മങ്കടയിലുണ്ട്, ലോകം ശ്രദ്ധിച്ച അറബി കവി
text_fieldsമങ്കട: പ്രായം തളര്‍ത്താത്ത പ്രസരിപ്പുമായി അറബി കാവ്യരചനയില്‍ മുന്നേറുകയാണ് അധ്യാപകനും പണ്ഡിതനുമായ മങ്കട കൂട്ടില്‍ സ്വദേശി എം. അബ്ദുല്ല സുല്ലമി. ഔദ്യോഗിക ജീവിതത്തില്‍നിന്ന് വിരമിച്ച് 15 വര്‍ഷം കഴിയുമ്പോഴും അറബി സാഹിത്യചര്‍ച്ച സംഗമങ്ങളിലും കാവ്യനിരൂപണ വേദികളിലും സജീവമാണ് ഈ എഴുപതുകാരന്‍. 40 വര്‍ഷമായി അറബി അധ്യാപന രംഗത്ത് തുടരുന്ന അബ്ദുല്ല സുല്ലമി ഇതിനകം ഏഴ് അറബി കവിത സമാഹാരങ്ങള്‍ പുറത്തിറക്കി.
അറബി കാവ്യരചനയില്‍ നദ്മ് (പദ്യരചന), ശിഅര്‍ (കാവ്യരചന) എന്നീ രണ്ടു രീതികളാണ് പൊതുവേ ഉപയോഗിക്കാറ്. മിക്ക ഇതര ഭാഷ എഴുത്തുകാരും നദ്മ് രീതി ഉപയോഗിക്കുമ്പോള്‍ അബ്ദുല്ല സുല്ലമി അറബി കവികളോട് ചേർന്നുനില്‍ക്കുന്ന ഭാവനാത്മക കാവ്യരചന ശൈലിയായ ശിഅര്‍ ആണ് ഉപയോഗിക്കുന്നത്. ലോകകപ്പ് ഫുട്ബാളില്‍ മൊറോക്കന്‍ ടീമിന്റെ പ്രകടനത്തെ പുകഴ്ത്തി ഇദ്ദേഹം എഴുതിയ കവിത ജോർദാന്‍ കവി ഡോ. നിസാം സര്‍ത്ത്വാവി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുകയും അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടുകയുമുണ്ടായി.
അറബി സാഹിത്യലോകത്ത് അബ്ദുല്ലസുല്ലമിയുടെ കവിതകള്‍ ഏറെ ശ്രദ്ധേയവും വിവിധ കോണുകളില്‍ ഗവേഷണ വിഷയങ്ങളുമാണ്. ചെന്നൈ, കേരള, കാലിക്കറ്റ്, കണ്ണൂര്‍ എന്നീ യൂനിവേഴ്സിറ്റികളിലടക്കം ഇദ്ദേഹത്തിന്റെ രചനാപാഠവും കാൽപനികതയും പി.ജി വിദ്യാർഥികളുടെ ഗവേഷണ വിഷയമാണ്.
എടവണ്ണ ജാമിഅ നദ്‍വിയ്യ, അരീക്കോട് സുല്ലമുസ്സലാം, അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ പഠനം പൂര്‍ത്തിയാക്കിയ അബ്ദുല്ല സുല്ലമി വളവന്നൂര്‍ അന്‍സാര്‍ അറബിക് കോളജ്, കരിങ്ങനാട്, ചെന്ത്രാപ്പിന്നി, എടവണ്ണ ജാമിയ എന്നീ സ്ഥാപനങ്ങളില്‍ അധ്യാപകനായും പ്രിന്‍സിപ്പലായും സേവനം ചെയ്തിട്ടുണ്ട്. നിലവിൽ മലപ്പുറം മിനി ഊട്ടിയിലെ ജാമിയ അല്‍ഹിന്ദിലെ വിസിറ്റിങ് പ്രൊഫസറാണ്. പണ്ഡിതനായിരുന്ന മാനാതൊടിക മുഹമ്മദ് മൗലവിയാണ് പിതാവ്. മാതാവ്: ഫാത്തിമ. ഭാര്യ: ഖദീജ. മക്കള്‍: റബീബ, ആയിഷ, നസീറ, ജാസിര്‍, റിഷാദ്, നാസിഫ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.