കോടതിമുറ്റത്തെ കുതിരക്കുളമ്പടി
text_fieldsകാറിലും ബൈക്കിലുമൊക്കെ ആളുകൾ യാത്രചെയ്യുമ്പോൾ ഒരു കുതിരയെ സന്തതസഹചാരിയാക്കി താരമാവുകയാണ് ഇവിടെയൊരാൾ. ആലപ്പുഴ ഹരിപ്പാട് ബാർ അസോസിയേഷനിലെ അഭിഭാഷകനായ അഡ്വ. കെ. ശ്രീകുമാറാണ് കുതിരപ്പുറത്തേറി കോടതിയിലെത്തി സഹപ്രവർത്തകരെയും നാട്ടുകാരെയും അത്ഭുതപ്പെടുത്തുന്നത്. മൃഗസ്നേഹിയായ ഈ വക്കീലിന്റെ സ്ഥിര വാഹനമാണ് ഹെന്നിയെന്ന ഈ കുതിര.
ഒരുമിച്ചൊരു സവാരി
ഹരിപ്പാട് കരുവാറ്റ സ്വദേശിയായ അഡ്വ. ശ്രീകുമാർ നാലുവർഷംമുമ്പ് എറണാകുളം പള്ളുരുത്തിക്കടുത്തുള്ള റോയിയെന്ന ട്രെയിനറുടെ ശിക്ഷണത്തിലാണ് കുതിരസവാരി പഠിക്കുന്നത്. പരിശീലനത്തിനായി അന്ന് ഇദ്ദേഹം ഒരു കുതിരയെ വാങ്ങിക്കുകയും ചെയ്തു. സ്വന്തം കുതിരയുമായി നാട്ടിലേക്ക് വരാനിരുന്ന ശ്രീകുമാറിന്റെ മുന്നിൽ പക്ഷേ വില്ലനായി കോവിഡെത്തി. കോവിഡ് വ്യാപനം രൂക്ഷമായതോടെ കുതിരയെ നാട്ടിലേക്ക് കൊണ്ടുവരാൻ സാധിച്ചില്ല. തുടർന്ന് കുതിരയെ വിറ്റു. കോവിഡ് ഒന്നടങ്ങിയപ്പോൾ നാലുവയസ്സുള്ള ‘ഹെന്നി’യെ സ്വന്തമാക്കി. രണ്ടു പെൺമക്കളുള്ള ശ്രീകുമാർ ‘ഹെന്നി’ തന്റെ മൂന്നാമത്തെ പുത്രിയാണെന്ന് പറയുന്നു. ഭാര്യ ബിന്ദുവിന്റെയും മക്കൾ ശ്രീപാർവതിയുടെയും ശ്രീപ്രഭയുടെയും പ്രിയപ്പെട്ടവൾകൂടിയാണ് ഹെന്നി.
എന്നും അഞ്ചു കി.മീറ്റർ ദേശീയപാതയിലൂടെ കുതിരപ്പുറത്ത് സവാരി ചെയ്താണ് ശ്രീകുമാർ കോടതിയിലെത്തുന്നത്. രാവിലെ ശ്രീകുമാറിനൊപ്പമെത്തുന്ന ഹെന്നി അനുസരണയുള്ള കുട്ടിയെ പോലെ കുസൃതി ഒന്നുമില്ലാതെ കോടതി പരിസരത്ത് വൈകുന്നേരം വരെ ശ്രീകുമാറിനായി കാത്തിരിക്കും.
നസീറും ജയനും കൊച്ചുണ്ണിയും
പ്രേംനസീറും ജയനുമൊക്കെ കുതിരപ്പുറത്ത് പോകുന്നത് കാണുമ്പോൾ സവാരി പഠിക്കാൻ അതിയായ ആഗ്രഹമായിരുന്നുവെന്ന് ശ്രീകുമാർ പറയുന്നു. അങ്ങനെയാണ് കുതിരസവാരി പഠിക്കണമെന്ന മോഹം ശ്രീകുമാറിലെത്തുന്നത്. കോടതിയിൽ കുതിരപ്പുറത്ത് വരാനുമുണ്ട് കൃത്യമായ കാരണങ്ങൾ. ‘‘ഹരിപ്പാട് ബാർ അസോസിയേഷന് അടുത്തുള്ള കെട്ടിടത്തിലാണ് കായംകുളം കൊച്ചുണ്ണി ഉൾപ്പെടെയുള്ളവരുടെ വിചാരണ നടന്നിരുന്നത്. കുതിരപ്പട്ടാളത്തിന്റെ അകമ്പടിയോടെയായിരുന്നു ഇത്. കുതിരപ്പട്ടാളം ഈ നാടിന്റെ ശക്തിയായിരുന്നു. ഇതിന്റെയെല്ലാം ഓർമക്കായാണ് കുതിരപ്പുറത്ത് കയറി കോടതിയിൽ പോകുന്നത്’’-ശ്രീകുമാർ പറഞ്ഞു.
ഹെന്നിയെ കൂടാതെ പശു, പട്ടി, പൂച്ച, താറാവ് എന്നിവയെല്ലാം ശ്രീകുമാറിന്റെ വീട്ടിലുണ്ട്. മികച്ച കർഷകൻ കൂടിയാണ് ഈ അഭിഭാഷകൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.