ഇറങ്ങിയത്.കാൽനടയായി ഹത്ത അതിർത്തിയിലൂടെ യു.എ.ഇയിലേക്ക് അവിടെ എല്ലാ എമിറേറ്റുകളിലും പോയി. ശേഷം ഡിസംബർ എട്ടിന് ബത്ഹ അതിർത്തി വഴി സൗദി അറേബ്യയിലേക്കെത്തി. തുടർന്ന് അൽഅഹ്സ വഴി ഡിസംബർ 21ന് റിയാദിലെത്തി.
ഇവിടെ നേരിടുന്ന പ്രതിസന്ധി ഹജ്ജിനുള്ള അനുമതിയാണ്. ഇപ്പോൾ സൗദിയിലെത്തിയിരിക്കുന്നത് മൂന്നുമാസ കാലാവധിയുള്ള ഉംറ വിസയിലാണ്. മക്കയിലെത്തി ഉംറ നിർവഹിക്കാനാവും. എന്നാൽ, ഹജ്ജിനുള്ള അനുമതി കിട്ടുമോ എന്നത് ചെറുതല്ലാത്ത പ്രതിസന്ധിയാണ്. കൂടാതെ സൗദി യാത്ര തുടരണമെങ്കിൽ പൊലീസ് സുരക്ഷ ഉറപ്പുവരുത്തണം. അവരുടെ അനുമതി പത്രം (തസ്രീഹ്) വേണം. അൽഅഹ്സയിൽനിന്ന് റിയാദിലേക്കുള്ള വഴിമധ്യേ പൊലീസ് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.
റിയാദിലേക്ക് കടക്കുന്നതിന് മുമ്പ് 40 കി.മീ. പൊലീസ് എസ്കോർട്ട് നൽകിയിരുന്നു. ഹജ്ജ് അനുമതിക്കും പൊലീസ് സുരക്ഷക്കും വേണ്ടി ഇന്ത്യൻ എംബസി വഴി റിയാദ് ഗവർണറേറ്റിലും പൊലീസ് മേധാവിക്കും അപേക്ഷ നൽകിയിട്ടുണ്ട്. യാത്രയുടെ തുടക്കത്തിൽതന്നെ കർണാടക സ്പീക്കർ യു.ടി. ഖാദറിന്റെ പിന്തുണ ലഭിച്ചിരുന്നു.
റിയാദിൽ കർണാടക എൻ.ആർ.ഐ ഫോറം പ്രസിഡൻറ് സന്തോഷ് ഷെട്ടി താമസമൊരുക്കി ഒപ്പമുണ്ട്. ശിഹാബ് കൊട്ടുകാട്, അഷ്റഫ്, ലൈജു, സൽമാൻ നൂർ, പ്രസന്ന റാവു, മുഹമ്മദ് സമീഉദ്ദീൻ, മുഹമ്മദ് ഷാഹിദ് ഉൾപ്പെടെയുള്ള സാമൂഹികപ്രവർത്തകരും സൗദി അറേബ്യൻ തെലുങ്ക് അസോസിയേഷൻ, കർണാടക കൾച്ചറൽ ഫൗണ്ടേഷൻ, ഐ.സി.എഫ് തുടങ്ങിയ സംഘടനകളും പിന്തുണയുമായി ഒപ്പമുണ്ട്. കഴിഞ്ഞദിവസം റിയാദിലെ ഇന്ത്യൻ എംബസി സന്ദർശിച്ചിരുന്നു. സാമൂഹികക്ഷേമ വിഭാഗം മേധാവി മോയിൻ അക്തറിന്റെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണമാണ് ലഭിച്ചത്.
വൈകാതെ റിയാദിൽനിന്ന് ബുറൈദ വഴി മദീന സന്ദർശനം പൂർത്തിയാക്കി മക്കയിലെത്തി ഉംറ നിർവഹിക്കും. അപ്പോഴേക്കും ഹജ്ജിനുള്ള അനുമതി തീരുമാനമാകുമെന്നാണ് പ്രതീക്ഷ. ഇതിനിടെ ഒരു ദുരനുഭവം നേരിട്ടു. റിയാദിലെത്തിയ ശേഷം ആദ്യം താമസിച്ചത് മലസിലുള്ള നാട്ടുകാരൻ റഊഫിന്റെ മുറിയിലാണ്. രാത്രി പള്ളിയിൽ പോയി വരുമ്പോൾ സ്കൂട്ടറിലെത്തിയ അജ്ഞാതസംഘം രണ്ട് ഫോണുകളും 2,000 റിയാലും പിടിച്ചുപറിച്ചു. റിയാദിലുള്ളവർ സഹായിച്ചത് കൊണ്ട് പുതിയ ഫോൺ വാങ്ങാനായി. നൗഷാദ് മംഗളൂരുവിൽ ഒരു ഗിഫ്റ്റ് ഷോപ്പ് നടത്തുകയാണ്. അനുജനെ ഏൽപിച്ചിട്ടാണ് യാത്രക്കിറങ്ങിയത്. മുഹമ്മദ് എന്നാണ് ഉപ്പയുടെ പേര്. അഞ്ച് സഹോദരങ്ങളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.