ആദിത്യ എൽ വൺ: സൗരദൗത്യത്തിൽ മാറാക്കരയിലും സന്തോഷം
text_fieldsമലപ്പുറം: സൗരദൗത്യം ആദിത്യ എൽ വൺ വിജയകരമായതിന്റെ സന്തോഷത്തിലാണ് കാടാമ്പുഴ മാറാക്കരയിലെ കുടുംബം. ആദിത്യ ദൗത്യത്തിൽ മലയാളി സാന്നിധ്യമായ പടിഞ്ഞാറ്റേയിൽ ഡോ. ശ്രീജിത്തിന്റെ കുടുംബമാണ് മകന്റെ നേട്ടത്തിൽ സന്തോഷിക്കുന്നത്. ആദിത്യ എൽ വണിലെ പ്രധാന പേലോഡുകളിലൊന്നായ സോളാർ അൾട്രാവയലറ്റ് ഇമേജിങ് ടെലിസ്കോപ് (എസ്.യു.ഐ.ടി) വികസിപ്പിച്ച ശാസ്ത്രജ്ഞരുടെ സംഘത്തിലെ പ്രധാനിയാണ് മലപ്പുറത്തിന്റെ അഭിമാനമായ ശ്രീജിത്ത്.
ആകെ ഏഴ് പേലോഡുകളാണ് ഇതിലുള്ളത്. ലാഗ്റേഞ്ച് (എൽ വൺ) പോയന്റിലെ ഭ്രമണപഥത്തിലൂടെ സൂര്യനെ വലംവെക്കുന്ന സമയത്താണ് എസ്.യു.ഐ.ടിയുടെ ദൗത്യം ആരംഭിക്കുന്നത്. സൂര്യന് ചുറ്റുമുള്ള ഫോട്ടോസ്ഫിയർ, ക്രോമോസ്ഫിയർ, സൂര്യന്റെ ഏറ്റവും പുറംപാളികൾ എന്നിവയാണ് തുടർച്ചയായി എസ്.യു.ഐ.ടി നിരീക്ഷിക്കുന്നത്. 11.50ന് ആന്ധ്ര ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ വിക്ഷേപണം നടക്കുമ്പോൾ ശ്രീജിത്തിന്റെ കുടുംബവും ബന്ധുക്കളും നാട്ടുകാരും ഏറെ സന്തോഷത്തിലായിരുന്നു. ശ്രീജിത്തിന്റെ പിതാവ് പടിഞ്ഞാറ്റേയിൽ കൃഷ്ണനും മാതാവ് ദേവിയും വീട്ടിൽ ടെലിവിഷനിലൂടെയാണ് വിക്ഷേപണം വീക്ഷിച്ചത്.
ഇന്ത്യയുടെ സൗരദൗത്യത്തിനിടെ ഓണമാഘോഷിക്കാൻ ശ്രീജിത്ത് മാറാക്കരയിലെ വീട്ടിലെത്തിയിരുന്നു. ആഗസ്റ്റ് 28ന് ഒന്നാം ഓണത്തിന് ഭാര്യ കാർത്തിയും മകൾ മിഹിരയുമൊപ്പം പിതാവിനെയും മാതാവിനെയും കാണാൻ വീട്ടിലെത്തി. തിരുവോണമാഘോഷിച്ച് 29ന് വൈകീട്ടോടെ തന്നെ ശ്രീഹരിക്കോട്ടയിലേക്ക് തിരിച്ചുപോയി. രാജ്യം കൈവരിച്ച നേട്ടത്തിൽ പങ്കാളിയാകാൻ മകന് കഴിഞ്ഞത് ഏറെ ഭാഗ്യമായി കരുതുന്നുവെന്ന് പിതാവ് കൃഷ്ണൻ പറഞ്ഞു. കൃഷ്ണൻ മാറാക്കര യു.പി സ്കൂളിലെ റിട്ട. പ്രധാനധ്യാപകനാണ്. മാതാവ് ദേവി ഇതേ സ്കൂളിലെ റിട്ട. ഹിന്ദി അധ്യാപികയായിരുന്നു. സജിത്തും രഞ്ജിത്തും സഹോദരങ്ങളാണ്.
പുണെയിലെ ഇന്റർ യൂനിവേഴ്സിറ്റി സെന്റർ ഫോർ അസ്ട്രോണമി ആൻഡ് അസ്ട്രോഫിസിക്സിലെ (ഐ.യു.സി.എ.എ) ശാസ്ത്രജ്ഞരുടെ ഏഴുവർഷത്തെ പരിശ്രമത്തിന്റെ ഫലമായാണ് എസ്.യു.ഐ.ടി വികസിപ്പിച്ചത്. ശ്രീജിത്ത് മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജുക്കേഷനിൽ ജോലി ചെയ്യുന്നതിനോടൊപ്പമാണ് ഐ.യു.സി.എ.എയിൽ ആദിത്യ എൽ വൺ മിഷനിലെ എസ്.യു.ഐ.ടി പേലോഡിൽ പ്രവർത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.