ബാങ്കിലെ പ്രവാസികളുടെ കൂട്ടുകാരൻ അക്കു എന്ന അക്ബർ
text_fieldsജിദ്ദ: 31 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് അക്കു എന്ന പേരിലറിയപ്പെടുന്ന മലപ്പുറം പെരിന്തൽമണ്ണ സ്വദേശി അക്ബർ അലിക്കൽ സ്വദേശത്തേക്ക് മടങ്ങുന്നു. ഇത്രയും വർഷം പൂർണമായും ജിദ്ദയിലെ അൽരാജ്ഹി ബാങ്കിൽ ജോലിചെയ്താണ് ഇദ്ദേഹത്തിന്റെ മടക്കം.
ഇന്ന് നിലവിലുള്ള ഓൺലൈൻ ബാങ്കിങ് സംവിധാനവും മറ്റ് ഇ-പേ വാലറ്റ് സൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന കാലത്ത് തങ്ങളുടെ നാട്ടിലുള്ള ഉറ്റവർക്കും ഉടയവർക്കും പണമയക്കാൻ പ്രയാസപ്പെട്ടിരുന്ന നിരവധി മലയാളികൾക്ക് അന്ന് ബാങ്കിലെ തന്റെ ജോലിയുടെ ഭാഗമായി ഇദ്ദേഹത്തിന് സഹായിക്കാൻ സാധിച്ചിരുന്നു.
ആദ്യം അൽരാജ്ഹി ബാങ്കിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം ബാങ്കിങ് മേഖലയിൽ സ്വദേശിവത്കരണം വന്നതിന് ശേഷമാണ് അൽരാജ്ഹി ബാങ്കിന്റെ തന്നെ പണം അയക്കുന്നതിന് മാത്രമായുള്ള സെക്ഷനിലേക്ക് (തഹ്ലീൽ) മാറിയത്. മലയാളികൾ ഒരുമിച്ചുകൂടുന്ന ശറഫിയ ബ്രാഞ്ചിൽ തന്നെയായിരുന്നു കൂടുതൽ കാലവും ഇദ്ദേഹം ജോലിചെയ്തിരുന്നത് എന്നത് മലയാളികൾക്ക് ഏറെ ആശ്വാസമായിരുന്നു.
ബാങ്കിലൂടെ പണമയക്കാൻ അറിയാതിരുന്ന പഴയ തലമുറയിൽ പെട്ട പ്രവാസികൾക്ക് ഫോറം പൂരിപ്പിക്കുന്നതുമുതൽ പണമയക്കുന്നതിന്റെ എല്ലാ നടപടികളും പരമാവധി ചെയ്തുകൊടുത്തായിരുന്നു അക്കുവിന്റെ സഹായം. 1991 മാർച്ചിലാണ് ഇദ്ദേഹം സൗദിയിലെത്തിയത്. ജിദ്ദയിലെ സാമൂഹിക, സാംസ്കാരിക, കായിക (ഫുട്ബാൾ) മേഖലകളിലും ഇദ്ദേഹം നിറസാന്നിധ്യമായിരുന്നു.
പെരിന്തൽമണ്ണ ജൂബിലി റോഡിൽ താമസക്കാരനായ അക്കുവിന് മൂന്നു മക്കളാണുള്ളത്. കുടുംബസമേതം ഈമാസം അവസാനത്തോടെ ഇവർ നാട്ടിലേക്ക് മടങ്ങും. നിരവധി സുഹൃദ് ബന്ധമുള്ള ഇദ്ദേഹവുമായി 0502795794 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.