അബ്ദുൽ റഷീദിന്‍റെ ബുൾബുൾ വാദ്യ സംഗീതത്തിന് ആറ് പതിറ്റാണ്ട്
text_fieldsമട്ടാഞ്ചേരി: ആറ് പതിറ്റാണ്ടായി ബുൾബുൾ വാദ്യത്തിൽ നാദസാഗരം തീർക്കുകയാണ് മട്ടാഞ്ചേരി സ്വദേശി പി.ബി. അബ്ദുൽ റഷീദ് എന്ന ബുൾബുൾ ബയ്യ. ജപ്പാൻ സംഗീതോപകരണമായ ബുൾബുളിൽ വാദ്യമീട്ടുന്ന അപൂർവം സംഗീതജ്ഞരിലൊരാളാണ് റഷീദ്. മുൻകാലങ്ങളിൽ മാപ്പിളപ്പാട്ട്, ഹിന്ദി ഗാനങ്ങൾ, കവാലി എന്നിവക്ക് ബുൾബുൾ എന്ന വാദ്യോപകരണം ഉപയോഗിച്ചിരുന്നു. ആധുനിക വാദ്യോപകരണങ്ങളുടെ കടന്നുവരവോടെ ബുൾബുൾ ഉപയോഗിക്കുന്നവർ ഇല്ലാതായി.
ബുൾബുൾ നാടുനീങ്ങിയിട്ടും സ്നേഹത്തോടെ ഈ ഉപകരണത്തെ കാത്തുസൂക്ഷിക്കുന്നതിനാലാണ് നാട്ടുകാർ റഷീദിനെ ബുൾബുൾ ബയ്യാ എന്ന് വിളിക്കുന്നത്. മട്ടാഞ്ചേരി ടി.ഡി ഹൈസ്കൂളിൽ എട്ടാം തരത്തിൽ പഠിക്കുമ്പോൾ ക്ലാസിൽ നടന്ന ഒരു പരിപാടിക്ക് സഹപാഠിയായ സുധാകരൻ ബുൾബുൾ കൊണ്ടുവന്നു വാദ്യമീട്ടി. അന്ന് തുടങ്ങിയ പ്രിയമാണ് റഷീദിന് ബുൾബുളിനോട്. കമ്പി പൊട്ടുമെന്ന് ചൂണ്ടിക്കാട്ടി സുധാകരൻ റഷീദിന് ബുൾബുൾ ഉപയോഗിച്ചു നോക്കാൻ നൽകിയില്ല. തുടർന്ന് വീട്ടിൽ സമ്മർദം ചെലുത്തി പിതാവിനെ കൊണ്ട് ഒരു ബുൾബുൾ വാങ്ങിപ്പിച്ചു.
അന്ന് പതിമൂന്ന് രൂപ അമ്പത് പൈസയായിരുന്നു വില. സ്വന്തമായി വാങ്ങിയ ബുൾബുളിൽ വീണമീട്ടാൻ പഠിച്ചുതുടങ്ങി. ഏതാനും ദിവസങ്ങൾക്കുള്ളിൽ ആശാനില്ലാതെ തന്നെ ബുൾബുളിൽ വാദ്യമീട്ടാൻ റഷീദ് പഠിച്ചു. 'കായലരികത്ത് വലയെറിഞ്ഞപ്പോൾ' ഗാനമാണ് ആദ്യം ഈണമിട്ടിത്. പിന്നീട് ആശാനില്ലാതെ തന്നെ ഹാർമോണിയവും മൗത്ത് ഓർഗണും പഠിച്ചു. ആറ് പതിറ്റാണ്ടായി ഇവ മൂന്നും കൈകാര്യം ചെയ്തുവരുന്നു 75കാരനായ റഷീദ്. കൊച്ചിയിലെ നൂറുകണക്കിന് മെഹഫിലുകളിലും കല്യാണ വീടുകളിലും ഇതിനകം സംഗീത പരിപാടികളുടെ ഭാഗമായി. ഇതിനിടയിൽ കൊച്ചിയുടെ ജനകീയ ഗായകൻ എച്ച്. മെഹബൂബ്, കേരളത്തിന്‍റെ ഗസൽ ചക്രവർത്തി ഉമ്പായി എന്നിവർക്ക് വേണ്ടിയും ബുൾബുൾ വായിച്ചു.
സംഗീതവുമായി നടക്കുമ്പോൾ ഉപജീവനത്തിനായി പ്യൂൺ, ചരക്ക് ലോറികളുടെ ബ്രോക്കർ, പെയിന്‍റർ തുടങ്ങിയ ജോലികളും ചെയ്തിരുന്നു. ഇപ്പോൾ ശാരീരിക അവശതകൾ മൂലം ബുദ്ധിമുട്ടുമ്പോഴും ഇടക്കിടെ ബുൾബുളും ഹാർമോണിയവും മൗത്ത് ഓർഗനും വായിക്കും. സ്വന്തമായി ഒരു ബുൾബുളും അദ്ദേഹം നിർമിച്ചിട്ടുണ്ട്. മട്ടാഞ്ചേരി മാർത്താണ്ഡം പറമ്പിൽ കൊളുത്തുമൂട്ടിൽ ഹൗസിൽ താമസിക്കുന്ന റഷീദിന് സംഗീതം ഇന്നും ഹരമാണ്. റുഖിയയാണ് ഭാര്യ. ഫക്രുദ്ദീൻ, ഷീബ എന്നിവർ മക്കളും ഫരീദ, റഫീഖ് എന്നിവർ മരുമക്കളുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.