ഏജ് ഇസ് ജസ്റ്റ് എ നമ്പർ
text_fieldsവയസ്സ് വെറും അക്കങ്ങൾ മാത്രമാണ്! ഓടിയും നീന്തിയും സൈക്കിൾ ചവിട്ടിയും ജീവിതശൈലി രോഗങ്ങളെ തോൽപ്പിച്ച് ലോകത്തെ വിസ്മയിപ്പിക്കുകയാണ് 55 വയസ്സുകാരൻ മോഹൻദാസ് പോത്തുക്കാട്ടിൽ. ചെറുപ്പക്കാർക്ക് പോലും അസാധ്യമെന്ന് കരുതുന്ന അയൺമാൻ പട്ടം പോലും ഈ 'യുവാവി'നെ തേടിയെത്തി. 23 വർഷമായി യു.എ.ഇയിലുള്ള മോഹൻദാസ് ഫ്യൂച്ചർ പൈപ്പ് ഇൻറസ്ട്രീസ് കമ്പനിയിൽ ജനറൽ മാനേജറായി ജോലി ചെയ്യുകയാണ്. മലയാളി റൈഡർമാരുടെ കൂട്ടായ്മയായ കേരള റൈഡേഴ്സിൽ അംഗമാണ്.
ജീവിതത്തിലെ ആദ്യ മാരത്തൺ
കമ്പനിയിലെ സുഹൃത്തുക്കളിൽ നിന്ന് ദുബൈ മാരത്തണിനെക്കുറിച്ച് കേട്ടറിഞ്ഞാണ് തന്റെ ജീവിതത്തിൽ ആദ്യത്തെ മാരത്തണിൽ മോഹൻദാസ് പങ്കെടുക്കുന്നത്. മൂന്ന് മാസത്തോളം നീണ്ടുനിന്ന ട്രയിനിങ്ങിന് ശേഷം ഒരു കിലോമീറ്റർ മാത്രം ഓടി ശീലിച്ചിരുന്ന മോഹൻദാസ് അന്ന് 56 മിനിറ്റുകൊണ്ട് 10 കിലോമീറ്റർ ഓടി. 2500 ഓളം ആളുകൾക്കൊപ്പം ഓടിയ അനുഭവവും ജീവിതത്തിൽ മറക്കാനാവാത്തതാണെന്ന് അദ്ദേഹം പറയുന്നു. തന്നെക്കാൾ പ്രായം കൂടിയ പലരും വേഗത്തിൽ റേസ് പൂർത്തിയാക്കിയതാണ് അദ്ദേഹത്തെ അന്ന് അത്ഭുതപ്പെടുത്തിയത്. ഇത് തന്നെയാണ് ഇനിയും മത്സരത്തിൽ പങ്കെടുക്കാനുള്ള ആത്മവിശ്വാസവും പ്രചോദനവും ലഭിച്ചതും.
ദുബൈ മാരത്തണിന് ശേഷം കൂടുതൽ ട്രെയിനിങ്ങുകളോടുകൂടി വീണ്ടും മാരത്തണുകളിൽ പങ്കെടുക്കാനുള്ള പ്രചോദനം ഉൾക്കൊണ്ട് ഡെസേർട്ട് റോഡ് റണ്ണേഴ്സ് എന്ന ക്ലബ്ബിൽ ജോയിൻ ചെയ്തു. നിരന്തര പരിശീലനം കൊണ്ട് 10 കിലോമീറ്റർ ഓടാനെടുത്തിരുന്ന 56 മിനിറ്റ് എന്നത് 50 മിനിറ്റായി ചുരുങ്ങിയത് കൂടുതൽ ഓടാനുള്ള പ്രചോദനം നൽകുകയായിരുന്നു മോഹൻദാസിന്.
