കേരള പൊലീസിന് അഭിമാനമായി ഓട്ടക്കാരൻ സ്വാമി
text_fieldsപത്തനംതിട്ട: ഓട്ടവും ചാട്ടവും ഒക്കെച്ചേർന്ന കായികക്ഷമത പരീക്ഷ വിജയിച്ച് കേരള പൊലീസിലേക്ക് ഓടിക്കയറുമ്പോൾ, രവീന്ദ്രൻ കരുതിയിട്ടുണ്ടാവില്ല ലോകത്ത് പലരാജ്യങ്ങളിലൂടെ ഒരുപാട് ദൂരം താൻ ഓടിത്താണ്ടുമെന്ന്.
സഹപ്രവർത്തകർക്കിടയിൽ സ്വാമി എന്നറിയപ്പെടുന്ന എ.ആർ. രവീന്ദ്രൻ, പെരുനാട് പൊലീസ് സ്റ്റേഷനിൽ സബ് ഇൻസ്പെക്ടറാണ്. 1993ൽ പൊലീസുകാരനായപ്പോൾ തുടങ്ങിയ ഓട്ടം 53ാം വയസ്സിലും വെച്ചൂച്ചിറ പരുവ ആഞ്ഞിലിമൂട്ടിൽ വീട്ടിൽ രവീന്ദ്രൻ തുടരുകയാണ്, സേനക്ക് അഭിമാനമായി.
ആദ്യനിയമനം വടശ്ശേരിക്കര മണിയാർ പൊലീസ് പരിശീലന ക്യാമ്പിലായിരുന്നു. തുടർന്ന്, 1995ൽ പത്തനംതിട്ട എ.ആർ ക്യാമ്പിലെത്തി. പിറ്റേവർഷം മുതലാണ് ഓട്ടമത്സരങ്ങളിൽ പങ്കെടുത്ത് തുടങ്ങിയത്. ആദ്യമെഡൽ 1996 സ്റ്റേറ്റ് പൊലീസ് മീറ്റ് 5000 മീറ്ററിൽ വെള്ളി മെഡൽ ആയിരുന്നു. ജില്ലയും സംസ്ഥാനവും രാജ്യവും കടന്ന് അന്നത്തെ ഓട്ടം കാലം കഴിയുന്തോറും മെച്ചപ്പെടുത്തി നിർത്താതെ തുടരുകയാണ് ജില്ല പൊലീസിലെ ഈ വെറ്ററൻ താരം.
മാരത്തൺ റെക്കോഡ്
ഫുൾ മാരത്തൺ രണ്ടുവട്ടം ഓടി റെക്കോഡുകൾ തീർത്തും അപൂർവ നേട്ടത്തിന് ഉടമയാണ്. കഴിഞ്ഞയാഴ്ച തിരുവനന്തപുരത്തുനടന്ന യു.എസ്.ടി മാരത്തണിൽ ഓട്ടം പൂർത്തിയാക്കിയ ഇദ്ദേഹം രണ്ടാം തവണയാണ് ഈ നേട്ടം സ്വന്തമാക്കുന്നത്. അഞ്ചു മണിക്കൂർ, ഒരു മിനിറ്റ്, ആറ് സെക്കൻഡ് സമയത്തിലാണ് ഓട്ടം പൂർത്തിയാക്കിയത്, ഓവറോൾ റാങ്ക് 56. 2023ൽ കൊച്ചിയിൽ നടന്ന മാരത്തൺ ഓട്ടവും രവീന്ദ്രൻ പൂർത്തിയാക്കിയിരുന്നു.
സമയം അഞ്ചു മണിക്കൂർ 10 മിനിറ്റ്, 36 സെക്കൻഡ്, റാങ്ക് 90. ഇത്തവണ സമയം മെച്ചപ്പെടുത്തുകയും ചെയ്തു. തിരുവനന്തപുരം മാരത്തണിൽ പെരുമ്പെട്ടി സ്റ്റേഷനിലെ പൊലീസുകാരനായ മകൻ എ. രാഹുലും പങ്കെടുത്തു, പിതാവിന്റെ മാർഗത്തിൽ ഓട്ടത്തിലാണെന്ന് തെളിയിച്ചു.
