ക്ഷേത്രോത്സവങ്ങൾക്ക് പ്രഭ പകരാൻ അബ്ദുൽ സത്താറിന്റെ പെട്രോമാക്സുകൾ
text_fieldsവടവന്നൂർ: അരനൂറ്റാണ്ടായി വിവിധ ക്ഷേത്രോത്സവങ്ങൾക്ക് വെളിച്ചം പകർന്ന് എ. അബ്ദുൽ സത്താർ. നിലവിൽ ചിറ്റൂർ താലൂക്കിൽ കൊങ്ങൻപട, നന്മാറ വേല, കൊല്ലങ്കോട് ആറാട്ട്, തത്തമംഗലം അങ്ങാടി വേല, ദേശവിളക്കുകൾ, വടവന്നൂർ കുമ്മാട്ടി തുടങ്ങിയ വലിയ ഉത്സവങ്ങൾ മുതൽ ചെറിയ ദേശങ്ങളിലെ പൊങ്കൽ ഉത്സവങ്ങൾക്ക് വരെ അബ്ദുൽ സത്താറിന്റെ പെട്രോമാക്സാണ് വെളിച്ചം പകരുന്നത്.
വടവന്നൂർ കുളക്കുഴി എ.എസ്.ആർ മൻസിലിലെ ഈ 72 കാരൻ 17 വയസിനു മുമ്പേ വടവന്നൂരിൽ സൈക്കിൾ റിപ്പയറിങ് ഷോപ് തുടങ്ങിയതാണ്. ഇതിനിടെ നെന്മാറയിൽ അഗ്നിബാധയിൽ നശിച്ച കടയിലെ പെട്രോമാക്സ് സമീപത്തെ മാലിന്യക്കൂനയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ഇദ്ദേഹം കത്തിക്കരിഞ്ഞ പെട്രോമാക്സ് കടയിലെത്തിച്ച് അറിയുന്ന രീതിയിൽ അറ്റകുറ്റപ്പണി നടത്തി നിറം നൽകി കടയിൽ തൂക്കിയിട്ടു.
തുടർന്നാണ് സമീപത്തെ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടക്കുന്ന പൊറാട്ടുനാടക വേദിയിലേക്ക് പെട്രോമാക്സ് വേണമെന്ന ആവശ്യവുമായി ക്ഷേത്ര കമ്മിറ്റി വരുന്നത്. സൗണ്ട്, ലൈറ്റ് എന്നിവ വാടകക്ക് നൽകിയിരുന്ന അബ്ദുൽ സത്താർ ആദ്യമായി പെട്രോമാക്സും വാടകക്ക് നൽകി. തുടർന്ന് വിവിധ ഉത്സവങ്ങളിലേക്ക് ഓർഡറുകൾ എത്തിത്തുടങ്ങി. വടവന്നൂരിലും കൊല്ലങ്കോട്ടും ആവശ്യക്കാർ വർധിച്ചു. ക്രമേണ സൈക്കിൾ റിപ്പയറിങ് കുറയുകയും പെട്രോമാക്സുകൾ മാത്രമുള്ള കടയായി മാറുകയും ചെയ്തു.
തുടക്കകാലത്ത് പെട്രോമാക്സ് ഒരു ദിവസവാടക 10-13 രൂപയായിരുന്നു. നിലവിൽ പെട്രോമാക്സ് മാറി വാതക വിളക്കുകളും എൽ.ഇ.ഡി വിളക്കുകളും കടയിൽ ഇടം പിടിച്ചു. 1400-1500 രൂപയാണ് വാതക-എൽ.ഇ.ഡി വിളക്കിന് വാടക. വർഷത്തിൽ മൂന്നു മാസം മാത്രമാണ് ക്ഷേത്രോത്സവങ്ങൾക്ക് വിളക്കിന് ആവശ്യക്കാർ ഉണ്ടാകുന്നത്.
ആദ്യകാലത്തേക്കാൾ ഇത്തവണ തെരുവ് വിളക്കുകളും ഉത്സവ അലങ്കാര വിളക്കുകളും വർധിച്ചതിനാൽ തൂക്കിയെടുത്ത് പോകുന്ന വിളക്കുകൾക്ക് ഡിമാൻഡ് കുറഞ്ഞിട്ടുണ്ട്. എങ്കിലും ആന എഴുന്നള്ളത്ത് മുതൽ പൊങ്കൽ ഉത്സവത്തിലെ മാവിളക്ക് താലപ്പൊലി പ്രയാണം വരെ അബ്ദുൽ സത്താറിന്റെ വിളക്കുകൾ പ്രകാശം ചൊരിയുന്ന ഉത്സവങ്ങൾ ഇപ്പാഴും ചിറ്റൂർ താലൂക്കിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.