Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightഷംസുദ്ദീൻ ബിൻ...

ഷംസുദ്ദീൻ ബിൻ മുഹിയുദ്ദീൻ; അതിശയകരമായ ഒരു വിജയകഥ

text_fields
bookmark_border
ഷംസുദ്ദീൻ ബിൻ മുഹിയുദ്ദീൻ; അതിശയകരമായ ഒരു വിജയകഥ
cancel
‘അതിശയകരമായ ഒരു വിജയ കഥ’ ഷംസുദ്ദീൻ ബിൻ മുഹിയുദ്ദീന്റെ ജീവിതത്തെ ഒറ്റവാക്കിൽ ഇങ്ങനെ കുറിക്കാം. മലപ്പുറത്തെ ചെറിയൊരു ഗ്രാമത്തിൽ നിന്ന് ആധുനിക നഗരങ്ങളിൽ ​മുൻനിരയിലുള്ള ദുബൈയുടെ വിസ്മയത്തിലേക്ക് വളർന്ന മലയാളി. യു.എ.ഇ രാജകുടുംബത്തിനും ദുബൈ ഭരണാധികാരിക്കും ഒരു പോലെ പ്രിയപ്പെട്ടവൻ. ബിസിനസ് സംരംഭമായ റിജൻസി ഗ്രൂപ്പിനെ വിജയകരമായി മുന്നോട്ടു നയിക്കുന്ന കപ്പിത്താൻ.'

ഷംസുദ്ദീൻ ബിൻ മുഹിയുദ്ദീന്റെ ജീവിതം ഇത്രയും വരിയിൽ ഒതുക്കാനുമാകില്ല. യു.എ.ഇ പൗരത്വം നേടിയ മലയാളി എന്നതു മുതൽ നിരവധിയായ ജീവകാരുണ്യ പ്രവർത്തനങ്ങൾ, സേവനമേഖലകൾ എന്നിവയെല്ലാം ചേർത്തുവെച്ചാലേ ആ കഥ പൂർത്തിയാകൂ. ഷംസുദ്ദീൻ ബിൻ മുഹിയുദ്ദീന്റെ സൂക്ഷ്മമായ ജീവിതവും ധിഷണയുമാണ് ഇതിന്റയെല്ലാം ആണിക്കല്ല്.

ജീവിതം മാറ്റിയ ദുബൈ

പത്താം ക്ലാസിന് ശേഷം പാസ്‌പോർട്ട് എടുക്കുക ഗൾഫിലേക്ക് പറക്കുക. എഴുപതുകളിലും എൺപതുകളിലും വടക്കൻ കേരളത്തിലെ ഭൂരിപക്ഷ യുവാക്കളുടെതിൽ നിന്നും വ്യത്യസ്തമായിരുന്നില്ല മലപ്പുറം കൽപ്പകഞ്ചേരിയിലെ ആനപ്പടിക്കൽ ഷംസുദ്ദീൻ ബിൻ മുഹിയുദ്ദീന്റെ കാര്യവും. ഷംസുദ്ദീനോടും പിതാവ് മുഹിയുദ്ദീൻ കുട്ടി മാസ്റ്റർ ദുബൈയിലേക്ക് പോകാൻ നിർദ്ദേശിച്ചു. അങ്ങനെ 1980 ഏപ്രിൽ ഒന്നിന് സ്വപ്നങ്ങളുടെ മരുഭൂനാട്ടിൽ ഷംസുദ്ദീനും വന്നിറങ്ങി.


സഹോദരങ്ങളായ അബ്ദു സമദും, അബ്ദു റഹ്മാനും ദുബൈ ഭരണാധികാരിയുടെ കൊട്ടാരത്തിൽ ജോലി ചെയ്തിരുന്നതിനാൽ ഷംസുദ്ദീനും അവിടെ ജോലിയിൽ പ്രവേശിച്ചു. അതിനിടെയാണ് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദിന്റെ പേഴ്സണൽ ഓഫിസിലേക്ക് മാറ്റം കിട്ടിയത്. ഷംസുദ്ദീന്റെ ജീവിതത്തിലെ പുതി​യൊരു അധ്യായത്തിന്റെ തുടക്കമായി അത്.


