മെഡൽ ലക്ഷ്യമിട്ട് സമദ് മാസ്റ്റർ ഫിലിപ്പീൻസിലേക്ക്
text_fieldsഅരീക്കോട്: പ്രായത്തെ വേഗംകൊണ്ട് തോൽപിക്കാൻ മാസ്റ്റേഴ്സ് ഒളിമ്പിക്സ് താരം സമദ് മാസ്റ്റർ. രാജ്യത്തിനായുള്ള അടുത്ത മെഡൽ നേട്ടം ലക്ഷ്യമിട്ട് അദ്ദേഹം ഫിലിപ്പീൻസിലേക്ക്. ഈ മാസം ഏഴ് മുതൽ 12 വരെ ടാർലാക്കിൽ നടക്കുന്ന 22ാമത് ഏഷ്യൻ മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ 80 വയസ്സ് വിഭാഗത്തിലാണ് അദ്ദേഹം പങ്കെടുക്കുന്നത്.
ഇത്തവണയും 100, 200, 400 മീറ്ററുകളിലാണ് സമദ് മാസ്റ്റർ ഓടുന്നത്. മാർച്ചിൽ കൊൽക്കത്തയിൽ നടന്ന നാഷനൽ മീറ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് അദ്ദേഹം ഫിലിപ്പീൻസിൽ നടക്കുന്ന ഈ മത്സരത്തിലേക്ക് യോഗ്യത നേടിയത്.
മീറ്റിൽ പങ്കെടുക്കാനായി 13 പേരടങ്ങുന്ന കേരള സംഘം ഈ മാസം ആറിന് രാത്രി 12ന് കൊച്ചിയിൽനിന്നുള്ള മലേഷ്യൻ എയർലൈൻസിൽ ഫിലിപ്പീൻസിലേക്ക് തിരിക്കും. വലിയ പ്രതീക്ഷയോടെയാണ് മത്സരത്തെ നോക്കിക്കാണുന്നതെന്ന് സമദ് മാസ്റ്റർ ‘മാധ്യമ’ത്തോട് പറഞ്ഞു.
1996ൽ അരീക്കോട് ജി.എം.എൽപി സ്കൂളിൽനിന്ന് പ്രധാനാധ്യാപകനായി വിരമിച്ചശേഷമാണ് സമദ് മാസ്റ്റർ മാസ്റ്റേഴ്സ് അത്ലറ്റിക്സിലേക്ക് എത്തുന്നത്. തുടക്കത്തിൽതന്നെ വലിയ നേട്ടങ്ങൾ ദേശീയതലത്തിലും രാജ്യാന്തരതലത്തിലും നേടാൻ അദ്ദേഹത്തിന് സാധിച്ചു. എല്ലാ ദിവസവുമുള്ള കഠിന പരിശ്രമമാണ് ഇദ്ദേഹത്തെ ഈ നേട്ടത്തിലേക്ക് എത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.