ഫോട്ടോഗ്രഫിയെ പ്രണയിച്ച അഭിലാഷ് വിശ്വക്ക് വീണ്ടും ദേശീയ പുരസ്കാരം
text_fieldsപൊന്നാനി: ഫോട്ടോഗ്രഫിയെ പ്രണയിച്ച അഭിലാഷ് വിശ്വക്ക് വീണ്ടും ദേശീയ പുരസ്കാരം. ലെജന്റസ് ഫോട്ടോഗ്രഫി ക്ലബ് നടത്തിയ ദേശീയ ഫോട്ടോഗ്രഫി മത്സരത്തിലാണ് അഭിലാഷ് വിശ്വ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ജീവിതനിയോഗംപോലെ വലിയ അംഗീകാരങ്ങളാണ് ഫോട്ടോഗ്രഫിയിലൂടെ അഭിലാഷ് കരസ്ഥമാക്കുന്നത്. ഓൺലൈനായി നടത്തിയ മത്സരത്തിൽ 265 എൻട്രികളായി ലഭിച്ച 763 ഫോട്ടോകളിൽനിന്നാണ് അഭിലാഷ് വിജയിയായത്.
‘ലൈഫ്’ വിഷയത്തിൽ നടത്തിയ മത്സരത്തിൽ ജീവിത യാഥാർഥ്യം പച്ചയായി തുറന്നുകാണിക്കുന്ന അതിമനോഹര ചിത്രത്തിനാണ് പൊന്നാനി ചെറുവായ്ക്കര സ്വദേശിയായ അഭിലാഷിനെത്തേടി ഒന്നാം സ്ഥാനമെത്തിയത്. രാമേശ്വരം കടപ്പുറത്ത് മത്സ്യം വഹിക്കാനായി ഊഴം കാത്തുനിൽക്കുന്ന കാളയും മത്സ്യം കരയിലെത്തിക്കുന്ന മത്സ്യത്തൊഴിലാളികളുടെയും ജീവിത യാഥാർഥ്യമാണ് അഭിലാഷ് ചിത്രത്തിലൂടെ വരച്ചുകാട്ടിയത്. ജീവിതം മുഴുവൻ കാമറക്കും ഫോട്ടോകൾക്കും മാത്രമായി സമർപ്പിച്ച അഭിലാഷിന് അർഹിക്കുന്ന അംഗീകാരമായിരുന്നു ഒടുവിൽ ലഭിച്ച ദേശീയ പുരസ്കാരം.
ഇതിനകം നാൽപതോളം അന്തർദേശീയ, ദേശീയ, സംസ്ഥാന പുരസ്കാരങ്ങളും ഫോട്ടോഗ്രഫിയിൽ അഭിലാഷിന് ലഭിച്ചിരുന്നു. യാത്രയും ഫോട്ടോഗ്രഫിയും ഏറെ സ്നേഹിക്കുന്ന അഭിലാഷിന്റെ പല ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മാതൃഭൂമി ഫോട്ടോ എഡിറ്ററായ രാജൻ പൊതുവാൾ, ഫോട്ടോ ജേണലിസ്റ്റായ പി. മുസ്തഫ, ആർട്ടിസ്റ്റായ സുധീഷ് കണ്ടമ്പുള്ളി എന്നിവരായിരുന്നു ജൂറി അംഗങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.