പ്രായമേ മാറിനിൽക്കണേ... എം.ജെ. ജേക്കബ് ഓടിവരുന്നുണ്ട്
text_fieldsസ്ഥലം എറണാകുളം ജില്ലയിലെ പിറവം. 1974 മോഡൽ ബുള്ളറ്റ് ബൈക്കിൽ തൂവെള്ള വസ്ത്രമണിഞ്ഞൊരാൾ കടന്നുവരുന്നു. ഫിൻലൻഡിൽ നടന്ന ലോക മാസ്റ്റേഴ്സ് അത് ലറ്റിക് മീറ്റിൽ രണ്ടു മെഡൽ നേടിയ ചുറുചുറുക്കും നാടിന്‍റെ യശസ്സുയർത്തിയുള്ള യാത്ര ഇന്നും തുടരുന്നുവെന്ന അഭിമാനത്തോടെയുള്ള തലയെടുപ്പും ആ എൺപത്തിരണ്ടുകാരനെ ചെറുപ്പക്കാരനാക്കുന്നു.
രാഷ്ട്രീയത്തിലും കായികമേഖലയിലും ഒരേപോലെ മികവു പുലർത്തുന്ന എം.ജെ. ജേക്കബിന്‍റെ വാക്കുകൾക്ക് ഇന്നും യുവത്വത്തിന്‍റെ പ്രസരിപ്പും ആവേശവുമാണ്. പ്രായം വെറുമൊരു നമ്പർ മാത്രമാണെന്ന് തെളിയിച്ച് കായിക ലോകത്ത് നേട്ടങ്ങളുടെ പടിക്കെട്ടുകൾ കയറിയ അദ്ദേഹത്തിന്‍റെ ചിന്തകളിൽ വിശ്രമകാലമെന്ന ആശയത്തിന് സ്ഥാനമേയില്ല. ലോക മാസ്റ്റേഴ്സ് അത്ലറ്റിക്സ് മീറ്റിലെ ഏറ്റവും ബുദ്ധിമുട്ടേറിയ കായിക മത്സരമായ ഹർഡ്ൽസിലാണ് പ്രായത്തെ തോൽപിച്ച് അദ്ദേഹം മുന്നേറിയത്.
80 മീറ്റർ, 200 മീറ്റർ ഹർഡ്ൽസില്‍ വെങ്കല മെഡലുകൾ അദ്ദേഹം സ്വന്തമാക്കി. പൊതുപ്രവർത്തനത്തിനിറങ്ങിയാൽ മറ്റൊന്നിനും ഇടം കണ്ടെത്താനാകില്ലെന്ന ധാരണയെക്കൂടിയാണ് എം.ജെ. ജേക്കബ് എന്ന പിറവം നിയോജക മണ്ഡലത്തിലെ മുൻ എം.എൽ.എ 82ാം വയസ്സിൽ ഓടി തോൽപിച്ചത്. 2006 മുതൽ 2011 വരെ കേരള നിയമസഭയിൽ പിറവത്തെ പ്രതിനിധാനം ചെയ്ത എം.ജെ. ജേക്കബ് വെള്ളി മെഡൽ നേടുന്നതിന് തൊട്ടടുത്തെത്തിയിരുന്നു.
നാലു മണിക്ക് തുടങ്ങുന്ന പരിശീലനം...
പുലർച്ച നാലു മണിക്ക് ആരംഭിക്കുന്നതാണ് എം.ജെ. ജേക്കബിന്‍റെ ജീവിതക്രമം. ഈ സമയത്ത് എഴുന്നേറ്റു നടക്കാനും ഓടാനും പോകും. യോഗ ചെയ്യാനും സമയം കണ്ടെത്തും. ശരീരത്തിന് കരുത്ത് പകരുന്ന വ്യായാമങ്ങൾ ചെയ്യാറുണ്ടെന്ന് അദ്ദേഹം പറയുന്നു. തിരുവനന്തപുരത്തെ എം.എൽ.എ ഹോസ്റ്റലിൽ താമസിക്കുമ്പോൾ എല്ലാ ദിവസവും യൂനിവേഴ്‌സിറ്റി സ്‌റ്റേഡിയത്തിൽ പ്രാക്‌ടിസ് ചെയ്തിരുന്നു.