ഷംസുദ്ദീന്റെ സത്യസന്ധമായ പെരുമാറ്റവും ഇടപെടലും അദ്ദേഹത്തെ വളരെ പെട്ടെന്നുതന്നെ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദിന് പ്രിയപ്പെട്ടവനാക്കി. അത് ഇരുവർക്കുമിടയിൽ അടുത്ത ബന്ധത്തിലേക്കും വളർന്നു. ശൈഖ് മുഹമ്മദിന്റെ പേഴ്സണൽ ഡിപ്പാർട്മെൻ്റിലെയും ഔദ്യോഗിക യാത്രകളിലെയും അംഗമായി വൈകാതെ ഷംസുദ്ദീൻ മാറി. നാലര പതിറ്റാണ്ടായി തുടരുന്ന ആത്മബന്ധം.

ദുബൈ വൻ നഗരങ്ങളിലൊന്നായി ശൈഖ് മുഹമ്മദ് മാറ്റിയെടുക്കുന്നതും അതിന്റെ മികവും വളർച്ചയും അദ്ദേഹത്തിനൊപ്പം ഷംസുദ്ദീനും നോക്കിക്കണ്ടു. ജീവിതത്തിലെ വലിയ പാഠങ്ങളായി ആ അനുഭവങ്ങൾ മാറി.


നിസ്തുല സേവനങ്ങൾക്കു അംഗീകാരമായി 2003ൽ ഷംസുദ്ദീനും കുടുംബത്തിനും യു.എ.ഇ ഓണററി പൗരത്വവും സമ്മാനിച്ചു. ലോക സമാധാന സമിതിക്കുള്ള മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം അവാർഡ് ബോർഡ് അംഗമായും ഷംസുദ്ദീൻ പ്രവർത്തിച്ചു. 2021 മുതൽ പൊലീസ് ഉപദേശക കൗൺസിൽ ഫോർ കമ്മ്യൂണിറ്റി സർവിസിലും അംഗമായും തുടരുന്നു. 2009 ൽ കേരള കലാകേന്ദ്രത്തിന്റെ ഗ്ലോബൽ എക്സലൻസ്​ അവാർഡ് ഉത്രാടം തിരുനാൾ മാർത്താണ്ഡവർമയിൽ നിന്ന് ഏറ്റുവാങ്ങി.

ആസ്​റ്റർ ഡി.എം ഹെൽത്ത്കെയർ ഡയറക്ടർ ബോർഡ് അംഗം, വയനാട് മെഡിക്കൽ കോളേജ് ഡയറക്ടർ ബോർ ഡ് അംഗം, യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി ചെയർമാൻ തുടങ്ങി മറ്റനേകം പദവികളും വഹിക്കുന്നു.

റീജൻസി ഗ്രൂപ്: സജീവമായ ബിസിനസ് സാമ്രാജ്യം

മാറുന്ന ദുബൈകൊപ്പം ഷംസുദ്ദീനും സഹോദരങ്ങളും സഞ്ചരിച്ചതിന്റെ വിജയരേഖയാണ് റീജൻസി ഗ്രൂപ്. മരണപ്പെട്ട സഹോദൻ അസ്‍ലം ബിൻ മുഹിയുദ്ദീന്റെ കൃത്യമായ കാഴ്ചപ്പാടുകളാണ് ഇതിലേക്ക് നയിച്ചത്. 1994 ൽ സഹോദരങ്ങൾക്കൊപ്പം റീജൻസി ഗ്രൂപ്പിന് തുടക്കമിട്ടു.

