സർഗാത്മകതയുടെ നൂറു കൽവർണങ്ങൾ
text_fieldsകല പലർക്കും പലതാണ്. ആത്മപ്രകാശനത്തിനുമപ്പുറം വിപ്ലവവും വികാരവുമുൾപ്പെടെ പ്രകടനങ്ങളുടെ അനന്തസാധ്യതകളോടെയാണ് ഒാരോ കലാസൃഷ്ടിയും അനുവാചകഹൃദയങ്ങളിലേക്കെത്തിച്ചേരുന്നത്. എറണാകുളം പള്ളുരുത്തിയിൽ നിന്നുള്ള ആർ.കെ. ചന്ദ്രബാബുവെന്ന കലാകാരന്റെ വരകളിലും കാണാം ഒരു നൂറു ലോകങ്ങളിലേക്കും കാലങ്ങളിലേക്കും തുറന്നുവെക്കുന്ന വാതായനങ്ങളുടെ താക്കോൽ. കോവിഡ് കാലം ലോകത്തെയൊന്നാകെ വിഷമതകളുടെയും വിഷാദങ്ങളുടെയും ആഴങ്ങളിലേക്ക് തള്ളിയിടുമ്പോൾ, തന്റെ ചിത്രങ്ങളിലൂടെ കലാസ്നേഹികൾക്ക് സാന്ത്വനവും സ്നേഹവും പകരുകയാണ് ഇദ്ദേഹം. ഇതിനായി കണ്ടെത്തിയതോ നൂറു ദിനങ്ങളിൽ നൂറു ചിത്രങ്ങൾ ഓൺലൈനായി പ്രദർശിപ്പിക്കലും. ആ കാൻവാസിലൂടെ ഒഴുകിനിറയുന്ന നിറങ്ങൾ ഇതിനൊപ്പംതന്നെ മറ്റു ചില ജീവിതങ്ങൾക്കും നിറച്ചാർത്തേകുന്നുവെന്നിടത്താണ് ഇദ്ദേഹത്തിലെ കലാകാരൻ ഒരു യഥാർഥ മനുഷ്യനും മനുഷ്യസ്നേഹിയും കൂടിയാവുന്നത്.
'പറക്കുന്ന ജീവിതത്തിലെ നൂറ് കറുത്ത കല്ലുകൾ' എന്നു പേരിട്ടിരിക്കുന്ന നൂറു ദിവസത്തെ ചിത്ര പ്രദര്‍ശനം ഇതിനകം 70ലേറെ ദിവസങ്ങള്‍ പൂര്‍ത്തിയാക്കി. വർഷങ്ങളുടെ അനുഭവസമ്പത്തുള്ള ചിത്രകലാധ്യാപകനും സംസ്ഥാനത്തെ ചിത്രകല അധ്യാപക സംഘടനയുടെ കോഒാഡിനേറ്ററും കൂടിയാണ് ചന്ദ്രബാബു. കലാകാരൻ സമയം കളയാതെ കാലത്തിനൊപ്പം യാത്രചെയ്യേണ്ടതുണ്ടെന്ന തിരിച്ചറിവിൽനിന്നാണ് കോവിഡ് പ്രതിസന്ധിയെ സാധ്യതയാക്കി മാറ്റാമെന്ന തീരുമാനത്തിലേക്ക് ഇദ്ദേഹം എത്തിച്ചേരുന്നത്. മുമ്പ് നടന്ന നിരവധി ഗാലറി പ്രദർശനങ്ങളിൽനിന്നു വ്യത്യസ്തമായി തന്റെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ അക്കൗണ്ടുകളിലൂടെയും വാട്സ്ആപ് കൂട്ടായ്മകളിലൂടെയുമെല്ലാം ഓരോ ദിവസവും ഓരോ ചിത്രങ്ങളെ ഇദ്ദേഹം സർഗലോകത്തിനായി കാഴ്ചവെക്കുന്നു.
കോവിഡെന്ന കറുത്ത ദിനങ്ങളിൽ നിന്ന് നൂറ് ചേതോഹരമായ കല്ലുകൾ പെറുക്കിക്കൂട്ടുന്നതാണെന്ന് ഇവയെ നമുക്ക് വ്യാഖ്യാനിക്കാം. കറുപ്പെന്നും കറുപ്പല്ലെന്നും ആ നിറത്തിനും അഴകുണ്ടെന്നും പറഞ്ഞുവെക്കുകയാണ് ചിത്രകാരൻ. അക്രിലിക്, എണ്ണച്ചായം എന്നിവയിൽ നിന്ന് കാൻവാസിലേക്ക് പടരുന്ന ബാക്കിവെച്ച പ്രണയവും ഇഷ്ടവും, കാഴ്ചയും ദാഹവും, പരിഭവവും തലോടലും, വേദനയും ശൂന്യമായ മനസ്സും, പ്രകൃതിയും മനുഷ്യനും ഇവ തമ്മിലെ അഗാധബന്ധവുമെല്ലാം വരകളിൽ തെളിഞ്ഞുചിരിക്കുന്നു. അസാധാരണത്വം നിറഞ്ഞ ഈ കാലവും സാധാരണയെന്നപോൽ കടന്നു പോവേണ്ടതുണ്ടെന്നും വാക്കുകൾക്കപ്പുറം ബാക്കിവെച്ച രേഖകളും വർണങ്ങളും ചേർത്ത് ഒരിക്കൽക്കൂടി ചിരിക്കാനും ചിന്തിക്കാനും ശ്രമിക്കുകയാണ് താനെന്നും ചന്ദ്രബാബു പറയുന്നു.
