Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightബാബർ അലി എന്ന കുട്ടി...

ബാബർ അലി എന്ന കുട്ടി ഹെഡ്മാസ്റ്റർ

text_fields
bookmark_border
babar ali
cancel
camera_alt

ബാബർ അലി

ഒമ്പതാം വയസ്സിൽ വീട്ടുമുറ്റത്ത്​ 'സ്​കൂൾ' തുടങ്ങുകയും ബി.ബി.സിയുടെ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ഹെഡ്​മാസ്​റ്റർ എന്ന വി​ശേഷണത്തിനർഹനാവുകയും ചെയ്​തയാളാണ്​ ബാബർ അലി. ദാരിദ്ര്യവും വിദ്യാലയങ്ങളുടെ അപര്യാപ്​തതയും കാരണം അക്ഷരവെളിച്ചം എത്താതിരുന്ന നാടിനെ അവൻ അക്ഷരം പഠിപ്പിച്ചതിനുപിന്നിൽ കഠിന പ്രയത്​നത്തി​ന്‍റെയും സമർപ്പണത്തിന്‍റെയും കഥയുണ്ട്​. സി.ബി.എസ്​.ഇ യുടെയും കർണാടക സർക്കാറിന്‍റെയും പാഠപുസ്​തകങ്ങളിൽ ഇടം നേടിയ ആ അസാധാരണ കഥ അദ്ദേഹം പങ്കുവെക്കുന്നു...

1993 മാർച്ച്​ 18ന്​ പശ്ചിമ ബംഗാളിലെ മുർഷിദാബാദ്​ ജില്ലയിലെ ബാബ്​ത എന്ന കൊച്ചു ഗ്രാമത്തിലെ കുടിലിൽ ബാബർ അലി പിറന്നുവീഴു​േമ്പാൾ മാതാപിതാക്കളായ എം.ഡി. നാസിറുദ്ദീൻ-ബനൗര ബീവി ദമ്പതികൾക്ക്​ ഒരേയൊരു സ്വപ്​നമേ ഉണ്ടായിരുന്നുള്ളൂ -അവനെ സ്​കൂളിലയച്ച്​ പഠിപ്പിക്കണം. തങ്ങൾക്ക്​ ലഭിക്കാത്ത സൗഭാഗ്യം അവനെങ്കിലും ലഭിക്കാൻ രണ്ട്​ കിലോമീറ്റർ അകലെയുള്ള എൽ.പി സ്​കൂളിലെത്തിച്ചു. നാലാം ക്ലാസ്​ പൂർത്തിയായപ്പോൾ തുടർപഠനത്തിന്​ എവിടെ പോകുമെന്നും എങ്ങനെ ചെലവ്​ കണ്ടെത്തുമെന്നുമുള്ള ആധിയായി.

അവസാനം 10 കി.മീറ്റർ അകലെയുള്ള ബെൽദാംഗ സി.ആർ.ജി.എസ്​ എന്ന സർക്കാർ സ്​കൂളിൽ അവനുമൊരു സീറ്റുറപ്പിച്ചു. ബസിലും ഓ​ട്ടോയിലും നടന്നുമൊക്കെയുള്ള സ്​കൂൾ യാത്രകൾ ബാബറെന്ന ബാല​െൻറ ചിന്തകളെ മാറ്റിമറിച്ചു. ത​െൻറ പ്രായത്തിലുള്ളവർ സ്​കൂളിൽ പോകാതെ കാലികളെ മേയ്​ക്കുന്നതും ശുചീകരണ ജോലികൾ ചെയ്യുന്നതും കൃഷിയിടങ്ങളിലെയും കടകളിലെയും സഹായികളായി കഴിയുന്നതും പഴയ വസ്​തുക്കൾ പെറുക്കിനടക്കുന്നതും അവ​െൻറ മനസ്സിനെ പിടിച്ചുലച്ചു. അവരെ എങ്ങനെ തനിക്കൊപ്പം കൂട്ടാമെന്ന ചിന്തയായിരുന്നു അവനെ നിരന്തരം അലട്ടിയത്​.