സ്വർണ മെഡൽ ജേതാവ്
ഹാഫ് മാരത്തൺ നിരവധി തവണ ജില്ല പൊലീസിനുവേണ്ടി പല സംസ്ഥാനങ്ങളിലായി ഓടിയിട്ടുണ്ട് രവീന്ദ്രൻ. ഈ ഇനത്തിൽ ദേശീയ സ്വർണമെഡൽ ജേതാവുമാണ്. ദേശീയ മാസ്റ്റേഴ്സ് മീറ്റിൽ ഗോൾഡ് മെഡൽ നേടുകയും ചെയ്തു. വിവിധ രാജ്യന്തര മത്സരങ്ങളിൽ പങ്കെടുത്ത് മെഡലുകൾ വാരിക്കൂട്ടിയിട്ടുണ്ട് ഇദ്ദേഹം.
ശ്രീലങ്കയിൽ 1500/5000 മീറ്റർ ഓട്ടത്തിൽ സ്വർണമെഡൽ, വീണ്ടും അടുത്ത വർഷം മലേഷ്യയിൽ നടന്ന മത്സരത്തിൽ 1500/5000 മീറ്ററിൽ സ്വർണം, മലേഷ്യയിൽ 1500 മീറ്ററിൽ വെള്ളി മെഡൽ. 5000 മീറ്ററിൽ സ്വർണം, ന്യൂസിലൻഡ് 5000 മീറ്റർ ഓട്ടത്തിൽ സ്വർണം, 1500 മീറ്ററിൽ വെങ്കലം എന്നിങ്ങനെയാണ് മെഡൽ നേട്ടങ്ങൾ. ഇന്തോനേഷ്യയിൽ മത്സരത്തിൽ പങ്കെടുത്തെങ്കിലും മെഡൽ നേടാൻ സാധിച്ചില്ല. വിവിധ ദേശീയ മാസ്റ്റേഴ്സ് മത്സരങ്ങളിൽ 5000,10000 മീറ്റർ ഇനങ്ങളിൽ സ്വർണമെഡലുകൾ കരസ്ഥമാക്കി.
അങ്കം ബാക്കി
വിരമിക്കാൻ മൂന്ന് വർഷം മാത്രം ബാക്കിയുള്ള ഇദ്ദേഹം യുവത്വത്തിന്റെ പ്രസരിപ്പും ചുറുചുറുക്കും നിലനിർത്തി മുന്നേറുമ്പോൾ, ഇനിയുമേറെ അങ്കങ്ങൾക്ക് ബാല്യം ബാക്കിയെന്ന മട്ടിൽ ഓട്ടം തുടരുകയാണ്. സഹപ്രവർത്തകർക്കും യുവ പൊലീസുകാർക്കും വിസ്മയമാണ്.
ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ജോലി ചെയ്ത രവീന്ദ്രൻ, 2019ൽ സബ് ഇൻസ്പെക്ടറായി. തുടർന്ന് കരുനാഗപ്പള്ളി, ചവറ, കോന്നി, നെടുമങ്ങാട് പൊലീസ് സ്റ്റേഷനുകളിൽ എസ്.ഐ ആയിരുന്നു. മൂന്നു മക്കളിൽ രണ്ടാമത്തെയാൾ ഗോകുൽ, ഷെഫായി ജോലി നോക്കുന്നു. മൂന്നാമത്തെയാൾ അഖിൽ വെച്ചൂച്ചിറ ഗവ. പോളിടെക്നിക് കോളജിൽ ബയോ മെഡിക്കൽ എൻജിനീയറിങ് മൂന്നാം വർഷവിദ്യാർഥിയാണ്. ഭാര്യ: സുമ. മാതാപിതാക്കൾ രാഘവൻ, ഭാരതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.