'ന്യൂജെൻ' ചായകൾ പരിചയപ്പെടുത്തി അനസ്; ഇത് വല്ലാത്ത സ്റ്റാർട്ടപ്പ്
text_fieldsചിന്തകൾ കാടുകയറുേമ്പാൾ അതിൽ നിന്ന് ചായപ്പൊടി വരും. ആ ചായപ്പൊടിയിൽ തേയിലക്ക് പകരം ചേർക്കുന്നത് ചെമ്പരത്തിപ്പൂവാകും. അല്ലെങ്കിൽ വേലിപ്പടർപ്പിൽ വിരിയുന്ന ശംഖുപുഷ്പം. മണ്ണില്ലാതെ തൈകൾ നടാനും വളമില്ലാതെ ചെടികൾ വളർത്താനുമെല്ലാം ചിന്തിച്ചുകൂട്ടിയ ആലുവ മാറമ്പിള്ളിക്കാരൻ അനസ് നാസറിെൻറ സംരംഭക വഴികൾ എന്നും വേറിട്ടതാണ്.
'ഉണക്കിയ ചെമ്പരത്തിപ്പൂക്കൾ, തിളപ്പിച്ച വെള്ളത്തിലേക്ക് ചേർത്ത് അഞ്ച് മിനിറ്റ് കൂടി തിളപ്പിക്കുക. ആവശ്യമെങ്കിൽ മധുരം ചേർക്കാം. ഇത് ഔഷധ പൂർണ്ണമായ ഒരു ഹെർബൽ ചായയാണ്. പതിവായി കുടിക്കുന്നതു വഴി ഒരാളുടെ രക്തസമ്മർദ്ദം കുറയും. ശരീരഭാരം കുറക്കാൻ സഹായിക്കും' -2013ൽ തൃക്കാക്കര ഭാരത് മാതാ കോളജിൽ നിന്ന് എം.ബി.എ കഴിഞ്ഞിറങ്ങി പുതുസംരംഭ മേഖലയിൽ പലവിധ പരീക്ഷണങ്ങൾ തുടരുന്ന അനസ് പറയുന്നു. എറണാകുളം കളമശ്ശേരി ടെക്നോസിറ്റിയിൽ ഓർഗനൂർ എന്ന സംരംഭം നടത്തുകയാണ് ഇദ്ദേഹം.
റോസ് ഇതളുകളിൽ നിന്ന് റോസ് ടീ, ശംഖുപുഷ്പത്തിൽ നിന്ന് ബ്ലൂ ടീ, ലെമൺ ഗ്രാസ് ടീ, ജിഞ്ചർ ടീ തുടങ്ങി അനേകം 'ന്യൂജെൻ' ചായകൾ അനസ് പരിചയപ്പെടുത്തി തരും. പരീക്ഷണാടിസ്ഥാനത്തിൽ ഇവ നിർമിച്ച് പലർക്കും നൽകി മികച്ച അഭിപ്രായവും നേടി. ഇവക്കെല്ലാം പുറമെ, മണ്ണിന് ബദൽ മിശ്രിതം കണ്ടെത്തി അതിെൻറ വിപണന സാധ്യതകൾ തിരിച്ചറിഞ്ഞ് അനസ് തെൻറ സംരംഭം കെട്ടിപ്പടുത്തു.
റെഡിമെയ്ഡ് നടീൽ മിശ്രിതം
ചെടികള്‍ വളര്‍ത്താന്‍ റെഡിമെയ്ഡ് നടീല്‍ മിശ്രിതമാണ് അനസിെൻറ കണ്ടെത്തൽ. ഫ്ലാറ്റുകളിലും മറ്റും മണ്ണ് ലഭിക്കാനുള്ള പ്രയാസം പരിഹരിക്കും ഈ കസ്റ്റമൈസ്ഡ് മണ്ണ്. ഈ നടീല്‍ മിശ്രിതത്തില്‍ തരിപോലുമില്ല മണ്ണ് എന്നത് തന്നെയാണ് ഏറ്റവും വലിയ സവിശേഷതയും. കുളവാഴ, കരിയില, കരി, മരത്തടി, കരിമ്പിൻ ചണ്ടി, ചകിരിച്ചോറ് എന്നിവ സംസ്കരിച്ച് അതിൽ നിന്നാണ് നടീൽ മിശ്രിതം ഒരുക്കുന്നത്. ഇതിനായി നിർമാണ യൂനിറ്റുമുണ്ട്. ഓരോ ചെടിയിനത്തിനും വേണ്ടുന്ന പോഷണവും അതാത് നടീൽ മിശ്രിതത്തിൽ ചേർക്കുന്നു.
