ഔഷധസസ്യങ്ങളുടെ സംരക്ഷകനായി അബ്ദുൽ നാസർ
text_fieldsതാമരശ്ശേരി: ഔഷധസസ്യങ്ങളുടെ ഗുണം അറിഞ്ഞ് അവ സംരക്ഷിച്ച് ആവശ്യക്കാർക്ക് ലഭ്യമാക്കുകയാണ് താമരശ്ശേരി പള്ളിപ്പുറം തുവ്വക്കുന്ന് മേപ്പാട്ട് അബ്ദുൽ നാസർ. ഏത് പുല്ലുകൾക്കിടയിലും ഔഷധസസ്യങ്ങളെ കണ്ടാൽ ഇദ്ദേഹം തിരിച്ചറിയും. 28 വർഷമായി പൂനൂർ ദേശീയ ആയുർവേദിക് ഫാർമസിയുടെ മരുന്ന് ഫാക്ടറിയിൽ ജോലി ചെയ്തുവരുന്ന നാസറിന് ഔഷധസസ്യങ്ങളുമായി ആത്മബന്ധം തന്നെയുണ്ട്.
ഇദ്ദേഹത്തിന്റെ വീടിന്റെ മുറ്റംതന്നെ ഒരു ഔഷധത്തോട്ടമാണ്. എരുക്ക്, നാഗവെറ്റില, ആടലോടകം, കരിനൊച്ചി, വാതംകൊല്ലി, രണ്ടിനം ശങ്കുപുഷ്പം, രണ്ടിനം തുളസി, ഇല കള്ളി, ആവണക്ക്, നീല അമരി, പാൽമുതുക്, ചിറ്റമൃത്, ശതാവരി തുടങ്ങിയ ഔഷധസസ്യങ്ങൾ വീട്ടുവളപ്പിൽ അബ്ദുൽ നാസർ നട്ടുവളർത്തുന്നുണ്ട്.
ആദ്യകാലങ്ങളിൽ ഫാർമസിയിലേക്ക് തറിമരുന്നുകൾ എത്തിച്ചുകൊടുക്കുന്നവരുമായും വൈദ്യന്മാരുമായുള്ള സൗഹൃദമാണ് ഇദ്ദേഹത്തെ ഔഷധസസ്യങ്ങളുടെ ഉറ്റ തോഴനാക്കുന്നത്. ഓരോ ചെടിയുടെയും വിത്തിന്റെയും ഇലകളുടെയും പേരും ഗന്ധവും രൂപവും അതിന്റെ ഗുണവും ദോഷവും പ്രാധാന്യവും നാസർ പഠിച്ചെടുത്തു.
അന്യംനിന്നുപോയിക്കൊണ്ടിരിക്കുന്ന ചെടികളും വിത്തുകളും തന്നാൽ കഴിയുന്ന രീതിയിൽ സംരക്ഷിക്കുന്നതിന്നുള്ള ശ്രമവും അബ്ദുൽ നാസർ നടത്തുന്നുണ്ട്. വീട്ടുപരിസരത്തെ കൃഷിക്കു പുറമെ റോഡരികുകളിലും സുഹൃത്തുക്കളുടെ വീടുകളിലും നാസറിന്റെ ഔഷധസസ്യങ്ങൾ വളരുന്നുണ്ട്.
ആയുർവേദ ചികിത്സക്കും പ്രസവശുശ്രൂഷക്കും ആവശ്യമായ അപൂർവയിനം മരുന്നുകൾ ലഭ്യമാവാതെവരുന്നവർ നാസറിനെ അന്വേഷിച്ച് ദൂരദിക്കുകളിൽനിന്നുപോലും എത്താറുണ്ട്. ആവശ്യക്കാർക്ക് ഔഷധസസ്യങ്ങൾ എത്തിച്ചുനൽകുന്നത് ഒരു ജോലിയായിട്ടല്ലെന്നും ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായിട്ടാണെന്നും നാസർ പറഞ്ഞു.
ഔഷധസസ്യങ്ങളെ കുറിച്ചുള്ള അറിവും പരിചരണവും വരുംതലമുറക്ക് പകർന്നുനൽകാനും ചെടികൾ സംരക്ഷിക്കാനും വളർത്താനും ഉതകുന്ന രീതിയിൽ സംരംഭം തുടങ്ങുന്നതിന് അധികൃതരുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടായാൽ അത് നാടിനുതന്നെ മുതൽക്കൂട്ടാകുമെന്ന് അബ്ദുൽ നാസർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.