എഴുപത്തഞ്ചിലും തളരാത്ത കലാസപര്യ
text_fieldsതലശ്ശേരി: ഓട്ടൻതുള്ളൽ ആശാൻ കുട്ടമത്ത് ജനാർദനന് വയസ്സ് എഴുപത്തഞ്ചായി. പക്ഷേ, വിശ്രമമില്ലാതെ അദ്ദേഹം കലോത്സവ നഗരികളിൽ നിറ സാന്നിധ്യമാവുകയാണ്. കുട്ടികളെ ഓട്ടൻതുള്ളൽ പരിശീലിപ്പിക്കാനും ചമയിക്കാനും അദ്ദേഹത്തോളം പരിചയ സമ്പത്തുള്ളവർ ജില്ലയിൽ വേറെ കാണില്ല. ചെറിയ പ്രായത്തിൽ തന്നെ നെഞ്ചിലേറ്റിയ കലാരൂപം ജീവിതമുദ്രയായി കൊണ്ടുനടക്കുകയാണ് ഈ കലാകാരൻ.
ഓട്ടൻതുള്ളലിൽ പരിശീലനം നൽകുന്ന വിദ്യാർഥികളായ ധർമശാലയിലെ ഋദ്വേത്, പാപ്പിനിശ്ശേരിയിലെ ഹിര, കുറുമാത്തൂരിലെ അഭിനന്ദ് എന്നിവരുമായാണ് കുട്ടമത്ത് ജനാർദനൻ ജില്ല കലോത്സവത്തിന് ചൊവ്വാഴ്ച തലശ്ശേരിയിലെത്തിയത്. ബി.ഇ.എം.പി സ്കൂളിലായിരുന്നു ഓട്ടൻതുള്ളൽ വേദി. സതേൺ റെയിൽവേയിൽ ബി.ആർ.ഐ മെക്കാനിക്കായിരുന്ന ചെറുവത്തൂർ കുട്ടമത്ത് പയ്യാടക്കത്ത് വീട്ടിൽ ജനാർദനൻ ജോലി ഉപേക്ഷിച്ചാണ് ഓട്ടൻതുള്ളൽ കലയിൽ വ്യാപൃതനായത്.
നാല് വർഷം മാത്രമേ റെയിൽവേയിൽ ജോലി ചെയ്തുള്ളു. നീണ്ട 62 വർഷത്തെ കലാസപര്യയാണ് ഇദ്ദേഹത്തിന്റെത്. കലോത്സവ വേദികൾക്ക് പുറമെ ക്ഷേത്രങ്ങളിലും ജനാർദനനും ശിഷ്യരും ഓട്ടൻ തുള്ളൽ അവതരിപ്പിക്കാറുണ്ട്. കണ്ണൂർ ജില്ലയിലെ മേനപ്രം വേട്ടക്കൊരു മകൻ ക്ഷേത്രം, തലശ്ശേരി തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രം, പൂണെ, ചെന്നൈ, മംഗളുരു നഗരങ്ങളിലെ ക്ഷേത്രങ്ങളിലും മലയാളി സമാജത്തിലും ഓട്ടൻ തുള്ളൽ അവതരിപ്പിച്ചിട്ടുണ്ടെന്ന് ജനാർദനൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.