ആദ്യം ഓൺലൈൻ കരി വിൽപന
കിൻഫ്ര സ്റ്റാര്‍ട്ട് അപ്പ് വില്ലേജില്‍ ഒരു മീഡിയ ഐ.ടി സംരംഭമാണ് അനസ് ആദ്യം തുടങ്ങിയത്. കൂടെ അന്താരാഷ്ട്ര മാർക്കറ്റിെൻറ സാധ്യത തേടി ഓൺലൈനിൽ ചിരട്ടക്കരിയുടെ വിപണന സാധ്യതകൾ പരീക്ഷിച്ചു. ഓർക്കിഡ് വളരുന്നത് ചിരട്ടക്കരിയിലായതിനാൽ അതിനായി ചാർക്കോൾ വിൽപന തുടങ്ങി. സക്യുലൻസ്, വിദേശ കള്ളിമുൾ ചെടികൾ എന്നിവ വളർത്താനുള്ള പ്രത്യേക നടീൽ മിശ്രിതം വികസിപ്പിക്കാനായി പിന്നീടുള്ള ശ്രമം. അത് സാധ്യമായതോടെ ആവശ്യക്കാരിൽനിന്ന് മികച്ച പ്രതികരണം ലഭിച്ചു. അതോടെ ഓരോയിനം ചെടിക്കും പ്രത്യേകം നടീൽ മിശ്രിതം തന്നെ ഒരുക്കി. ഒപ്പം വീടുകളിൽ ഇലക്കറികളും ഔഷധ സസ്യങ്ങളും വളർത്താനുള്ള നടീൽ മിശ്രിതവും വികസിപ്പിച്ചു.
പ്ലാൻറിനും വേണം ഫുഡ്
മനുഷ്യർ ഭക്ഷണം കഴിക്കുന്നതുപോലെ ചെടികൾക്കും നൽകാൻ പ്ലാൻറ് ഫുഡ് വികസിപ്പിച്ചതാണ് അനസിെൻറ ലേറ്റസ്റ്റ് ചുവടുവെപ്പ്. ഫ്ലാറ്റ് കൃഷിക്കും ഇൻഡോർ ചെടികൾക്കുമെല്ലാം ഉപയോഗിക്കാൻ കഴിയുന്ന ഉൽപന്നമാണ് ഇത്. ചാണകമോ എല്ലിൻപൊടിയോ ഒക്കെയിടാതെ രണ്ടു സ്പൂൺ പ്ലാൻറ് ഫുഡിൽ എല്ലാ പോഷണവും നൽകുന്ന ജൈവ മാർഗം. ഫെർട്ടിലൈസർ എന്ന സങ്കൽപത്തിൽ നിന്ന് പ്ലാൻറ് നുട്രീഷ്യൻ എന്നതിലേക്കുള്ള മാറ്റമാണ് ഇതെന്ന് അദ്ദേഹം പറയുന്നു. പൂക്കളുടെ വളർച്ചക്ക് 'ബ്ലൂമിങ് സോൾവൻറ്' എന്ന ലായനിയും അനസിെൻറ മനസിൽ തളിർത്ത് ഉൽപന്നമായി ഇറക്കിയിട്ടുണ്ട്.
'കാർഷിക മേഖലയിൽ വിദേശ രാജ്യങ്ങളിൽ വരുന്ന മാറ്റങ്ങളും കണ്ടുപിടുത്തങ്ങളും സൂക്ഷ്മമായി വീക്ഷിച്ചാണ് എെൻറ പ്രവർത്തനം. ശാസ്ത്രീയമായി ഇവ മനസ്സിലാക്കാതെയാണ് നമ്മുടെ നാട്ടിലെ ഗാർഡനിങും കൃഷിയും. ഇവിടെ തന്നെയുള്ള കെമിക്കൽ ലാബുകളിലെ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയാണ് പരീക്ഷണങ്ങൾ. ഒപ്പം ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടുകൾ പുറത്തിറക്കുന്ന പഠനങ്ങളും പിന്തുടരും' -അനസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.