ആരോഗ്യകരമാണ് ഭക്ഷണ രീതികൾ. ഏഷ്യൻ മീറ്റിലും ലോക മീറ്റിലുമൊക്കെ പങ്കെടുത്തിട്ടുണ്ടെങ്കിലും ഇത്തവണ വ്യക്തിഗത ഇനത്തിൽ മെഡൽ ലഭിച്ചു എന്നത് ഏറെ സന്തോഷമുള്ള കാര്യമാണെന്ന് അദ്ദേഹം പറയുന്നു. അടുത്ത മീറ്റിൽ വ്യക്തിഗത ഇനത്തിൽ സ്വർണനേട്ടം കൈവരിക്കാൻ കഴിയുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിക്കുന്നു. എറണാകുളം മഹാരാജാസ് ഗ്രൗണ്ടിൽ ഉൾപ്പെടെ നിരന്തര പരിശീലനം നടത്താറുണ്ട് എം.ജെ. അത് കൂടുതൽ സജീവമാക്കുമെന്നാണ് പുതിയ തീരുമാനം.
കൂത്താട്ടുകുളത്തിനടുത്ത് വടകര സെന്റ് ജോൺസ് ഹൈസ്കൂളിലായിരുന്നു എം.ജെയുടെ വിദ്യാലയ പഠനം. അക്കാലത്ത് സ്കൂൾ ചാമ്പ്യനായിരുന്നു. പിന്നീട് ആലുവ യു.സി കോളജിലും കായിക മത്സരങ്ങളിൽ മികവുപുലർത്തി. യൂനിവേഴ്സിറ്റി തലത്തിൽ മത്സരിച്ചിരുന്നു. നാട്ടിലെ കാളയോട്ട മത്സരത്തോട് ഉണ്ടായിരുന്ന പ്രിയം മൂലം അതിലും പങ്കെടുത്തു. കാളയോട്ടത്തിനിടെ ഉണ്ടായ പരിക്കിനെത്തുടർന്നാണ് കായിക മേഖലയിൽനിന്ന് അന്ന് മാറിനിന്നത്.
പിന്നീട് എഫ്.എ.സി.ടിയിൽ മാനേജറായി. അതിനിടെ തിരുമാറാടി പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ച് പ്രസിഡൻറായി. മികച്ച പഞ്ചായത്തായി രണ്ടുതവണ തിരുമാറാടി തെരഞ്ഞെടുക്കപ്പെട്ടത് എം.ജെ പ്രസിഡൻറായിരുന്ന കാലയളവിലാണ്. മൂന്നു ടേമുകളിലായി 15 വർഷം പദവി വഹിച്ചു. എറണാകുളം ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ, കാക്കൂർ സഹകരണ ബാങ്ക് പ്രസിഡൻറ്, പാമ്പാക്കുട ഖാദി ബോർഡ് ചെയർമാൻ തുടങ്ങിയ ചുമതലകളും വഹിച്ചു.
2006ലെ തിരിച്ചുവരവ്
''2006ൽ എം.എൽ.എ ആയപ്പോൾ എഫ്.എ.സി.ടിയിലെ പഴയ സുഹൃത്തുക്കൾ കായിക മീറ്റ് ഉദ്ഘാടനത്തിന് വിളിച്ചു. അന്ന് ചടങ്ങിൽ പങ്കെടുത്തതിന് ശേഷം താനും ഗ്രൗണ്ടിലൂടെ ഒന്ന് ഓടി. അപ്പോഴാണ് ഇനിയും കായിക മേഖലയിൽ ഓട്ടവും ചാട്ടവുമൊക്കെയായി തുടരാനാകുമെന്ന ചിന്തയുണ്ടായത്. അത് ഒരു വഴിത്തിരിവായി. അതിനുശേഷം എല്ലാ മീറ്റുകളിലും പങ്കെടുക്കാൻ ആരംഭിച്ചു.
