ആ ചെമ്പു നാണയം ഇവിടെയുണ്ട്...
text_fieldsതൃക്കരിപ്പൂർ: അടുത്തിടെ സൗദിയിലെ റിയാദിൽ പുരാതന പട്ടണത്തിന്റെ ശേഷിപ്പുകൾ വീണ്ടെടുത്തപ്പോൾ കണ്ടെടുത്ത പുരാതന നാണയം തൃക്കരിപ്പൂർ വൾവക്കാട്ട് പരേതനായ വി.എൻ.പി. അബ്ദുറഹിമാന്റെ ശേഖരത്തിൽ. പ്രവാചകന് ശേഷം ഇസ്ലാമിക ലോകം ഭരിച്ച ഖലീഫമാരിലൊരാളായ ഉസ്മാൻ ഇബ്നു അഫാന്റെ കാലത്തുണ്ടായിരുന്ന പട്ടണത്തിൽ നിന്നാണ് കെട്ടിടാവശിഷ്ടങ്ങളും നാണയങ്ങളും കണ്ടെത്തിയത്.
റിയാദ് പ്രവിശ്യയിലെ ദുവാദ്മി പട്ടണത്തിലെ ഹലീത് പുരാവസ്തു മേഖലയിലാണ് പട്ടണം കണ്ടെത്തിയത്. ഈ വാർത്ത വായിച്ചറിഞ്ഞ അബ്ദുറഹിമാന്റെ മകൻ പൊതുപ്രവർത്തകനായ വി.എൻ.പി. ഫൈസൽ ആണ് പിതാവിന്റെ ശേഖരത്തിൽനിന്ന് നാണയങ്ങൾ കണ്ടെത്തിയത്.
ലാഇലാഹ ഇല്ലല്ലാഹ് എന്ന മുദ്രണം ചെയ്ത ചെമ്പ് നാണയമാണ് റിയാദിൽ നിന്ന് കണ്ടെത്തി. ഇതുപോലെ മുദ്രണം ചെയ്ത നാണയവും മറ്റനേകം പുരാതന നാണയങ്ങളും ശേഖരത്തിലുണ്ട്. ഹിജ്റ 85 ാം വർഷത്തിൽ പ്രചാരത്തിലിരുന്ന നാണയമാണ് റിയാദിൽ കണ്ടെത്തിയതെന്ന് സൗദി പൈതൃക കമീഷന് കീഴിൽ നടന്ന പഠനം പറയുന്നു. തൃക്കരിപ്പൂരിലുള്ള നാണയം ഇതേ കാലയളവിൽ പ്രചാരത്തിൽ ഇരുന്നതാണോ എന്നുള്ളത് പരിശോധനക്ക് വിധേയമാക്കണമെന്ന് ഫൈസൽ പറഞ്ഞു.
ഒമാനിലെ ഇമാം ഭരണകാലത്തെ ചെമ്പ് നാണയം, ഹിജ്റ രണ്ടാം നൂറ്റാണ്ടിലെ നാണയം, ഒട്ടോമൻ സാമ്രാജ്യത്തിലെ നാണയം, നെപോളിയൻ ഉൾപ്പെടെ വിവിധ ഭരണാധികാരികളുടെ മുഖം ആലേഖനം ചെയ്ത നാണയങ്ങൾ എന്നിവയും ശേഖരത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.