അടുത്ത വർഷം ആദ്യത്തെ ഹാഫ് മാരത്തോൺ (21.1കി.മീ) 1.53 മണിക്കൂറിൽ ഓടി തീർത്തത് ഫുൾ മാരത്തോണിലേക്കിറങ്ങാനുള്ള ആത്മധൈര്യം നൽകി. തൊട്ടടുത്ത വർഷം ഫുൾ മാരത്തോൺ ഓടിയെടുത്തു. തന്നെക്കാൾ നേരത്തെ റേസ് ഫിനിഷ് ചെയ്തിരുന്ന 66 വയസ്സുകാരനായ മൈക്കിൾ റോബോയുടെ പിന്തുണ ഇനിയും റേസുകളിൽ പങ്കെടുക്കാനുള്ള പ്രചോദനം നൽകി.
ട്രയാത്തലോണിലേക്ക്
കാലിൽ മുറിവുകൾ വന്നുതുടങ്ങിയതോടെ ഓട്ടത്തിന്റെ ശൈലി മാറ്റി തുടങ്ങി. അങ്ങനെയാണ് ട്രയാത്തലോൺ എന്ന സ്പോർട്ടിങ്ങ് മേഖലയിലേക്ക് മോഹൻദാസ് കടക്കുന്നത്. സൈക്ലിങ്ങും സ്വിമ്മിങ്ങും ഓട്ടവും ഒന്നിച്ചുളള ട്രയാത്തലോൺ മത്സരത്തിൽ നീന്തലായിരുന്നു മോഹൻദാസിന് വെല്ലുവിളിയായിരുന്നത്. സുഹൃത്തുക്കളുടെയൊക്കെ സഹായത്തോടെ ഈ വെല്ലുവിളിയേയും അദ്ദേഹം തരണം ചെയ്തു.
ജീവിതത്തിലെ ആദ്യത്തെ ട്രയാത്തലോൺ മംസാറിലാണ് നടന്നത്. ഏകദേശം 750 മീറ്റർ നീന്തിക്കടക്കാനുണ്ട്. 50 മീറ്റർ മാത്രം നീന്തിയിരുന്ന മോഹൻദാസ് ഒരോ 50 മീറ്ററിലും നിർത്തിയാണ് 750 മീറ്റർ പൂർത്തിയാക്കിയത്. അതിന് ശേഷമാണ് കൂടുതൽ ഗൗരവമായി നീന്തൽ പരിശീലിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ട്രൈ കമ്മ്യൂണിറ്റിയായ ട്രൈ ദുബൈയിൽ ജോയിൻ ചെയ്ത് ഒരു വർഷത്തെ നിരന്തര പരിശീലനത്തിന് ശേഷം അഞ്ച് കിലോമീറ്റർ നീന്താവുന്ന നിലയിലേക്കെത്തി.
അയൺമാനിലേക്ക് ചുവടുവെപ്പ്:
ലോകത്തിലെ തന്നെ ഏറ്റവും വലിയ ട്രയാത്തലോൺ മത്സരമായ അയൺമാൻ മത്സരത്തിൽ പങ്കെടുക്കുന്നതിന് മുന്നോടിയായി കേരള റൈഡേഴ്സിനൊപ്പം ദുബൈയിൻ നടന്ന 70.3 ഹാഫ് അയൺമാൻ മത്സരം വിജയകരമായി പൂർത്തീകരിച്ചു. 2020ൽ ഹോസ്റ്റണിൽ നടന്ന അയൺമാനിൽ പങ്കെടുക്കാനായി ട്രെയിനിങ്ങ് പൂർത്തിയാക്കിയതിന് ശേഷമാണ് കോവിഡ് കാരണം മത്സരം മാറ്റിവെച്ചത്. പിന്നീട് വിർച്ച്വൽ മത്സരമാണ് നടത്തിയിരുന്നത്.
