ജീവിതത്തിൽ എങ്ങനെ പോസിറ്റീവായി ചിന്തിക്കാം...; അമീൻ മന്നാൻ പറഞ്ഞുതരും
text_fieldsജീവിതമെപ്പോഴും കളർഫുളാകണം എന്നില്ല അല്ലെ. ജീവിതത്തിൽ ഒരൽപ്പം നിറം മങ്ങിയാൽ ഡിപ്രഷനടിക്കുന്നവരാണ് നമ്മൾ. പഴമക്കാർ പറയുന്ന പോലെ ഒരു കയറ്റത്തിന് ഒരിറക്കവുമുണ്ട്... ജീവിതത്തിൽ നേരിട്ട പല പ്രതിസന്ധികളും തരണം ചെയ്ത്, പോസിറ്റീവായി ചിന്തിക്കാൻ പ്രചോദനം നൽകുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് അമീൻ മന്നാൻ.
മോട്ടിവേഷനും, ഒരൽപ്പം പോസിറ്റിവിറ്റിയുമാഗ്രഹിക്കുന്നവർ ഒരിക്കലെങ്കിലും അമീന്റെ വീഡിയോകൾ കണ്ടിരിക്കണം. കുട്ടികളുമൊത്ത് കളിച്ചും, ചിരിച്ചും അമീൻ പോസ്റ്റ് ചെയ്യുന്ന പോസിറ്റീവ് വീഡിയോകൾക്ക് ആരാധകരേറെയാണ്.
2008ൽ യു.എ.ഇയിൽ എത്തിയ അമീൻ, അന്നൊരു വെയർഹൗസ് ഹെൽപ്പറായാണ് ജീവിതം തുടങ്ങിയത്. പിന്നീട് പല കമ്പനിയിലും ജോലി ചെയ്തു. പല ബിസിനസുകളിലും കൈ വെച്ചെങ്കിലും കോവിഡ് വന്നതോടെ എല്ലാ ബിസിനസുകാരെപ്പോലെയും നിരാശയായിരുന്നു. പക്ഷെ കൈവിടാൻ അമീൻ തയാറല്ലായിരുന്നു.
പെർഫ്യൂമുകളോട് പെരുത്തിഷ്ടമുള്ള അമീൻ പെർഫ്യൂം ഷോപ്പുകളിലും ഒരു കൈ നോക്കിയിരുന്നു. തുടങ്ങിയ ബിസിനസുകളെല്ലാം പരാചയപ്പെട്ടതിന്റെ വിഷമത്തിലിരിക്കെ തന്റെ പ്രിയപ്പെട്ട സുഹൃത്തിന്റെ വേർപ്പാട് മനസ്സിനേൽപ്പിച്ച മുറിവുണക്കാൻ അമീൻ നന്നായി കഷ്ടപ്പെട്ടിട്ടുണ്ട്. ഡിപ്പ്രഷനിലായേക്കാവുന്ന ഈ സാഹചര്യത്തിൽ നിന്നൊക്കെ തരണം ചെയ്ത്,
തന്റെ ചിന്തകളെ നിയന്ത്രിക്കാൻ പഠിച്ചിരുന്നു അമീൻ അപ്പോൾ. ജീവതത്തിൽ നമുക്ക് നേരിടേണ്ടി വരുന്ന വിഷമങ്ങളെ മനസ്സിന്റെ കരുത്ത് കൊണ്ട് നേരിടാനാവുമെന്ന് അമീൻ പറയുന്നു. മെന്റൽ ഹെൽത്തിന്റെ പ്രാധാന്യം പറഞ്ഞ് അമീൻ ചെയ്തിരുന്ന വീഡിയോ കണ്ട് കൊവിഡ് കാലത്ത് മാനസിക സമ്മർദ്ദമനുഭവിക്കുന്ന കുറേ പേർ, മനസിന്റെ വിഷമങ്ങൾ പറഞ്ഞ് പോസിറ്റീവായിരിക്കാൻ മെസ്സേജയച്ചിരുന്നതായും അമീൻ പറയുന്നു. കുട്ടികൾക്ക് ഫോണും ടാബുമൊക്കെ കൊടുത്ത് അവർക്ക് നമ്മളോടൊപ്പം ചിലവഴിക്കാനുള്ള നല്ല സമയങ്ങളെ കൊല്ലരുത് എന്നാണ് അമീൻ എപ്പോഴും പറയാറുള്ളത്.
സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ആദ്യത്തെ വീഡിയോയും ഇതായിരുന്നു. സോഷ്യൽ മീഡിയയും മിതമായി മാത്രം ഉപയോഗിക്കേണ്ട ഒന്നാണെന്നും, ഫോണുപയോഗം കുറക്കേണ്ടതിന്റെ ആവശ്യതകളെ കുറിച്ചും അമീൻ വീഡിയോ ചെയ്തിട്ടുണ്ട്. ഓരോ ദിവസവും വളരെ കുറഞ്ഞ സമയം മാത്രം സോഷ്യൽ മീഡിയക്കും ഫോണുപയോഗത്തിനും മാറ്റി വെച്ചിട്ടുള്ളൂ ഈ ഇൻഫ്ലുവൻസർ.
വെറുമൊരു മോട്ടിവേഷൻ തരുന്ന ആൾ മാത്രമല്ല, താൻ പറയുന്നതൊക്കെ ജീവിതത്തിൽ പ്രാവർത്തികമാക്കാറുകൂടിയുണ്ട് അമീൻ. ഇതു കൊണ്ട് തന്നെയാണ് ലക്ഷക്കണക്കിനാളുകളുടെ പ്രിയപ്പെട്ട ഇൻഫ്ലുവൻസറായി അമീൻ മാറിയതും.
സമകാലിക വിഷയങ്ങളും മോട്ടിവേഷനും, കുട്ടികളോടൊപ്പമുള്ള കളി ചിരി തമാശകളുമൊക്കെയായി അമീൻ ചെയ്യുന്ന വീഡിയോകൾ കാണാം.
യു.എ.ഇയിലെത്തുന്ന ആളുകൾക്ക് ഒരു വഴികാട്ടികൂടിയാണ് അമീൻ. ജോലി അന്വേഷിച്ച് ഇവിടെയെത്തിയവർക്കും, ഇനിയെന്ത് എന്നറിയാതെ ജീവിതം പ്രതിസന്ധിയിലായവർക്കുമൊക്കെ. പലപ്പോഴും നേരിട്ടെത്തിയും പ്രശ്നങ്ങൾ പരിഹരിക്കാറുണ്ട് അമീൻ. കണ്ണൂർ ചൊക്ലി സ്വദേശിയായ അമീൻ ഭാര്യ ഫൗസിയക്കും കുട്ടികൾക്കുമൊപ്പം ഉമ്മുൽഖുവൈനിലാണ് താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.