വരകളുടെ ലോകത്തെ താരോദയമായി അർഹാൻ നൗഫൽ
text_fieldsമട്ടാഞ്ചേരി: വരകളുടെ ലോകത്ത് പുതിയ താരോദയമായി മാറുകയാണ് 13കാരൻ മുഹമ്മദ് അർഹാൻ നൗഫൽ എന്ന വിദ്യാർഥി. 13 വയസ്സിനിടെ അർഹാൻ വരച്ചിരിക്കുന്നത് 350ഓളം ചിത്രങ്ങളാണ്. മട്ടാഞ്ചേരി, പുതുവാശ്ശേരി പറമ്പിൽ നൗഫൽ-ഷഹനാസ് ദമ്പതികളുടെ മകനായ അർഹാൻ രണ്ട് വയസ്സ് മുതലാണ് വരക്കാൻ തുടങ്ങിയത്.
2019ൽ സി.ബി.എസ്.ഇ ദേശീയ സ്കൂൾതല ചിത്രരചന മത്സരം നടത്തിയപ്പോൾ അർഹാന് ലഭിച്ചത് രണ്ടാംസ്ഥാനം. സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടിയാണ് ദേശീയ മത്സരത്തിലേക്ക് യോഗ്യത നേടിയത്. പ്രകൃതിയെ കാൻവാസിൽ പകർത്തുന്നതാണ് അർഹാന് ഏറ്റവും താല്പര്യം. പ്രഗല്ഭരായ ചിത്രകാരുടെ ചിത്രങ്ങൾക്ക് സമാനമായ പൂർണത ഈ 13കാരന്റെ വരകളിലും കാണാനാകുമെന്നതാണ് പ്രത്യേകത.
സ്കൂൾ മാഗസിന്റെ മുഖച്ചിത്രം വരച്ചതോടെയാണ് അധ്യാപകരും അർഹാന്റെ കഴിവുകൾ മനസ്സിലാക്കിയത്. ഫോർട്ട്കൊച്ചിയിൽ 500 കലാകാരൻമാരെ അണിനിരത്തി ആർട്ട് ബക്കറ്റ് ഒരുക്കിയ ചിത്രപ്രദർശനത്തിൽ ഏറ്റവും പ്രായം കുറഞ്ഞ കലാകാരൻ അർഹാനായിരുന്നു. പ്രദർശനം ഏഷ്യൻ റെക്കോഡിൽ ഇടം പിടിച്ചപ്പോൾ അർഹാനും അതിലൊരു ഭാഗമായി.
ഫോർട്ട്കൊച്ചി ഡെൽറ്റ സ്റ്റഡി സ്കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന അർഹാൻ പോർട്രേറ്റുകൾ വരക്കുന്നതിലും മിടുക്കനാണ്. അധ്യാപകരുടെതടക്കം പോർട്രേറ്റുകൾ വരച്ച് കൈയടി നേടിയിട്ടുണ്ട്. ചിത്രകലക്കൊപ്പം എം.ബി.ബി.എസ് പൂർത്തീകരിച്ച് ഡോക്ടറാകണമെന്നതാണ് അർഹാന്റെ ആഗ്രഹം. അൻഹാറ, അർവ എന്നിവരാണ് സഹോദരങ്ങൾ. ഇളയ സഹോദരി അർവയും രണ്ടാം വയസ്സു മുതൽ ചിത്രരചന തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.