ദേശീയ, അന്തർദേശീയ തലങ്ങളിലെ കായിക മീറ്റുകൾക്കും പങ്കെടുത്തു. എല്ലാ ദിവസവും രാവിലെ നാലു മണിക്ക് എഴുന്നേറ്റ് നടക്കാൻ തുടങ്ങി. വീട്ടിൽനിന്നിറങ്ങുമ്പോൾ നടക്കുകയും തിരിച്ചുവരുമ്പോൾ പതിയെ ഓടിവരുന്നതുമാണ് രീതി. യോഗക്കും മറ്റും സമയം ചെലവിടും. പൊതുപ്രവർത്തനത്തിനൊപ്പം ഇതൊക്കെ കൊണ്ടുപോകാനാകുമെന്നാണ് തന്‍റെ ജീവിതത്തിലൂടെ മനസ്സിലാക്കാനായത്'' -എം.ജെ. പറുയുന്നു.
പുതിയ തലമുറയോട്...
തങ്ങളുടെയൊക്കെ ചെറുപ്പകാലത്ത് ഒരുപരിധി വരെ സ്വയമേ തന്നെ ശരീരത്തിന് വ്യായാമം ലഭിച്ചിരുന്നുവെന്നാണ് അദ്ദേഹത്തിന് പറയാനുള്ളത്. കിലോമീറ്ററുകളോളം നടന്നായിരുന്നു അക്കാലത്തെ വിദ്യാർഥികൾ സ്കൂളിൽ പോയിരുന്നത്. വീട്ടിൽ കന്നുകാലികളും കൃഷിയുമൊക്കെയുണ്ടാകും. അവയിലൊക്കെ കുട്ടികളായിരിക്കുമ്പോൾ മുതൽ ഇടപെടും. മൃഗങ്ങളെ പരിപാലിച്ചും കൃഷിയിൽ സഹായിച്ചും മറ്റുമൊക്കെ നടക്കുമ്പോൾ ശരീരത്തിന് അത്യാവശ്യം വ്യായാമമൊക്കെ നമ്മൾ തന്നെ അറിയാതെ ലഭിച്ചിരിക്കും.
എന്നാൽ, ഇപ്പോൾ സ്ഥിതിമാറി. ഇന്നത്തെ കാലത്ത് വീട്ടുപടിക്കൽ നിന്നും സ്കൂൾ ബസിലേക്ക് കയറിപോകുന്ന രീതിയാണ് കുട്ടികൾക്ക്. ഓരോ കാര്യങ്ങളിലും ഈ മാറ്റം പ്രകടമാണ്. ഇതോടെ ജീവിത ശൈലി രോഗങ്ങൾ വർധിക്കുന്നുണ്ട്. പ്രഷറും കൊളസ്ട്രോളും പ്രമേഹവുമൊക്കെ ഇല്ലാത്ത ആളുകൾ ചുരുക്കമാകുകയാണ്. നമ്മുടെ ശരീരം ഫിറ്റ് ആയിരിക്കുകയെന്നത് പ്രധാനമാണ്. അത് ഏതെങ്കിലും മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുവേണ്ടിയല്ല. കായികമായ അധ്വാനത്തിലൂടെ ശരീരത്തിന് ആരോഗ്യം ലഭിക്കും. വ്യായാമമില്ലാത്ത, കൂടുതൽ സമയം കിടന്നുറങ്ങാൻ ശ്രമിക്കുന്ന രീതിയോട് തനിക്ക് താൽപര്യമില്ലെന്നും അദ്ദേഹം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.