മൂന്നു പതിറ്റാണ്ടിനിടെ റീജൻസി ഗ്രൂപ് ജി.സി.സിയിലും പുറത്തും മികവ് അടയാളപ്പെടുത്തി. ഫുഡ് ആൻ്റ് ബിവറേജസ്​, പ്രോപ്പർട്ടി മാനേജ്മെന്റ്, ഇറക്കുമതി, കയറ്റുമതി, ഹോസ്പിറ്റാലിറ്റി, ആരോഗ്യ സംരക്ഷണം, പരസ്യ മേഖല, സ്റ്റീൽ നിർമാണം തുടങ്ങിയ മേഖലകളിൽ സജീവമായ ബിസിനസ് സാമ്രാജ്യമാണ് ഇന്ന് റീജൻസി ഗ്രൂപ്. യു.എ.ഇ, ഖത്തർ, ഒമാൻ, കുവൈത്ത്,സൗദി, ഇന്ത്യ എന്നിവിടങ്ങളിൽ അതിവേഗത്തിലാണ് റീജൻസി ഗ്രൂപ് വളർന്നത്.


ഉപഭോകതാക്കൾക്ക് സംതൃപ്തി നിറഞ്ഞ ഷോപ്പിങ് അനുഭവം സമ്മാനിക്കുന്ന ഗ്രാൻഡ് ഹൈപ്പർമാർക്കറ്റാണ് റീജൻസി ഗ്രൂപ്പിന്റെ പ്രധാന സംരംഭങ്ങളിൽ ഒന്ന്. ജി.സി.സിയിലെ മികച്ച ഹൈപ്പർമാർക്കറ്റായി ഇതിനകം ഗ്രാൻഡ് ഹൈപ്പർ മാറിയിട്ടുണ്ട്. ഗുണമേന്മയുള്ള ഉൽപന്നങ്ങൾ മിതമായ നിരക്കിൽ എന്നതാണ് ഗ്രാൻഡ് ഹൈപ്പറിന്റെ പ്രത്യേകത. എല്ലാവിഭാഗം ജനങ്ങളെയും ഗ്രാൻഡി​നെ ഇഷ്ടയിടമാക്കുന്ന മാജിക്.

വിവിധ രാജ്യങ്ങളിലായി ഷോപ്പിങ് മാളുകളും ഹൈപ്പർമാർക്കറ്റുകളും സൂപ്പർമാർക്കറ്റുകളും ഹോൾസെയിൽ സംരംഭങ്ങളും കൺവീനിയൻസ്​ സ്​റ്റോറുകളുമടക്കം ഗ്രാൻ്റിന് തൊണ്ണൂറിലേറെ ഔട്ട്ലെറ്റുകളും മുപ്പതിലേറെ വെയർഹൗസുകളും ഏഴായിരത്തിലേറെ ജീവനക്കാരുമുണ്ട്. പല രാജ്യങ്ങളിലായി ദിനേന മൂന്നര ലക്ഷത്തോളം ഉപഭോക്താക്കൾ ഗ്രാൻഡിലെ ഷോപ്പിങ് ആസ്വദിക്കുന്നു.

കേരളത്തിലും റീജൻസി ഗ്രൂപ്പിന് ശക്തമായ വേരോട്ടമുണ്ട്. റീജൻസി ഗ്രൂപ്പിന്റെ സംരംഭമായ കോഴിക്കോടുള്ള ഫോക്കസ് മാളാണ് ഷോങ്മാൾ എന്ന ആശയം കേരളീയർക്ക് പരിചയപ്പെടുത്തിയത്. കൊച്ചിയിലും കോഴിക്കോടും ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിന്റെ റീട്ടെയിൽ ഔട്ട്‌ലെറ്റുകളും ഉണ്ട്. സഹോദരൻ അസ്‍ലം ബിൻ മുഹിയുദ്ദീന്റെ വേർപാടിന് പിറകെ റീജൻസി ഗ്രൂപ്പിന്റെ ചെയർമാൻ സഥാനം ഏറ്റെടുത്ത ഷംസുദ്ദീന്റെ തന്ത്രപരമായ കാഴ്ചപ്പാടാണ് മികച്ച രീതിയിൽ ഗ്രൂപ്പിനെ മുന്നോട്ടുനയിക്കുന്നത്.

