പുസ്തകവും പേനയും കഴിഞ്ഞാൽ ഫഹദിന് മണ്ണും കൃഷിയും മതി
text_fieldsനരിക്കുനി: ക്രിക്കറ്റ് കളിയിൽ ഭ്രമമില്ല, മൊബൈൽ ഫോണിൽ കളിയും ഇല്ല, പുസ്തകവും പേനയും കഴിഞ്ഞാൽ മണ്ണും കൃഷിയും മതി ഫഹദ് എന്ന ബിരുദ വിദ്യാർഥിക്ക്. കളത്തിൽപാറ രായൻകണ്ടി ഫഹദ് അഹമ്മദ് (20) മണ്ണിലിറങ്ങി പണിയെടുക്കുകയാണ്. തരിശുഭൂമിയിൽ പച്ചക്കറികളുടെയും പഴവർഗ കൃഷിയുടെയും ലോകം സൃഷ്ടിച്ച് മറ്റ് വിദ്യാർഥികൾക്ക് മാതൃകയാവുകയാണ് ഈ വിദ്യാർഥി. പരമ്പരാഗത കർഷകനായ വലിയുപ്പ അയമ്മത് കുട്ടിയുടെ കൈയിൽ തൂങ്ങി പാടത്തേക്ക് നടന്നു നീങ്ങിയ പത്തു വയസ്സുകാരന്റെ മനസ്സിലുദിച്ച കൃഷിപാഠം ഇന്ന് മറ്റ് കർഷകർക്ക് കൂടി അനുഭവപാoമാവുകയാണ്.
നെല്ല്, കപ്പ, പച്ചക്കറികൾ, കൂർക്ക, കൂവ, നെല്ല്, മഞ്ഞൾ, ഇഞ്ചി, മധുരക്കിഴങ്ങ്, ചേമ്പ്, ചേന എന്നിവ കൂടാതെ പരീക്ഷണാടിസ്ഥാനത്തിൽ വെള്ളരി വർഗത്തിൽപെട്ട പോഷക സമ്പന്ന വിളയായ ഷമാം കൃഷി നൂറുമേനി വിളവ് നേടിയതിന്റെ ചാരിതാർത്ഥ്യത്തിലാണ് ഫഹദ്. വേനൽക്കാലത്ത് തണ്ണിമത്തൻ കഴിഞ്ഞാൽ ഏറെ ആവശ്യക്കാർ ഈ പഴത്തിനുണ്ട്.
കൊയ്ത്ത് കഴിഞ്ഞ് പാടങ്ങളിൽ നല്ലവണ്ണം ഉഴുതുമറിച്ച് നിലം ഒരുക്കിയതിനു ശേഷം 60 സെമീ വ്യാസത്തിലുള്ള 30 മുതൽ 45 സെ.മീ ആഴത്തിലുള്ളതുമായ തടങ്ങളാണ് വേണ്ടതെന്ന് ഫഹദ് പറയുന്നു. എൻ.എസ് 910 എന്ന ഹൈബ്രിഡ് ഇനം വിത്താണ് ഉപയോഗിക്കേണ്ടത്. 20 സെന്റ് സ്ഥലത്താണ് ഷമാം കൃഷി ചെയ്തത്. അടുത്ത തവണ കൂടുതൽ സ്ഥലത്തേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം.
2018ൽ പഞ്ചായത്തിലെ മികച്ച കുട്ടികർഷകനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ അവാർഡും ഫഹദിനെ തേടിയെത്തി. ഒഴിവു സമയങ്ങളിലും കോളജ് വിട്ടു വന്നതിനു ശേഷമാണ് കൃഷി പരിപാലനത്തിൽ മുഴുകുന്നത്. നരിക്കുനി കൃഷി ഭവനിലെ ഉദ്യോഗസ്ഥരുടെ മാർഗനിർദേശങ്ങളും ലഭിക്കുന്നുണ്ട്. മലബാർ ക്രിസ്ത്യൻ കോളജിൽ വൊക്കേഷനൽ ഓർഗാനിക് ഫാമിങ്ങ് രണ്ടാം വർഷ ബിരുദ (ബി.വി.ഒ.സി) വിദ്യാർഥിയാണ് ഫഹദ്. മുഹമ്മദ്-സാജിത ദമ്പതികളുടെ മകനാണ്. സഹോദരി: ഫഹമിദ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.