‘അബ്ദുറഹ്മാൻ തുറക്കൽ’ എന്ന ബൈലൈൻ നാട്ടിലേക്ക്
text_fieldsജിദ്ദ: സർക്കാർ അറിയിപ്പുകളുൾപ്പെടെ അറിയേണ്ടതായ മുഴുവൻ വിവരങ്ങളും മലയാളി വായനക്കാർക്കായി കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി എഴുതിക്കൊണ്ടിരുന്ന അബ്ദുറഹ്മാൻ തുറക്കൽ എന്ന ബൈലൈൻ ഇനി നാട്ടിൽ. മാധ്യമ, കലാ, വൈജ്ഞാനിക രംഗങ്ങളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച മൂന്നു പതിറ്റാണ്ടത്തെ പ്രവാസം അവസാനിപ്പിച്ചാണ് ഗ്രന്ഥകാരനും ഗാനരചയിതാവും വിവർത്തകനും കൂടിയായ അദ്ദേഹം മടങ്ങുന്നത്.
കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽനിന്ന് അഫ്ദലുൽ ഉലമ ബിരുദം നേടിയശേഷം റിയാദ് കിങ് സഊദ് യൂനിവേഴ്സിറ്റിയിൽ ഉപരിപഠനത്തിനായാണ് സൗദിയിലേക്ക് ആദ്യമായെത്തുന്നത്. പഠന ശേഷം 1993ൽ ജിദ്ദയിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായി. ആദ്യകാലത്ത് പല കമ്പനികളിലായി ജോലി ചെയ്തെങ്കിലും കഴിഞ്ഞ 23 വർഷമായി ഒരൊറ്റ സ്വകാര്യ കമ്പനിയിൽ സെക്രട്ടറിയായി ജോലി ചെയ്തുവരികയായിരുന്നു.
1999 മുതൽ ‘ഗൾഫ് മാധ്യമം’ പ്രസിദ്ധീകരണമാരംഭിച്ചത് മുതൽ വാർത്താവിഭാഗത്തിന്റെ ജീവനാഡികളിലൊന്നായി മാറുകയായിരുന്നു അബ്ദുറഹ്മാൻ തുറക്കൽ. സൗദിയിലെ ഭരണകർത്താക്കളുമായി ബന്ധപ്പെട്ട വിവരങ്ങളും രാജ്യത്ത് കുതിക്കുന്ന വികസനങ്ങളും മാറ്റങ്ങളുമെല്ലാം ‘ഗൾഫ് മാധ്യമ’ത്തിലൂടെ മലയാളികളെ അറിയിച്ചിരുന്നതിൽ ഈ ബൈലൈൻ മുന്നിലാണ്. നിലവിലെ സൗകര്യങ്ങളൊന്നും ഇല്ലാത്ത കാലത്തും പ്രവാസികളുമായി ബന്ധപ്പെട്ട സർക്കാർ തീരുമാനങ്ങൾ സംബന്ധിച്ച വാർത്തകൾ പ്രവാസികൾക്കും നാട്ടിലുള്ളവർക്കും ഏറെ ഗുണകരമായിട്ടുണ്ട്.
കഴിഞ്ഞ കുറച്ചുകാലമായി ഹജ്ജ്, ഉംറ വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ അവസരം ലഭിച്ചതും അബ്ദുറഹ്മാൻ തുറക്കലിനായിരുന്നു. സൗദിയിലെ വിവിധ അന്താരാഷ്ട്ര സമ്മേളനങ്ങളും ഭരണരംഗത്തെ മാറ്റങ്ങളും ഹജ്ജ് സംബന്ധമായ വിവരങ്ങളുമെല്ലാം മലയാളികൾക്ക് എത്തിക്കാൻ അവസരം ലഭിച്ചത് ഒരു മഹാഭാഗ്യമായി കാണുന്നതായി അദ്ദേഹം പറഞ്ഞു.