വർഷം 2002 ഒക്​ടോബർ 19. ഒമ്പത്​ വയസ്സുകാരനായ ബാബർ ത​െൻറ കൂട്ടുകാരെ വീട്ടുമുറ്റത്തേക്ക്​ വിളിച്ചുവരുത്തി പേരമരച്ചുവട്ടിൽ ഒരു 'കളി' തുടങ്ങി. അക്ഷരങ്ങളുമായുള്ള പ്രണയത്തി​െൻറ കളി. സ്​കൂൾ കാണാത്ത എട്ടുപേരാണ്​ അതിൽ അവന്​ കൂട്ടായത്​. ആദ്യം ചേർന്നുനിന്നത്​ സഹോദരി ആമിന ഖാത്തൂൻ. അക്ഷരങ്ങളുമായുള്ള ചങ്ങാത്തം ഇതൊരു ചെറിയ കളിയല്ലെന്ന്​ അവരെ ബോധ്യപ്പെടുത്തി. അങ്ങനെ വെയിലും മഴയും വകവെക്കാതെ ആകാശവും മരച്ചില്ലകളും മേൽക്കൂരയാക്കി അവർ ചേർന്നിരുന്നു. പരസ്​പരം സ്​നേഹാക്ഷരങ്ങൾ പറഞ്ഞു പഠിച്ചു. കളിമണ്ണു​കൊണ്ട്​ ബാബർ അവർക്ക്​ വേണ്ടിയൊരു ബ്ലാക്ക്​ബോർഡ്​ പണിതു. സ്​കൂളിൽനിന്ന്​ ഉപേക്ഷിച്ച ചോക്കുപൊട്ടുകൾ പെറുക്കിയെടുത്ത്​ ആ ബോർഡിലവൻ തിളക്കമുള്ള അക്ഷരങ്ങൾ കുറിച്ചുകൊണ്ടിരുന്നു.

ആദ്യഘട്ടത്തിൽ വീട്ടുമുറ്റത്ത്​ നടന്നിരുന്ന ക്ലാസ്​

ഇതറിഞ്ഞ അധ്യാപിക അവന്​ ആദ്യമായൊരു സമ്മാനം നൽകി -പൊട്ടുകളി​ല്ലാത്തൊരു ചോക്കുപെട്ടി. ബാബറി​െൻറ പ്രവർത്തനങ്ങൾക്ക്​ കിട്ടിയ ആദ്യ അംഗീകാരം. പാട്ടും ഡാൻസും കളികളുമൊക്കെയായി 'സിലബസ്​' വിപുലീകരിച്ചതോടെ എല്ലാവർക്കും ആവേശവും കൂടി. സ്​കൂൾ വിട്ടുവരുന്ന വഴികളിലെ കുട്ടികളെ അവൻ ത​െൻറ വീട്ടുപള്ളിക്കൂടത്തിലേക്ക്​ സ്​നേഹത്തോടെ ക്ഷണിച്ചു. സമീപവീടുകളിലും അവനും കൂട്ടുകാരും 'കുട്ടികളെ പിടിക്കാൻ' ഇറങ്ങി. അതിന്​ ഫലവും കണ്ടുതുടങ്ങി. പഴയ വസ്​തുക്കൾ വിൽക്കുന്ന കടകളിലെത്തി പകുതി ഉപയോഗിച്ച നോട്ട്​ബുക്കുകൾ തേടിപ്പിടിച്ച്​ അവയിൽ ഓരോരുത്തരുടെയും കൈപ്പട പതിപ്പിച്ചു. വായിച്ചു പഠിക്കാൻ പത്രങ്ങളെ കൂട്ടുപിടിച്ചു. ഇടക്ക്​ തനിക്ക്​ കിട്ടിയ പോക്കറ്റ്​ മണി ഉപയോഗിച്ച്​ മിഠായി വാങ്ങിനൽകാനും ബന്ധുക്കളിൽനിന്ന്​ ശേഖരിച്ച അരി വിതരണം ചെയ്യാനുമുള്ള പാഠം ആരും അവനെ പഠിപ്പിക്കേണ്ടി വന്നില്ല. ക്രമേണ അന്നാട്ടിലെ രക്ഷിതാക്കളും ആ 'കളി'യിൽ ഒപ്പം കൂടി.

പഠനകാലത്തെ പരീക്ഷണങ്ങൾ

സ്വന്തമായി 'വിദ്യാലയം' തുടങ്ങിയതോടെ ബാബറിനു​ മുന്നിൽ വെല്ലുവിളികളേറെയായിരുന്നു. ഓരോ ദിവസവും സ്​കൂൾ വിട്ട്​ ധൃതിയിൽ അവൻ വീട്ടിലേക്കോടി. സഹപാഠികൾ കളികളുടെ ആവേശത്തിലേക്ക്​ നീങ്ങു​േമ്പാൾ അവൻ വീട്ടിൽ തൂക്കിയിട്ട മണി ഉച്ചത്തിലടിച്ച്​ 'ശിഷ്യരെ' വിളിച്ചു. ആ വിളി കേൾക്കുന്നവർ ആവേശത്തോടെ ഓടിയെത്തി. മണ്ണുതറയിൽ കൂടെയിരിക്കാൻ ചിലർക്കൊപ്പം ഇളയ സഹോദരങ്ങളുമുണ്ടാകും. മാതാപിതാക്കൾ പണിക്ക്​ പോകു​േമ്പാൾ സംരക്ഷണമേൽപ്പിച്ചതാണ്​. ഫുൾടൈം ജോലി കഴിഞ്ഞ്​ വരുന്നവരും അക്കൂട്ടത്തിലുണ്ടാകും. എല്ലാവരുമെത്തിയാൽ ബാബറി​െൻറ ഊഴമാണ്​. അന്ന്​ സ്​കൂളിൽനിന്ന്​ പഠിച്ചതെല്ലാം അവർക്കായി പങ്കുവെക്കും.

