റിവേഴ്സ് ഡ്രോയിങ്ങിൽ ജൂഡ് സൺ അല്ല.. ഫാദർ!
text_fieldsകെട്ടിടങ്ങളുടെ രൂപകൽപന കലയിൽ ലോകത്തെ അമ്പരിപ്പിച്ച അനേകം കലാകാരൻമാരെ ചരിത്രം നമുക്ക് പരിചയപ്പെടുത്തിയിട്ടുണ്ട്. അവരുടെ കലാസൃഷ്ടികൾ നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും ഒരൽഭുതമായി ലോകത്തിന്‍റെ പല കോണുകളിലും ഇന്നും തലയുയർത്തി നിൽക്കുകയാണ്. എന്നാൽ, ത്രിഡി ഡ്രോയിങ് എന്ന കലയെ വേറിട്ട വഴിയിലൂടെ നമുക്ക് പരിചയപ്പെടുത്തുന്ന വിത്യസ്തനായ ഒരു കലാകാരനുണ്ടിവിടെ പ്രവാസ ലോകത്ത്. ഒരു പക്ഷെ, ഇത്തരമൊരു കലാവൈഭവമുള്ള ലോകത്തെ ഏക വ്യക്തിയും ഇദ്ദേഹമായിരിക്കും. മലയാളിയായ പി.ആർ. ജൂഡ്സൺ. റിവേഴ്സ് ഡ്രോയിങ്ങിലൂടെയാണ് വാസ്തുശിൽപിയായ ജൂഡ്സൺ ലോകത്തെ അമ്പരിപ്പിക്കുന്നത്.
തന്‍റെ മുന്നിലിരിക്കുന്ന ആൾക്ക് അഭിമുഖമായി ക്യാൻവാസ് വെച്ച് വരക്കുമ്പോഴാണ് റിവേഴ്സ് ഡ്രോയിങ്ങിന്‍റെ അപൂർവമായ കലാസൃഷ്ടികൾ ജൂഡ്സന്റെ വിരലുകളിൽ നിന്ന് പിറവിയെടുക്കുന്നത്. വരക്കുന്ന ചിത്രങ്ങൾ ജൂഡ്സണ് തലതിരിഞ്ഞാണ് കാണുകയെങ്കിലും ഉപഭോക്താവിന് നേർ ചിത്രം തന്നെ കാണാനാവും എന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ പ്രത്യേകത. തലതിരിച്ച് വരയ്ക്കാൻ വേണ്ടി വരച്ചതായിരുന്നില്ല. മുൻപിലിരിക്കുന്ന ആവശ്യക്കാരന് മനസിലാകുന്ന രീതിയിലാണ് പ്ലാനും എലിവേഷനും വരച്ചു കൊടുക്കുന്നത്. അയാളെ സംബന്ധിച്ച് കൃത്യമായി തത്സമയം വീടിന്‍റെ രൂപരേഖ മനസിലാക്കാൻ സാധിക്കും.
എന്നാൽ, തന്നെ സംബന്ധിച്ച് ഒരിക്കലും അത് തലതിരിഞ്ഞതായി തോന്നാറില്ലെന്നാണ് ജൂഡ്സൺ പറയുന്നത്. ആവശ്യക്കാർക്ക് തത്സമയം തന്നെ ഡിസൈൻ വരച്ചു കൊടുക്കാനാണ് ഇദ്ദേഹത്തിന് ഇഷ്ടം. എട്ട് വർഷം മുമ്പ് ആനന്ദൻ എന്നയാളുടെ വീടിന്‍റെ മാതൃക വരക്കുന്നതിനിടെയാണ് ജൂഡ്സന്റെ അപൂർവമായ ഈ കഴിവ് ശ്രദ്ധയിൽപ്പെടുത്തുന്നത്. 360 ഡിഗ്രിയിൽ വരക്കാനുള്ള ജൂഡ്സന്റെ അപൂർവമായ കഴിവ് ആരേയും അമ്പരപ്പിക്കുന്നതാണ്. ആർകിടെക്ചർ ഡ്രോയിങ്സ് ഇങ്ങനെ വരക്കുന്നവർ ലോകത്തു തന്നെ ആരുമില്ലെന്നാണ് മനസിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരിക്കൽ ക്യാൻവാസിൽ പെൻസിൽ കുത്തിയാൽ ചിത്രം പൂർത്തിയാവുന്നത് വരെ കൈയെടുക്കാതെ വരക്കാനുള്ള അപൂർവ സിദ്ധിയും ഈ കലാകാരനുണ്ട്. ഇതിന്‍റെ ലോക റെകോർഡും ജൂഡ്സന്റെ പേരിലാണ്.
