കൈമൾ ട്രാക്ക് മാറ്റിയ ദ്രോണർ
text_fieldsവ്യത്യസ്തമായ ശൈലിയും ഉറച്ച അഭിപ്രായങ്ങളുമായിരുന്നു ഇന്നലെ അന്തരിച്ച കാലിക്കറ്റ് സർവകലാശാല മുൻ അത്ലറ്റിക് പരിശീലകൻ എൻ.എസ്. കൈമളിനെ വ്യത്യസ്തനാക്കിയത്
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിലെ പ്രമുഖനായ ഒരു മലയാളം അധ്യാപകനെ അക്ഷരശ്ലോക മത്സരത്തിൽ തോൽപിച്ച കഥ ഡോ. എൻ.എസ്. കൈമൾ ശിഷ്യരോട് പറയാറുണ്ടായിരുന്നു. അത്ലറ്റിക്സ് പരിശീലകനാണെങ്കിലും സകല കാര്യങ്ങളിലും അഗാധമായ അറിവ് കൂടിയാണ് ഇന്നലെ അന്തരിച്ച ശിവശങ്കര കൈമൾ എന്ന എൻ.എസ്. കൈമളിനെ വ്യത്യസ്തനാക്കുന്നത്. പരിചയമുള്ളവർക്കെല്ലാം ‘കൈമൾ സാർ’ ആയിരുന്ന അദ്ദേഹം യോഗയും ധ്യാനവും മുതൽ സൂര്യനമസ്കാരം വരെ പരിശീലനത്തിൽ അക്കാലത്ത് സമന്വയിപ്പിച്ചിരുന്നു. കഠിനമായ പരിശീലനങ്ങളിൽ വിശ്വസിച്ചിരുന്നില്ല. ഉള്ളത് ഭംഗിയായി, വൃത്തിയായി ചെയ്യുകയെന്നതായിരുന്നു കാലിക്കറ്റ് സർവകലാശാലയെ അത്ലറ്റിക്സിൽ ഉയരങ്ങളിലെത്തിച്ച കൈമളിന്റെ മുദ്രാവാക്യം. ക്യാച്ച് ദം യങ് (ചെറുപ്പത്തിലേ പിടികൂടുക) എന്ന പതിവ് കായിക സമ്പ്രദായത്തിന് ഈ പരിശീലകൻ എന്നും എതിരായിരുന്നു. ചെറുപ്പത്തിൽ അവർ കളിച്ചു വളരട്ടെയെന്ന് പലവട്ടം കൈമൾ സാർ പറഞ്ഞു, എഴുതി. തുടർച്ചയായ അത്ലറ്റിക് മീറ്റുകൾ നടത്തി ശിഷ്യരെ ക്ഷീണിപ്പിക്കുകയാണെന്നും മൂന്ന് പതിറ്റാണ്ടോളം കാലിക്കറ്റിൽ പരിശീലകനായിരുന്ന അദ്ദേഹത്തിന് അഭിപ്രായമുണ്ടായിരുന്നു. മത്സരത്തിന് മുമ്പായി ചൂടുവെള്ളത്തിലും തൊട്ടുപിന്നാലെ തണുത്ത വെള്ളത്തിലും കുളിക്കുന്ന ‘കോൺട്രാസ്റ്റ് ബാത്ത്’ എന്ന ചികിത്സാകുളി ജാംഷഡ്പൂരിൽ നടന്ന അന്തർ സർവകലാശാല അത്ലറ്റിക് മീറ്റിൽ കാലിക്കറ്റ് ടീമിലെ ഒരു പ്രത്യേകതയായിരുന്നു. ഇങ്ങനെ കുളിക്കുന്നതോടെ വാംഅപ് വേണ്ടെന്നായിരുന്നു കൈമൾ സാറിന്റെ പക്ഷം. പഴയകാല പട്ടാളക്കാരൻ കൂടിയായ ഇദ്ദേഹം 74ാം വയസ്സിലായിരുന്നു പിഎച്ച്.ഡി നേടിയത്.
