അഭിഷേക കാവടി ഒരുക്കത്തിൽ മൂന്നു പതിറ്റാണ്ട് പിന്നിട്ട് അരവിന്ദാക്ഷന്‍
text_fieldsകൊടകര: ചരിത്രപ്രസിദ്ധമായ കൊടകര ഷഷ്ഠിക്ക് രണ്ടുനാള്‍ മാത്രം ശേഷിക്കെ അഭിഷേക കാവടികളൊരുക്കി കാത്തിരിക്കുകയാണ് തട്ടക നിവാസിയായ ഇ.വി. അരവിന്ദാക്ഷന്‍. നാട്ടുകാര്‍ സുന്ദരേട്ടന്‍ എന്ന് വിളിക്കുന്ന ഈ 58കാരന്‍ നിര്‍മിച്ചു നല്‍കുന്ന ചെറുകാവടികള്‍ തോളിലേറ്റി പൂനിലാര്‍ക്കാവില്‍നിന്ന് പുലര്‍ച്ച അഭിഷേക സംഘം പുറപ്പെടുന്നതോടെയാണ് കൊടകര ഷഷ്ഠി ആഘോഷത്തിന് തുടക്കംകുറിക്കുന്നത്.
കഴിഞ്ഞ 33 വര്‍ഷമായി അഭിഷേക കാവടികള്‍ ഒരുക്കുന്നത് അരവിന്ദാക്ഷനാണ്. ഒരു വര്‍ഷം പോലും ഇത് മുടങ്ങിയിട്ടില്ല. മുരുകഭക്തനായ അരവിന്ദാക്ഷന്‍ പ്രതിഫലം കൈപ്പറ്റാതെയാണ് ഇത് ചെയ്യുന്നത്. ഓരോ വര്‍ഷവും ഷഷ്ഠി ആഘോഷം കഴിഞ്ഞാല്‍ പൂനിലാര്‍ക്കാവ് ദേവസ്വത്തില്‍ സൂക്ഷിക്കുന്ന കാവടികള്‍ പിറ്റേ വര്‍ഷം ഷഷ്ഠിക്ക് ഒരു മാസം മുമ്പ് ഏറ്റുവാങ്ങി വീട്ടിലെത്തിച്ചാണ് മോടിപിടിപ്പിക്കുന്നത്.
പഴയ അലങ്കാരങ്ങള്‍ പൂര്‍ണമായും മാറ്റി പുതിയ കടലാസുപൂക്കളും മയില്‍പീലിയും വര്‍ണതൊങ്ങലുകളും പിടിപ്പിച്ചാണ് പുത്തന്‍ കാവടികള്‍ ഒരുക്കുക. രാത്രിയാണ് ഇതിന് സമയം കണ്ടെത്താറുള്ളത്. പല ആകൃതിയിലുള്ള 23 കാവടികളാണ് ഇത്തവണ ഉണ്ടാക്കിയത്.
ഷഷ്ഠിക്ക് രണ്ടുനാള്‍ മുമ്പ് ഇവ പൂനിലാര്‍ക്കാവ് ക്ഷേത്രത്തിലെത്തിക്കും. ഷഷ്ഠി നാളില്‍ പുലര്‍ച്ച ദേവസ്വം ഭാരവാഹികളും കാര്‍മികരും അടങ്ങുന്ന അഭിഷേക സംഘം ഈ ചെറുകാവടികള്‍ ഏറ്റി പൂനിലാര്‍ക്കാവില്‍നിന്ന് ഒരു കിലോമീറ്ററോളം അകലെ കുന്നിന്‍മുകളിലെ ശ്രീ സുബ്രഹ്മണ്യക്ഷേത്രത്തിലേക്ക് പുറപ്പെടും.
പാല്‍, പനിനീര്, പഞ്ചാമൃതം, ഇളനീര് തുടങ്ങിയ ദ്രവ്യങ്ങള്‍ കാവടികളില്‍ കെട്ടിവെച്ചാണ്സംഘം പുറപ്പെടുന്നത്. കാവടികള്‍ തയാറാക്കാൻ അവസരം കൈവന്നത് ഭാഗ്യമായി കരുതുന്ന ഈ 68കാരന് ആരോഗ്യം അനുവദിക്കുന്നിടത്തോളം ഇത് തുടരണമെന്നാണ് ആഗ്രഹം.
പൂനിലാര്‍ക്കാവ് ക്ഷേത്ര ഭരണ സമിതി അംഗമായ അരവിന്ദാക്ഷന്‍ നേരത്തേ കാവില്‍ എന്‍.എസ്.എസ് കരയോഗം പ്രസിഡന്റായിരുന്നു. 20 വര്‍ഷത്തോളം നാടക രംഗത്ത് പ്രവര്‍ത്തിച്ചിട്ടുള്ള കലാകാരന്‍ കൂടിയാണ് അരവിന്ദാക്ഷന്‍. നിരവധി അമച്വര്‍ നാടകങ്ങളിലും ഏതാനും പ്രഫഷനല്‍ നാടകളിലും അഭിനയിച്ചിട്ടുണ്ട്. പത്തോളം നാടകങ്ങളുടെ സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്.
ജോസ് പെല്ലിശേരി, മാള അരവിന്ദന്‍, കൊടകര മാധവന്‍ തുടങ്ങിയ മണ്‍മറഞ്ഞ പ്രതിഭകള്‍ക്കൊപ്പം നാടക രംഗത്ത് പ്രവർത്തിച്ചതിന്റെ ഓര്‍മകളും അരവിന്ദാക്ഷന് പങ്കുവെക്കാനുണ്ട്. നടന്‍ കമല്‍ഹാസന്റെ നൃത്തഗുരുവായിരുന്ന കൊടകര സ്വദേശി ജെമിനി ടി.ആര്‍. ഗോപാലകൃഷ്ണന്റെ ശിക്ഷണത്തില്‍ അരവിന്ദാക്ഷന്‍ നൃത്തവും അഭ്യസിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.