സഹോദരി പുത്രനും ബിസിനസ് രംഗത്തും, സാമൂഹിക, സാംസ്കാരിക,ജീവകാരുണ്യ മേഖലയിലും സജീവുമായ ഡോ.അൻവർ അമീൻ ചേലാട്ടിന്റെ ശക്തമായ പിന്തുണയും ഷംസുദ്ദീനുണ്ട്. റിജൻസി ഗ്രൂപ് മാനേജിങ് ഡയറക്ടറായ ഡോ. അൻവർ അമീൻ ചേലാട്ട് മികച്ച രീതിയിൽ ​ഈ സംരംഭത്തെ മുന്നോട്ടു നയിക്കുന്നു.

തണലൊരുക്കാൻ ഓടിനടക്കുന്നയാൾ

സമൂഹത്തിൽ പ്രയാസം അനുഭവിക്കുന്നവരെ ചേർത്തുനിർത്താനും തന്റെ നേട്ടങ്ങളുടെ ഒരു പങ്ക് അവരിലേക്ക് എത്തിക്കാനും ജാഗ്രതകാണിക്കുന്നയാൾ കൂടിയാണ് ഷംസുദ്ദീൻ. ജന്മനാടായ കൽപ്പകഞ്ചേരിയിൽ അസ്‍ലം ബിൻ മുഹിയുദ്ദീൻ തുടങ്ങിവെച്ച‘തണൽ ’ എന്ന ജീവകാരുണ്യ പ്രസ്ഥാനത്തിലൂടെ ഷംസുദ്ദീൻ ആ കടമ നിറവേറ്റുന്നു. സഹോദരൻ അബ്ദു സമദും ഈ സദുദ്യമത്തിൽ കൂട്ടുണ്ട്.

സാമ്പത്തികവും സാമൂഹികവുമായി പിന്നാക്കം നിൽക്കുന്നവർക്ക് വിദ്യാഭ്യാസ, തൊഴിൽ, പാർപ്പിട ആവശ്യങ്ങൾ തണൽ നടപ്പാക്കുന്നു. രോഗികൾക്ക് സഹായമായി പാലിയേറ്റീവ് കെയർ സെന്റർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സുസ്ഥിര പെൻഷൻ സ്​കീം, അനാഥ കുട്ടികൾക്കായി ഓർഫനേജ് എന്നിങ്ങനെ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ തണലിന് കീഴിൽ നടന്നുവരുന്നു.


ഉത്തരേന്ത്യൻ സംസ്​ഥാനങ്ങളിലെ പാവപ്പെട്ട കുടുംബങ്ങൾക്കുള്ള വസ്​ത്ര വിതരണം, ആശുപത്രികൾക്കും സന്നദ്ധ സംഘടനകൾക്കും നൽകിവരുന്ന മെഡിക്കൽ സഹായങ്ങൾ, റമദാനിൽ കേരളം, കർണാടക, തമിഴ്നാട് തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിൽ പതിനായിരക്കണക്കിന് കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റുകൾ എത്തിക്കൽ എന്നിങ്ങനെ തണൽ ഒരുക്കുന്ന തണലുകൾ നിരവധി. ബിഹാറിലെ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി അസ്​ലം ബിൻ മുഹിയുദ്ദീന്റെ സ്​മരണയിൽ നിർമിച്ച സ്​കൂളുകൾ മറ്റൊരു സേവനമാണ്. മറ്റു നിരവധി സാമൂഹിക സാംസ്കാരിക സംഘടനകളുടെ മുൻനിരയിൽ പ്രവർത്തിക്കുന്ന ഷംസുദ്ദീൻ തണലിനൊപ്പം, അൽ മനാർ ഇസ്‍ലാമിക് സെന്ററിനെയും നയിക്കുന്നു.

