പ്രണയിക്കുന്നവർക്കായി പ്രണയ ലേഖനങ്ങൾ എഴുതുന്ന ഒരു യുവാവ്
text_fieldsകൊച്ചി: 'ഏറ്റവും പ്രിയപ്പെട്ടയാൾക്ക് ഒരു പ്രണയലേഖനം നൽകി ഞെട്ടിച്ചാലോ? ലവ് ലെറ്ററുകൾക്ക് 30 ശതമാനം വിലക്കിഴിവ്' വാലന്‍റൈൻ ദിനത്തോട് അനുബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ കണ്ട ഒരു പോസ്റ്റാണിത്. പ്രണയലേഖനങ്ങൾ വിൽപനക്കോ? എന്താ അത്ഭുതം തോന്നുന്നോ? എന്നാൽ, കേട്ടത് സത്യമാണ്.
കോർപറേറ്റ് പബ്ലിക് റിലേഷൻസ് സ്പെഷ്യലിസ്റ്റായിരുന്ന ഉമർ ഫാറൂഖ് എന്ന പെരുമ്പാവൂർ സ്വദേശിയാണ് ഏറെ വ്യത്യസ്തമായ പോസ്റ്റിലൂടെ ശ്രദ്ധേയനാകുന്നത്. തമാശക്ക് തുടങ്ങിയ ലവ് ലെറ്റർ എഴുത്തും മറ്റ് കണ്ടന്‍റ് റൈറ്റിങ്ങും വരുമാന മാർഗമാക്കിയിരിക്കുകയാണ് മാധ്യമപ്രവർത്തകൻ കൂടിയായിരുന്ന ഈ യുവാവ്. പ്രണയിക്കുന്നവർക്ക് വേണ്ടി പ്രണയ ലേഖനങ്ങൾ എഴുതിക്കൊണ്ടേയിരിക്കുകയാണ് എഴുത്തിനോടുള്ള താൽപര്യത്തെ തുടർന്ന് ജോലി രാജിവെച്ച് കണ്ടന്‍റ് റൈറ്റിങ് മേഖലയിലേക്ക് എത്തിയ ഉമർ.
ഇതിനോടകം നിരവധി ലവ് ലെറ്ററുകളാണ് വിവിധ 'കസ്റ്റമേഴ്സിനായി' എഴുതി നൽകിയിട്ടുള്ളത്. ഒരു സുഹൃത്തിന് വേണ്ടി എഴുതിയ പ്രണയ ലേഖനത്തിന് നല്ല അഭിപ്രായം ലഭിച്ചതോടെയാണ് കൂടുതൽ കത്തുകൾ തയാറാക്കാൻ തുടങ്ങിയത്. ലോകപ്രശസ്ത സാഹിത്യകാരനായ ഖലീൽ ജിബ്രാൻ തന്‍റെ കൂട്ടുകാരിയായ മേരി ഹസ്കലിന് അയച്ച കത്തുകളാണ് പ്രണയ ലേഖനങ്ങൾ എഴുതാൻ പ്രേരിപ്പിച്ചതെന്ന് ഉമർ പറയുന്നു.
വർഷങ്ങൾക്ക് മുൻപ് വരെ പ്രണയ ലേഖനങ്ങൾ കൈമാറുന്നത് പ്രണയ ജോടികൾക്കിടയിലെ സാധാരണ സംഭവമായിരുന്നു. ഉള്ളുതുറന്ന് എഴുതിയ കത്ത് പത്മരാജന്‍റെ ലോലയിലോ ബഷീറിന്‍റെ പ്രേമലേഖനത്തിലോ മാധവിക്കുട്ടിയുടെ പുസ്തകങ്ങളിലോ മറ്റോ ഒളിപ്പിച്ച് നൽകുന്ന സീനുകൾ സിനിമകളിലെ സ്ഥിരമായിരുന്നു. ഡിജിറ്റൽ യുഗത്തിലേക്ക് കടന്നതോടെ വാട്ട്സ്ആപ്പിലെയും ഇൻസ്റ്റഗ്രാമിലെയുമെല്ലാം ചെറിയ സന്ദേശങ്ങൾക്ക് വഴിമാറിയെങ്കിലും ഇപ്പോഴും പ്രണയം പൂത്തുലയുന്ന കത്തുകളും കുറിപ്പുകളും ഇഷ്ടപ്പെടുന്നവരാണ് മിക്കവരും. ഈ പ്രണയ ദിനത്തിൽ പങ്കാളിക്ക് ഏറ്റവും മികച്ച സമ്മാനമാകും ഇത്തരത്തിലുള്ള കത്തുകൾ. എഴുതാൻ അറിയാത്തവർക്കും അതിന് കഴിയാത്തവർക്കും ചെറിയ ഫീസ് വാങ്ങി സഹായം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഉമർ ഈ സംരഭത്തിന് തുടക്കമിട്ടത്.
കോർപറേറ്റ് പബ്ലിക് റിലേഷൻസ് സ്പെഷ്യലിസ്റ്റായിരുന്ന ഉമർ നേരത്തെ മാധ്യമം ദിനപത്രം, റിപ്പോർട്ടർ ടി.വി തുടങ്ങിയ സ്ഥാപനങ്ങളിൽ മാധ്യമപ്രവർത്തകനായിരുന്നു. ക്രിയേറ്റീവ് റൈറ്റിങ്ങിനോടുള്ള താൽപര്യത്തെ തുടർന്നാണ് മികച്ച ശമ്പളം ലഭിച്ചിരുന്ന ജോലി രാജിവെച്ച് 'നറേറ്റീവ് ജേണലിസ്റ്റ്' എന്ന പേരിൽ കണ്ടന്‍റ് റൈറ്റിങ്ങിലേക്ക് തിരിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.