മാധ്യമ പ്രവർത്തനത്തോടൊപ്പം ആനുകാലികങ്ങളിൽ നിരവധി ലേഖനങ്ങളെഴുതിയും ഗ്രന്ഥരചനയിലും ഗാനരചനാ രംഗത്തുമെല്ലാം അബ്ദുറഹ്മാൻ തുറക്കൽ തന്റേതായ കൈയൊപ്പ് ചാർത്തിയിട്ടുണ്ട്. നാലു പുസ്തകങ്ങൾ സ്വന്തമായും മൂന്നു വിവർത്തനങ്ങളും ഉൾപ്പെടെ ഏഴു പുസ്തകങ്ങളാണ് പ്രവാസത്തിനിടയിൽ മലയാളികൾക്കായി ഇദ്ദേഹത്തിന്റെ സംഭാവന. ‘ഹിജ്റ; ചരിത്രവും പാഠവും’, ‘പ്രവാചക സ്നേഹം ഖുർആനിലും സുന്നത്തിലും’ എന്നീ സ്വന്തം കൃതികളും ഡോ. യൂസുഫ് അൽ ഖറദാവിയുടെ ‘സമയം വിശ്വാസിയുടെ ജീവിതത്തിൽ’, ‘ഇസ്ലാമും കലയും’ എന്നീ പുസ്തകങ്ങളുടെ വിവർത്തനവും കേരളത്തിലെ പ്രമുഖ ഇസ്ലാമിക പ്രസാധനാലയമായ ഐ.പി.എച്ച് ആണ് പുറത്തിറക്കിയത്.
‘മക്കഹറം: ചരിത്രവും വർത്തമാനവും’ (സ്പെൽ ബുക്സ്), ‘കരുണാവാൻ നബിമുത്ത് രത്നം’ (മൺസുൺ വൈബ്സ് പബ്ലിക) എന്നിങ്ങനെ സ്വന്തം രചനകളിലുള്ള പുസ്തകങ്ങളും ഡോ. ആഇശ അബ്ദുറഹ്മാന്റെ (ബിൻത് ശാത്വിഅ്) ‘പ്രവാചക പുത്രിമാർ’ എന്ന കൃതിയും (വിചാരം ബുക്സ്) പുറത്തിറക്കി. ചില പുസ്തകങ്ങൾ പണിപ്പുരയിലാണ്. ഇസ്ലാമിക സാഹിത്യത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് ‘തനിമ ജിദ്ദ’യുടെ ആദരവ് ലഭിച്ചിട്ടുണ്ട്.
ഗാനരചനയിലും സർഗവൈഭവം തെളിയിച്ച അദ്ദേഹം ‘ബീവി’, ‘ഖലീഫ ഉമർ’, ‘ഹറം കാഴ്ച’, ‘സ്വർഗം’, ‘മാതൃകയായ മുത്ത് റസൂൽ’, ‘ഓർക്കുന്നു ഞാൻ’ എന്നീ സംഗീത ആൽബങ്ങളും പുറത്തിറക്കി.
ജിദ്ദയിലെ സാമൂഹിക, സാംസ്കാരിക, മാധ്യമ മേഖലയിൽ പ്രവർത്തിക്കുന്ന അദ്ദേഹം നിലവിൽ അക്ഷരം വായനാവേദി എക്സിക്യൂട്ടിവ് അംഗമാണ്. ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം ജോയൻറ് സെക്രട്ടറി, തനിമ സാംസ്കാരിക വേദി ജിദ്ദ സൗത്ത് സോൺ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം, ദീർഘകാലം ജിദ്ദ തുറക്കൽ മഹല്ല് റിലീഫ് കമ്മിറ്റി സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു. മലപ്പുറം കൊണ്ടോട്ടിക്കടുത്ത് തുറക്കലാണ് സ്വദേശം.
പരേതരായ കരിമ്പുലാക്കൽ വീരാൻകുട്ടി, പുഴക്കലകത്ത് ഉമ്മാച്ചുട്ടി എന്നിവരുടെ മകനാണ്. ഭാര്യ: സി.കെ. നജ്മ, മക്കൾ: ഡോ. നദാ അമീൻ, പരേതനായ നസീം സബാഹ്, ശഹ്ബാസ്, നൗഫ. തിങ്കളാഴ്ചയാണ് നാട്ടിലേക്ക് തിരിക്കുന്നത്. അബ്ദുറഹ്മാൻ തുറക്കലുമായി 0508246603 എന്ന നമ്പറിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.