ജീവിത സാഹചര്യങ്ങൾ കൊണ്ടും പഠിക്കാൻ പിന്നിലായതു കൊണ്ടും പത്താം ക്ലാസിൽ തോറ്റുപോയെങ്കിലും കേരളത്തിലും പ്രവാസ ലോകത്തും അറിയപ്പെടുന്ന ആർകിടെക്ചർ വിശ്വലൈസറിൽ ഒരാളായി മാറാൻ ജന്മസിദ്ധമായി ലഭിച്ച ഈ കഴിവുകൾ ജൂഡ്സണെ ഏറെ പിന്തുണച്ചിട്ടുണ്ട്. സ്ട്രക്നറൽ ഡിസൈനിങ് പ്രഫഷനലായി പഠിച്ചില്ലെങ്കിലും ജൂഡ്സന്റെ അളവുകൾ കിറുകൃത്യമായിരിക്കും. ഓരോ മാതൃകയും തികച്ചും വിത്യസ്തമായിരിക്കുമെന്നാണ് മറ്റൊരു അത്ഭുതം.
കഴിഞ്ഞ 35 വർഷമായി ഈ മേഖലയിൽ സജീവമായി നിലകൊള്ളുന്ന ജൂഡ്സൺ കേരളത്തിൽ ജൂഡ്സൺ അസോസിയേറ്റ്സ് എന്ന ആർക്ടെക്ചറൽ ഡിസൈൻ സ്ഥാപനത്തിന്‍റെ ഉടമ കൂടിയാണ്. ത്രിമാന ചിത്രങ്ങളിലേക്ക് ലോകം അധിവേഗം പരിവർത്തനം നടത്തിയതോടെ പല കലാകാരൻമാരും പരാജയപ്പെട്ടങ്കിലും തോൽക്കാൻ ജൂഡ്സൺ തയ്യാറായില്ല. കമ്പ്യൂട്ടറിൽ ത്രിമാന ചിത്രകല സ്വയം പഠിക്കാനും സ്വായത്തമാക്കാനും ഇദ്ദേഹം സാധിച്ചു.
2001ൽ ആണ് യു.എ.ഇയിലേക്ക് ചേക്കേറുന്നത്. പ്രവാസ ലോകത്തെ പ്രമുഖരുടെ ഭവനങ്ങൾക്കും നിരവധി കെട്ടിടങ്ങൾക്കും റിവേഴ്സ് ഡ്രോയിങ്ങിലൂടെ ദൃശ്യമുഖം പകർന്നു നൽകുന്ന ഈ കലാകാരൻ പുതു തലമുറക്ക് ഒരു മാതൃക കൂടിയാണ്. വിദ്യാഭ്യാസം തോൽപിച്ചു കളഞ്ഞെങ്കിലും തന്‍റെ ഉള്ളിലെ കഴിവുകൾ കണ്ടെത്തി അതിലൂടെ ജീവിത വിജയം കണ്ടെത്തുന്നതിൽ ഇദ്ദേഹത്തിന് കഴിഞ്ഞു. കേരളത്തിൽ എറണാകുളമാണ് സ്വദേശം. അജ്മാനിൽ കുടുംബ സമേതം താമസിക്കുന്ന ജൂഡ്സന്റെ മകളും മികച്ച ആർകിടെക്റ്റാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.