ജീവിത പരീക്ഷകളെ അതിജീവിച്ച അഭിജിത്തിന് പത്താം ക്ലാസിലും വിജയം
text_fieldsഅടൂര്‍: എല്ലാ കുട്ടികളും കോവിഡ് കാലത്തെ അതിജീവിച്ച് എസ്.എസ്.എല്‍.സി പരീക്ഷയെഴുതാന്‍ തയാറായപ്പോൾ അഭിജിത്ത് പരീക്ഷയെഴുതാനെത്തിയത് ജീവിതത്തിലെ ദുരിതങ്ങളെയും അതിജീവിച്ചാണ്. ഇലവുംതിട്ട കോട്ടൂര്‍ പാറത്തടത്തില്‍ ബി. സജിയുടെ ഇളയ മകനാണ് അഭിജിത്ത്. അടൂർ മഹാത്മജനസേവന കേന്ദ്രത്തിൽ ഓണ്‍ലൈനിലൂടെയായിരുന്നു അഭിജിത്തിന്‍റെ പഠനം. പിതാവ് സജി തളര്‍വാതം ബാധിച്ച് കിടപ്പിലായതോടെ ഭാര്യയും മൂത്ത രണ്ട് മക്കളും ഉപേക്ഷിച്ചു പോയി. ആകെ തുണയായി ഉണ്ടായിരുന്ന സജിയുടെ മാതാവ് കുഞ്ഞമ്മയും വാര്‍ധക്യസഹജമായ രോഗങ്ങളുടെ പിടിയിലായതോടെ ഇരുവരുടെയും ചുമതല അഭിജിത്തിന് ഏറ്റെടുക്കേണ്ടിവരികയായിരുന്നു.
സ്വന്തമായി വീടില്ലാതിരുന്ന ഇവര്‍ നിരവധി വീടുകളില്‍ വാടകക്ക് മാറി മാറിത്താമസിച്ചു വന്നിരുന്നതാണ്. കോന്നിയില്‍ ഇളകൊള്ളൂരിലും പുളിമുക്കിലുമൊക്കെ താമസിച്ചിരുന്നു. നിത്യ ചെലവിനും ചികിത്സക്കും പണം കണ്ടെത്താന്‍ കഴിയാതായതോടെ വാടകവീടുകള്‍ ഒഴിഞ്ഞ് കൊടുക്കേണ്ടിവന്നു. ഒടുവില്‍ പൂവന്‍പാറയില്‍ ഒരു ടാര്‍പ്പായ ഷെഡിലായിരുന്നു മൂവരും താമസിച്ചിരുന്നത്. നാട്ടുകാരില്‍ പലരും സഹായിച്ചിരുന്നെങ്കിലും ഉപജീവനത്തിനും ചികിത്സക്കും അതൊന്നും മതിയായിരുന്നില്ല. ചുറ്റുപാടും ചെറുചെറു ജോലികള്‍ ചെയ്താണ് പതിനാലുകാരനായ അഭിജിത്ത് അച്ഛനെയും അമ്മൂമ്മയെയും സംരക്ഷിച്ചിരുന്നത്.
ഇതിനിടയില്‍ ഇളകൊള്ളൂര്‍ സെന്‍റ്ജോര്‍ജ് ഹൈസ്‌കൂളില്‍ ഒമ്പതാം ക്ലാസിൽ ചേർന്നെങ്കിലും പഠനം മുടങ്ങിപ്പോയിരുന്നു. എന്നാല്‍, കോവിഡ് വ്യാപനം കൂടിയതോടെ ജോലികള്‍ ലഭിക്കാതെയും സഹായങ്ങള്‍ ഇല്ലാതാവുകയും ചെയ്തതോടെ ഇവര്‍ മുഴുപട്ടിണിയിലായി. സജിയും മാതാവും രോഗാതുരരായി. ഇവരുടെ അവസ്ഥ അറിഞ്ഞെത്തിയ പൊതുപ്രവര്‍ത്തകന്‍ ഷിജോ വകയാറിന്‍റെ സഹായത്തോടെ സജിയെയും മാതാവിനെയും കോന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രി ജീവനക്കാരുടെ സഹായത്താല്‍ ഇവിടെ കഴിയവെയാണ് ഇവരുടെ ദുരിതകഥകള്‍ പുറംലോകം അറിയുന്നത്.
തുടര്‍ന്ന് അന്നത്തെ ജില്ല സാമൂഹിക നീതിവകുപ്പ് ഓഫിസര്‍ ജാഫര്‍ഖാന്‍റെ നിർദേശപ്രകാരം അടൂര്‍ മഹാത്മ ജനസേവനകേന്ദ്രം ചെയര്‍മാന്‍ രാജേഷ് തിരുവല്ല, സെക്രട്ടറി പ്രീഷില്‍ഡ എന്നിവര്‍ ചേര്‍ന്നെത്തി ഫെബ്രുവരി നാലിന് ഇവരുടെ സംരക്ഷണം ഏറ്റെടുത്തു. അഭിജിത്തിന് തുടര്‍ പഠനത്തിന് സാഹചര്യം ഒരുക്കുകയും ചെയ്തു.
ജീവിത പ്രതിസന്ധികളെ മറികടന്ന് എസ്.എസ്.എല്‍.സി പരീക്ഷയിൽ വിജയിയായെത്തിയപ്പോൾ അഭിജിത്തിനെ ചേർത്ത് നിർത്തി സന്തോഷം പങ്കിടാൻ പിതാവ് സജി ഇല്ല. 2021 ഏപ്രില്‍ 13ന് സജി മരിച്ചു. പിതാവിന്‍റെയും മാതാവിന്‍റെയും സ്ഥാനത്ത് ഇന്നുള്ളത് മഹാത്മ ജനസേവന കേന്ദ്രം ചെയര്‍മാന്‍ രാജേഷ് തിരുവല്ലയും സെക്രട്ടറി പ്രീഷില്‍ഡയുമാണ്. ഇളകൊള്ളൂര്‍ സെന്‍റ് ജോര്‍ജ് സ്‌കൂളിലെ അധ്യാപകരുടെയും മഹാത്മയിലെ ജീവനക്കാരുടെയും കഠിനശ്രമം വഴിയാണ് അഭിജിത്തിനെ പരീക്ഷഹാളിലെത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.