സോജുമോൻ പരിശീലിപ്പിച്ച അമ്പതോളം പേർ കാക്കിയണിയും
text_fieldsമണ്ണഞ്ചേരി: 'പ്രയത്നം വെറുതെയായില്ല, സോജുമോൻ പരിശീലിപ്പിച്ച അമ്പതോളം പേർ കാക്കിയണിയു'. തൃശൂർ സിറ്റി പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ അഭിമാനവും ആഹ്ലാദവും പങ്കിട്ട് മണ്ണഞ്ചേരി കാവുങ്കൽ ഗ്രാമവും.
ഗുരുവായൂർ ടെമ്പിൾ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ എൻ.എസ്. സോജുമോന്റെ നേതൃത്വത്തിൽ കുന്നംകുളം പഴഞ്ഞി ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടത്തുന്ന പരിശീലന കേന്ദ്രത്തിൽനിന്ന് കേരള പൊലീസിലേക്കുള്ള പി.എസ്.സിയുടെ കായികക്ഷമത പരീക്ഷ പാസായത് അമ്പതോളം പേർ.
പുലർച്ച അഞ്ചിന് ഗ്രൗണ്ടിലെത്തി, ഏഴുമണി വരെ കായിക പരിശീലനം നൽകുകയും പിന്നീട് സ്റ്റേഷനിൽ ഡ്യൂട്ടിക്ക് ഹാജരാകുകയും ചെയ്യുന്ന സോജുമോനെക്കുറിച്ച് മുമ്പ് തൃശൂർ സിറ്റി പൊലീസ് സമൂഹമാധ്യമങ്ങളിലൂടെ വാർത്ത നൽകിയിരുന്നു. ഇപ്പോൾ പി.എസ്.സി നടത്തിയ എഴുത്തുപരീക്ഷയും കായികക്ഷമത പരീക്ഷയും കടന്ന്, അമ്പതോളം പേരാണ് സോജുമോന്റെ പരിശീലന കേന്ദ്രത്തിൽനിന്ന് റാങ്ക് ലിസ്റ്റിൽ ഇടംപിടിക്കാൻ കാത്തു നിൽക്കുന്നത്. "ഇതൊരു തുടക്കം മാത്രം. പരിശീലനങ്ങളും പഠന ക്ലാസുകളും ഇനിയും ആർജവത്തോടെ തുടരും" സോജുമോന്റെ ദൃഢനിശ്ചയം നിറഞ്ഞ വാക്കുകൾ.
കായിക പരിശീലനം മാത്രമല്ല, പി.എസ്.സി എഴുത്തുപരീക്ഷ എഴുതാൻ സിലബസ് അനുസരിച്ചുള്ള പരിശീലനം, പരീക്ഷാർഥികൾ പാലിക്കേണ്ട മറ്റു നിർദേശങ്ങൾ എല്ലാം ക്രമമായി അടുക്കും ചിട്ടയോടും പകർന്നു നൽകുന്നുണ്ട്. മാത്രമല്ല പണം കൊടുത്ത് പഠിക്കുന്ന ട്രെയിനിങ് സെന്ററിൽനിന്ന് ലഭിക്കാത്ത നിയമ പരിജ്ഞാന ക്ലാസുകളും നൽകുന്നുണ്ട്. പെൺകുട്ടികൾ ഉൾപ്പെടെ ഇരുപത്തിയഞ്ചോളം പേർ ഇതിനോടകം ജോലിയിൽ പ്രവേശിച്ചുകഴിഞ്ഞു. ഇന്ത്യ റിസർവ് ബറ്റാലിയൻ കമാൻഡോ വിഭാഗത്തിലേക്ക് പതിനഞ്ചോളം പേരാണ് യോഗ്യത നേടിയത്.
ഇവരിൽ മുൻ സ്റ്റുഡന്റ് പൊലീസ് കാഡറ്റുകളും ഉൾപ്പെടും. മണ്ണഞ്ചേരി 20ാം വാർഡ് കാവുങ്കൽ ആശാരിപറമ്പിലാണ് സോജുവിന്റെ വീട്. ഭാര്യ: ആഷ. മക്കൾ: ശന്തനു, ശിവദ. കാവുങ്കൽ ഗ്രന്ഥശാല ആൻഡ് വായനശാലയുടെ പ്രസിഡന്റും ഗ്രാമീണ ആർട്സ് ആൻഡ് സ്പോട്സ് ക്ലബിന്റെ ഭാരവാഹിയുമായും പ്രവർത്തിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.