എ.പി.അബ്ദുസമദാണ് തണൽ ചെയർമാൻ. ഷംസുദ്ദീൻ മുഹിയുദ്ദീനൊപ്പം അബ്ദുറഹിമാൻ,എ.പി.ആസാദ്,ഡോ.സി.അൻവർ അമീൻ,എ.പി.നബീൽ,റാഷിദ് അസ്‍ലം,മുഹമ്മദ് അസ്‍ലം എന്നിവർ ട്രസ്റ്റ് ഭാരവാഹികളായി തുടരുന്നു.

സ്വപ്നം കണ്ടു വളരുക

തന്റെ ജീവിതദർശനം രൂപപ്പെടുത്തുന്നതിൽ ശൈഖ് മുഹമ്മദിന്റെ സ്വാധീനം പ്രകടമാണെന്ന് പറയുന്ന ഷംസുദ്ദീൻ ജീവിത വിജയങ്ങൾക്ക് ‘സ്വപ്നം കണ്ടു വളരുക’ എന്ന തത്വവും മുന്നോട്ടുവെക്കുന്നു. ശൈഖ് മുഹമ്മദിന്റെ ധിഷണയിലും ഇച്ഛാശകതിയിലുമാണ് ദുബൈ വലിയ മുന്നേറ്റം നടത്തിയത്. സ്വപ്നം കാണുന്നവർക്ക് മാത്രമേ ലക്ഷ്യങ്ങൾ യാഥാർഥ്യമാക്കാൻ കഴിയൂ. അതിനായി തളർച്ചയില്ലാതെ പൊരുതണം.


അതിനിടയിൽ വീണുപോയാലും മുന്നോട്ടു കുതിക്കാനാകണം. ഓരോ വീഴ് ചകളും വിജയിക്കാനുള്ള പാഠവും പ്രചോദനവുമാകണ​ം എന്നാണ് ഇദ്ദേഹത്തിന്റെ അനുഭവപാഠം. എല്ലാ കാര്യങ്ങളിലും ധാർമികത പുലർത്തണം എന്നതും ഷംസുദ്ദീന് നിർബന്ധമാണ്. ധാർമികമല്ലാത്ത നേട്ടങ്ങൾ പരാജയത്തിന് തുല്യമാണെന്നും ഷംസുദ്ദീൻ പറയും. അതുകൊണ്ടുതന്നെ ജോലി സേവനവും ആരാധനയുമായി ആസ്വദിക്കുന്നു ഇദ്ദേഹം.

ഭാര്യ ഷംസുന്നിസ അൽമനാർ ഇസ്ലാമിക് സെൻ്ററിൽ അധ്യാപികയായി വളണ്ടറി സേവനം നിർവഹിക്കുന്നു. മക്കളായ സുബ്ഹാൻ ബിൻ ഷംസുദ്ദീനും, ലത്തീഫ ബിൻത് ഷംസുദ്ദീനും ഷാർജ അമേരിക്കൻ യൂനിവേഴ്സിറ്റിയിലാണ് ബിരുദപഠനം പൂർത്തിയാക്കിയത്. മരണപ്പെട്ട സഹോദൻ അസ്​ലമിന്റെ മക്കളായ റാഷിദും, മുഹമ്മദും ഷംസുദ്ദീന്റെ കുടുംബത്തിന്റെയും സംരംഭങ്ങളുടെയും ഭാഗമായി കൂടെയുണ്ട്.

-ഷംസുദ്ദീൻ ബിൻ മുഹിയുദ്ദീൻ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Success StorySuccess LifeShamsudheen Bin Mohideen
News Summary - An amazing success story of Shamsudheen Bin Mohideen
Next Story