ലോക്ഡൗൺ കാലത്തും ഫിറ്റ്നസ് കാത്തുസൂക്ഷിച്ചിരുന്നു മോഹൻദാസ്. കോഴിക്കോട് വിമാനത്താവളത്തിലെ വിമാന അപകടത്തിൽ മനസ്സറിഞ്ഞ് രക്ഷാപ്രവർത്തനം നടത്തിയവർക്ക് സമർപ്പിച്ച്കൊണ്ട് ആഗസ്റ്റ് 15ന് മംസാറിൽ ട്രയാത്തലോൺ നടത്തിയിരുന്നു മോഹൻദാസ്.
മലപ്പുറം ജില്ലയിലെ, തിരുനാരായണപുരത്തെ പുലാമുന്തോൾ എന്ന ഗ്രാമത്തിലെ ഒരു കാർഷിക കുടുംബത്തിൽ പരേതനായ നാരായണ നായരുടെയും, സുലോചനയുടെയും മകനായിട്ടാണ് മോഹൻദാസ് ജനിച്ചത്. ഭാര്യ പ്രിയയും മൂന്ന് മക്കളുമടങ്ങുന്നതാണ് മോഹൻദാസിന്റെ കുടുംബം. ജീവിതശൈലിയും ആരോഗ്യവും മെച്ചപ്പെടുത്താൻ തുടങ്ങിയ സ്പോർട്ടിങ്ങ് മോഹൻദാസിന്റെ ജീവിതത്തിന്റെ തന്നെ ഒരു ഭാഗമായി മാറിയിരിക്കുന്നു. ഇനിയും കൂടുതൽ മത്സരങ്ങളിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. 55 പ്ലസ് കാറ്റഗറിയിൽ ഇന്ത്യൻ മാസ്റ്റേർസിലെ ടീമിൽ ഇടംനേടി വേൾഡ് മാസ്റ്റേർസ് ഇവൻറിൽ ഇന്ത്യയെ പ്രതിനിധീകരിക്കുക എന്ന ലക്ഷ്യത്തിനായുള്ള പരിശ്രമത്തിലാണ് മോഹൻദാസിപ്പോൾ.
എം.എസ്.സി ഫസ്റ്റ് റാങ്കോട് കൂടി വിജയിച്ച മോഹൻദാസ് ഐ.ഐ.ടിയിൽ നിന്നാണ് പി.എച്ച്.ടി നേടിയത്. ചെറുപ്പത്തിൽ പഠനകാര്യങ്ങളിലാണ് മോഹൻദാസ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ബംഗളൂരുവിൽ ഇന്ത്യൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് സയൻസിൽ രണ്ട് വർഷത്തോളം സയൻറിസ്റ്റായി പ്രവർത്തിച്ചിട്ടുണ്ട്.
1998 ലാണ് ആദ്യമായി മോഹൻദാസ് യു.എ.ഇയിൽ എത്തുന്നത്. പിന്നീട് ജോലിയിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച് പോന്നു. പ്രോസസ്ട് ഫുഡും ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾകൊണ്ടും പ്രവാസ ജീവിതശൈലി രോഗങ്ങളായ, ബി.പി, കൊളസ്റ്റ്രോൾ എന്നിവ വന്നതോടുകൂടിയാണ് മോഹൻദാസ് ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങിയത്.
മക്കളുടെകൂടെ വീടിനടുത്തെ പാർക്കിൽ നടക്കാനും ഓടാനും ഒക്കെ തുടങ്ങി. 2014ൽ ചെറുതായി രണ്ടും മൂന്നും റൗണ്ട് മാത്രം ഓടിയാണ് തുടക്കം. ആദ്യം ഒരു കിലോമീറ്റർ ഓടാൻ പോലും ബുദ്ധിമുട്ടായിരുന്നെന്നും പതുക്കെ പതുക്കെയാണ് ഇത്രയധികം കിലോമീറ്ററുകൾ ഓടാൻ സാധിച്ചതെന്നും മോഹൻദാസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.