വിധിയെ തോൽപിച്ച് അജേഷ് കോറിയത് ‘ദ വയലിനിസറ്റ് ’
text_fieldsഅമ്പലപ്പുഴ: വിധി തളര്‍ത്തിയെങ്കിലും പതറാതെ അജേഷ് മാത്യു എന്ന 27കാരൻ എഴുതിത്തീർത്തത് 330 പേജുള്ള നോവല്‍. കഞ്ഞിപ്പാടം അജേഷ് ഭവനിൽ അജേഷ് മാത്യുവാണ് ദ വയലിനിസ്റ്റ് എന്ന നോവലെഴുതിയത്.
കുട്ടിക്കാലത്തുതന്നെ ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെട്ട അജേഷ് മാത്യുവിന്റെ ജീവിതം പിന്നീട് വീൽചെയറിലായി. എങ്കിലും തളരാത്ത അജേഷ് എം.കോം വരെ പഠിച്ചു. പ്രാഥമിക കാര്യങ്ങൾക്കുൾപ്പെടെ വീട്ടുകാരുടെ സഹായം വേണം. സ്വയം നിയന്ത്രിത വീൽച്ചെയറിലാണ് അജേഷിന്റെ ജീവിതം. ഇതിനിടയിലാണ് മൂന്നുവർഷം മുമ്പ് അജേഷ് നോവലെഴുത്ത് ആരംഭിച്ചത്. മൊബൈൽ ഫോണിൽ വോയിസിലൂടെയാണ് ഈ പുസ്തക രചന നടത്തിയത്. സഹോദരങ്ങളും അജേഷിന് ഇതിനായി സഹായവുമായി മുന്നിലുണ്ടായിരുന്നു.
ബെഞ്ചമിൻ മാത്യു എന്ന തൂലിക നാമത്തിലാണ് ഈ യുവാവ് ദ വയലിനിസ്റ്റ് പൂർത്തിയാക്കിയത്. മുൻ എ.ഡി.ജി.പി അലക്സാണ്ടർ ജേക്കബാണ് അവതാരികയെഴുതിയത്. അമ്പലപ്പുഴ ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ അലക്സാണ്ടർ ജേക്കബ് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസിന് നൽകി പുസ്തകം പ്രകാശനം ചെയ്തു. അജേഷിന്റെ പുസ്തക രചന തനിക്ക് അമ്പരപ്പുണ്ടാക്കിയെന്ന് അലക്സാണ്ടർ ജേക്കബ് പറഞ്ഞു. യൂട്യൂബർ വിഷ്ണു വാസുദേവ് അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് അംഗം പ്രജിത് കാരിക്കൽ, കഞ്ഞിപ്പാടം വ്യാകുലമാത ചർച്ച് വികാരി ഫാ. മൈക്കിൾ കുന്നേൽ, ബിനോയ് വർഗീസ്, രാജു കഞ്ഞിപ്പാടം, അലോന മാർട്ടിൻ ,അശ്വതി ശ്രീജിത് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.