ചിത്രകലയെ ജീവകാരുണ്യത്തിലേക്കും സമന്വയിപ്പിക്കുന്നുവെന്നാണ് ഇദ്ദേഹത്തിന്റെ പ്രത്യേകത. ചിത്രങ്ങൾ വിറ്റുകിട്ടുന്ന തുകയിലൊരു പങ്ക് സഹജീവികളുടെ കണ്ണീരൊപ്പാനാണ് ഇദ്ദേഹം ചെലവഴിക്കുന്നത്. ഓൺലൈൻ പ്രദർശനത്തിലൂടെ ഇതിനകം കിട്ടിയ തുകയിൽനിന്നുള്ള പങ്ക് പള്ളുരുത്തി മൂന്നാം ഡിവിഷനിലെ ഇരു വൃക്കകളും തകരാറിലായ 19 വയസ്സുകാരിക്ക് നൽകി.
അവധിക്കാലത്ത് കുട്ടികള്‍ക്കായി സൗജന്യ ചിത്രരചന ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്ന ഇദ്ദേഹം പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പുകളിലും ചിത്രകല ക്യാമ്പുകള്‍ സംഘടിപ്പിച്ചു. കുട്ടികൾക്കായി ഓൺലൈൻ ക്യാമ്പൊരുക്കിയതിലൂടെ സമാഹരിച്ച 31,000 രൂപ സാമ്പത്തികപ്രയാസം നേരിടുന്ന ഒരു കലാധ്യാപികക്കായി നൽകുകയായിരുന്നു. ചില്‍ഡ്രണ്‍സ് ഹോം, ജയിലുകള്‍, ഓട്ടിസം, എയ്ഡ്സ്, അർബുദബാധിതർ എന്നിവർ താമസിക്കുന്ന അഭയകേന്ദ്രങ്ങൾ, അഗതിമന്ദിരങ്ങള്‍, സ്പെഷൽ സ്കൂളുകൾ എന്നിവിടങ്ങളിലെല്ലാം ചന്ദ്രബാബു തന്റെ നിറക്കൂട്ടുകളും കാൻവാസുമായി എത്തും.
അവരെ ചിത്രം വരപ്പിക്കുന്നതിലൂടെ കല ഒരൗഷധമാണെന്ന് ലോകത്തോട് വിളിച്ചുപറയുകയാണ് ഇതിലൂടെ. കന്യാകുമാരിയിലെ ഭിക്ഷാടകര്‍ക്കായി സ്റ്റെല്ല മേരീസ് കോൺവന്റിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ചിത്രകല ക്യാമ്പാണ് തന്റെ കലാജീവിതത്തിൽ എന്നും തങ്ങിനിൽക്കുന്ന ഒരോർമയെന്ന് ചന്ദ്രബാബു പറയുന്നു. അത്രനാളും മറ്റുള്ളവർക്കു മുന്നിൽ കൈനീട്ടി ജീവിച്ചവർ, അന്ന് കൈവിരലുകളിൽ ബ്രഷും ചായവും പിടിച്ച് തങ്ങളുടെ ജീവിതങ്ങളെയും അനുഭവങ്ങളെയും കാഴ്ചകളെയും കാൻവാസിൽ പകർത്തിയപ്പോൾ ഗുരുനാഥനായും വഴികാട്ടിയായും ഒപ്പം നിന്നു, ആ വർണക്കൂട്ടുകൾ വിറ്റുകിട്ടിയ പണവുമായി മടങ്ങുമ്പോൾ അവരുടെ കണ്ണുകളും ചന്ദ്രബാബുവിന്റെ മനസ്സും ഒരുപോലെ നിറഞ്ഞിരുന്നു.
35 വർഷത്തോളമായി ചിത്രകലാരംഗത്തുള്ള ചന്ദ്രബാബു 2009 മുതൽ തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂളിലെ ചിത്രകലാധ്യാപകനാണ്. സംസ്ഥാനത്തെ മിക്ക ആർട്ട്ഗാലറികളിലും ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 15ഓളം ഏകാംഗ ചിത്രപ്രദർശനങ്ങളും 20ഓളം കൂട്ടായ പ്രദർശനങ്ങളും നടത്തിയ ഈ ചിത്രകാരനെ നിരവധി പുരസ്കാരങ്ങളും തേടിയെത്തി. വരക്കൊപ്പം ഫോട്ടോഗ്രഫിയും എഴുത്തും ഇഷ്ടപ്പെടുന്ന ചന്ദ്രബാബു കുട്ടികൾക്കായുള്ള അമിഗോസ്, ഒറ്റയാള്മൊഴി എന്നീ പുസ്തകങ്ങളുടെ രചയിതാവുകൂടിയാണ്. കോട്ടയം പാലാ നെച്ചിപ്പുഴൂർ ആണ് ഇദ്ദേഹത്തിന്റെ ജന്മനാട്. https://www.facebook.com/chandra.babu.71404 എന്ന ഫേസ്ബുക്ക് ലിങ്കിലൂടെ ചിത്രപ്രദർശനം ആസ്വദിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.