അനസും ഷറ്റ്സും 1,600 കി.മീ. സൈക്കിൾ ചവിട്ടും; പ്ലാസ്റ്റിക് മാലിന്യങ്ങൾക്കെതിരെ
text_fieldsമസ്കത്ത്: പർവതപ്രദേശങ്ങളിലും മരുഭൂമിയിലും കടലിലുമൊക്കെ പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ ഒരു 'ഒമാൻ-ജർമൻ കൂട്ടുകെട്ട്'. അൽ ഹംറ സ്വദേശിയായ അനസ് മാലിക് അൽ അബ്രിയും ജർമൻ സുഹൃത്ത് ഫ്രഡറിക് ഷറ്റ്സുമാണ് ബോധവത്കരണവുമായി രംഗത്തെത്തിയത്.
സൈക്കിളിൽ ഒമാന്റെ വിവിധ ഭാഗങ്ങളിലെത്തിയാണ് ഇവർ പ്ലാസ്റ്റിക് മാലിന്യങ്ങൾക്കെതിരായ സന്ദേശം പ്രചരിപ്പിക്കുക. ഇതിനായി 1,600 കിലോമീറ്റർ സൈക്കിളിൽ സഞ്ചരിക്കുമെന്ന് അനസ് മാലിക് അൽ അബ്രി പറഞ്ഞു.
25 ദിവസത്തെ യാത്രക്ക് 'ദ ലാസ്റ്റ് കാൾ' എന്നാണ് ഇവർ പേരിട്ടിരിക്കുന്നത്. ദൽകൂത്തിൽനിന്ന് ഇവരുടെ യാത്ര ആരംഭിച്ചു. റഖ്യൂത്, സലാല, തഖാ, മിർബാത്, സദാ, ഷാലിം, അൽ ജാസിർ, ദുകം, മഹൂത്, അൽ ജാലിൻ, സൂർ, ഖറിയാത് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് മസ്കത്തിൽ യാത്ര അവസാനിക്കും.
അതത് മേഖലകളിൽ പ്ലാസ്റ്റിക് മാലിന്യം ഉണ്ടാക്കുന്ന ഭവിഷ്യത്തുകളെ കുറിച്ച് സാധാരണക്കാരെ ബോധ്യപ്പെടുത്താൻ തീരപ്രദേശങ്ങളും മരുഭൂമിയും പർവതനിരകളുമൊക്കെ ഉൾപ്പെട്ട റൂട്ടാണ് ഇവർ തിരഞ്ഞെടുത്തിരിക്കുന്നത്. 'അറിഞ്ഞോ അറിയാതെയോ പ്രകൃതിയിലേക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ വൻ ദുരന്തങ്ങളാണ് സൃഷ്ടിക്കുക. അവ പരിസ്ഥിതിക്കും ആരോഗ്യത്തിനും ഹാനികരമാകുമെന്ന സന്ദേശമാണ് ഈ യാത്രയിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്നത്' -അനസ് പറഞ്ഞു.
ബൈക്കിൽ ലോകം ചുറ്റുന്നയാളാണ് ഫ്രഡറിക് ഷറ്റ്സ്. 14 രാജ്യങ്ങൾ സഞ്ചരിച്ച ശേഷമാണ് ഒമാനിലെത്തിയത്. സൈക്കിൾ ദൗത്യം കഴിഞ്ഞ് തിരികെയെത്തിയ ശേഷം ഷറ്റ്സ് ആഫ്രിക്കയിലേക്ക് തിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.