കരകൗശലത്തിൽ വനിത കരുത്തുമായി അജ്മാന്
text_fieldsപരമ്പരാഗത കരകൗശല വസ്തുക്കളുടെ വലിയ ശേഖരം കൊണ്ട് സമ്പന്നമാണ് അജ്മാന്. അജ്മാന് മ്യുസിയം പരമ്പരാഗത വസ്തുക്കളുടെ പ്രദര്‍ശനത്തിന് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. ഒട്ടേറെ നൂതന പദ്ധതികളോടെ ആധുനികവത്കരണ പ്രവര്‍ത്തികളുമായി തലയുയര്‍ത്തി നില്‍ക്കുമ്പോഴും പാരമ്പര്യത്തിന് ഏറെ പ്രാധാന്യം നല്‍കിയാണ് അജ്മാന് ഇന്നും മുന്നോട്ട് പോകുന്നത്.
പാരമ്പര്യ പുരാതന വസ്തുക്കള്‍, കല, ആഘോഷങ്ങള്‍ എന്നിവക്ക് വലിയ പ്രാധാന്യമാണ് അജ്മാന് നല്‍കുന്നത്. ഈ മേഖലയില്‍ ഇനിയും ഏറെ മുന്നോട്ട് പോകേണ്ടതുണ്ട് എന്ന തിരിച്ചറിവോടെ പുതു തലമുറക്ക് പാരമ്പര്യത്തിന്റെ പാഠങ്ങള്‍ പകര്‍ന്നു നല്കാന് പുതിയ പദ്ധതികള്‍ അണിയിച്ചൊരുക്കുകയാണ് അധികൃതര്‍.
പൂർവ്വികരുടെ പരമ്പരാഗത കരകൗശല വസ്തുക്കളും തൊഴിലുകളും പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഈ മേഖലയില്‍ കൂടുതല്‍ പേരെ സജീവമാക്കാന്‍ മത്സരം സംഘടിപ്പിക്കുകയാണ് എമിറേറ്റിലെ സ്ത്രീ കൂട്ടായ്മയായ അജ്മാൻ ബിസിനസ്സ് വുമൺ കൗൺസിൽ.
മികച്ചതും നൂതനവുമായ ഓൾഡ് ക്രാഫ്റ്റ് മത്സരത്തിൽ പങ്കെടുക്കാൻ അജ്മാൻ ബിസിനസ്സ് വുമൺ കൗൺസിൽ ചെയർപേഴ്സൺ ഡോ. അംന ഖലീഫ അൽ അലി ആഹ്വാനം ചെയ്തു. 15 വയസും അതിൽ കൂടുതലുമുള്ള ഇമാറാത്തി സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കുമായാണ് മത്സരം സംഘടിപ്പിക്കുന്നത്. കച്ചവട സാധ്യതകള്‍, നൂതന പദ്ധതികൾ, സാമ്പത്തിക സാമൂഹിക സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്ന ഉൽപ്പന്നങ്ങൾ എന്നിങ്ങനെ തിരിച്ചാണ് പ്രധാനമായും മത്സരം അരങ്ങേറുക.
സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും അവിഭാജ്യ ഘടകമെന്ന നിലയിൽ പൈതൃക തൊഴിലുകളെ കുറിച്ച് യുവതലമുറയെ ബോധവൽക്കരിക്കുക എന്നതാണ് മത്സരത്തിന്റെ ലക്ഷ്യം. പങ്കെടുക്കുന്നതിനുള്ള അപേക്ഷകൾ മാർച്ച് ഒന്ന് വരെ ബിസിനസ്സ് വുമൺ കൗൺസിൽ അജ്മാനിലെ ആസ്ഥാനത്ത് ലഭ്യമാകും.
മാർച്ച് ഒമ്പതിന് അജ്മാന്റെ ഭാഗമായ മനാമ മ്യൂസിയത്തിന്റെ പൂന്തോട്ടത്തിൽ നടക്കുന്ന ‘കരകൗശലങ്ങളുടെ ചെങ്കോട്ട’ ഉത്സവത്തോടനുബന്ധിച്ച് വിജയികളെ പ്രഖ്യാപിക്കും. പങ്കെടുക്കുന്നവര്‍ ajmanbwc എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ രജിസ്റ്റര്‍ ചെയ്ത് ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കണം.
ജൂറി തിരഞ്ഞെടുക്കുന്ന മികച്ച മൂന്ന് എൻട്രികൾക്ക് സമ്മാനങ്ങളും ഒരുക്കുന്നുണ്ട്. ഒന്നാം സ്ഥാനം നേടുന്നയാൾക്ക് 8,000 ദിർഹവും രണ്ടാം സ്ഥാനക്കാർക്ക് 6,000 ദിർഹവും മൂന്നാം സ്ഥാനത്തിന് 4,000 ദിർഹവും സമ്മാനമായി നല്‍കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.