വ്യത്യസ്തമായ ചിന്തയും അഭിപ്രായങ്ങളും ആരോടും തുറന്നു പറയാൻ മടിയുണ്ടായിരുന്നില്ല. മാധ്യമപ്രവർത്തകരെ വിളിച്ച് അഭിപ്രായങ്ങൾ അറിയിക്കുന്ന പതിവുമുണ്ടായിരുന്നു. ‘മാധ്യമ’ത്തിലടക്കം അത്ലറ്റിക്സിനെക്കുറിച്ച് പത്രങ്ങളിൽ ആധികാരികമായി അദ്ദേഹം എഴുതി. കോച്ചുമാർ അധ്യാപകരല്ലെന്ന് പറഞ്ഞ് കാലിക്കറ്റ് സർവകലാശാല 55ാം വയസ്സിൽ പിരിച്ചുവിട്ടപ്പോൾ നിയമവഴിയിൽ പൊരുതാനും അനുകൂല വിധി നേടാനും മുന്നിൽ തന്നെയുണ്ടായിരുന്നു ഈ പരിശീലകൻ.
കാലിക്കറ്റിലെ അത്ലറ്റിക്സിന്റെ സുവർണകാലമായിരുന്നു കൈമളിന്റെ പരിശീലനകാലം. 1970ൽ കാലിക്കറ്റിൽ ചേർന്ന അദ്ദേഹം രണ്ട് വർഷത്തോളം നൈജീരിയയിലും ജോലി ചെയ്തിരുന്നു. മേഴ്സിക്കുട്ടനും പി.ടി. ഉഷയും എം.ഡി. വത്സമ്മയും അഞ്ജു ബോബി ജോർജുമടക്കമുള്ള താരങ്ങൾ കാലിക്കറ്റിനായി അഖിലേന്ത്യ മീറ്റുകളിൽ മത്സരിക്കുമ്പോൾ പരിശീലക പദവിയിൽ കൈമളുണ്ടായിരുന്നു. തെറ്റുകൾ തിരുത്താനും ഉപകാരപ്രദമാകുന്ന ഉപദേശങ്ങൾ നൽകാനും കൈമൾ എന്നും ശ്രദ്ധിച്ചിരുന്നതായി മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റും കാലിക്കറ്റ് താരവുമായിരുന്ന മേഴ്സിക്കുട്ടൻ പറഞ്ഞു. സഹോദര തുല്യമായ ബന്ധമായിരുന്നെന്നും റിലേയിലെ ബാറ്റൺ കൈമാറ്റമടക്കമുള്ള കാര്യങ്ങളിൽ ഒരുമിച്ച് പഠനം നടത്തിയിരുന്നതായും സഹപ്രവർത്തകനും നിരവധി നേട്ടങ്ങളിൽ പങ്കാളിയും കളിയെഴുത്തുകാരുമായ ഡോ. മുഹമ്മദ് അഷ്റഫ് ഓർക്കുന്നു. കൈമൾ സാർ കാണിച്ച വഴികൾ കാലിക്കറ്റ് സർവകലാശാലക്ക് എന്നും വെളിച്ചമായതായി ശിഷ്യനും സർവകലാശാല ഫിസിക്കൽ എജുക്കേഷൻ ഡയറക്ടറുമായ ഡോ. വി.പി. സക്കീർ ഹുസൈൻ പറഞ്ഞു.
11 ഒളിമ്പ്യന്മാരടക്കം, ഖേൽരത്നയുൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയ ശിഷ്യരുള്ള എൻ.എസ് കൈമളെന്ന ദ്രോണാചാര്യന് കേന്ദ്രസർക്കാറിന്റെ ദ്രോണാചാര്യ പുരസ്കാരത്തിന് പോലും അർഹതയുണ്ടായിരുന്നെങ്കിലും ബഹുമതികളൊന്നും തേടിയെത്തിയിരുന്നില്ലെന്ന സങ്കടവും ബാക്കിയാവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.