സംശയങ്ങൾ ദൂരീകരിക്കുന്ന യഥാർഥ അധ്യാപകനായും എല്ലാം നിയന്ത്രിക്കുന്ന ഹെഡ്​മാസ്​റ്ററായും അവൻ അവർക്കു മുന്നിൽ നിന്നു. പേനയും പെൻസിലും നോട്ട്​ബുക്കും വാങ്ങാൻ ഗതിയില്ലാത്തവരെ പരിഗണിക്കാൻ നിർബന്ധിതമായി. അങ്ങനെ പിതാവ്​ നൽകിയ 600 രൂപ ചെലവിട്ട്​ അത്യാവശ്യ സാധനങ്ങളൊരുക്കി. മുന്നോട്ടുപോകാനുള്ള സഹായം തേടി യൂനിഫോമുമിട്ട്​ ആ കൊച്ചു പയ്യൻ സർക്കാർ ഓഫിസുകൾ കയറിയിറങ്ങി. ചിലരൊക്കെ ആവുംവിധം സഹായിച്ചു. മറ്റു ചിലർ കിറുക്കനെന്ന്​ പരിഹസിച്ചു. സ്വന്തം പഠനത്തിൽ ഉഴപ്പുമെന്ന്​ ആശങ്കപ്പെട്ട പിതാവ്​ സ്​കൂൾ പൂട്ടാനും ഒരിക്കൽ ആവശ്യപ്പെട്ടു. എന്നാൽ, തോറ്റുകൊടുക്കാൻ ബാബർ ഒരുക്കമല്ലായിര​ുന്നു. 2003ൽ അവ​െൻറ സ്​കൂൾ ഔദ്യോഗികമായി ഉദ്​ഘാടനം ചെയ്യപ്പെട്ടു. വൈകാതെ ഈ വിദ്യാലയത്തെ കുറിച്ച്​ പുറത്തറിഞ്ഞുതുടങ്ങി.

ബാബർ അലിയുടെ സ്​കൂളി​ന്‍റെ പുതിയ കെട്ടിടം

2008ൽ എട്ടാം ക്ലാസിൽ പഠിക്കു​േമ്പാൾ അവനെ തേടി ഒരു വിളിയെത്തി; നൊബേൽ സമ്മാന ജേതാവായ അമർത്യ സെന്നി​െൻറതായിരുന്നു അത്​. രവീന്ദ്രനാഥ ടാഗോൾ സ്​ഥാപിച്ച മഹാ വിദ്യാലയം ശാന്തിനികേതനിൽ വെച്ച്​ അവൻ ത​െൻറ സ്വപ്​നങ്ങൾ അദ്ദേഹവുമായി പങ്കുവെച്ചു. മുന്നോട്ടുള്ള പ്രയാണത്തിന്​ ആ കൂടിക്കാഴ്​ച നൽകിയ ഊർജം ചെറുതായിരുന്നില്ല. ബി.ബി.സിയുടെ ദാ​രിദ്ര്യവുമായി ബന്ധപ്പെട്ട പഠനത്തിനിടെ ബാബറി​െൻറ നാട്ടിലും സ്​കൂളിലും പ്രതിനിധികളെത്തി. അങ്ങനെ ആ വിദ്യാലയത്തി​െൻറ കഥ ബംഗാളി​െൻറ അതിർത്തി കടന്നു.

ആനന്ദം പകരുന്ന വിദ്യാലയം

പ്രശസ്​തിയും അംഗീകാരങ്ങളും തേടിവരു​േമ്പാഴും ബാബറിനു മുന്നിൽ ചെയ്​തുതീർക്കാർ ഒരുപാട്​ കാര്യങ്ങളുണ്ടായിരുന്നു. പ്രാദേശിക ഭരണകൂടങ്ങളിൽനിന്ന്​ വിദ്യാർഥികൾക്ക്​ എല്ലാ മാസവും അരി ലഭിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും അത്​ വിജയത്തിലെത്തുകയും ചെയ്​തു. പിന്നെ വിദ്യാലയത്തിനു​ ചേർന്നൊരു പേരും കണ്ടെത്തി -ആനന്ദ ശിക്ഷ നികേതൻ (ആനന്ദകരമായ പഠനത്തി​െൻറ ഭവനം). 2011ൽ ഇതൊരു സൊസൈറ്റിയായി രജിസ്​റ്റർ ചെയ്​തു. 2015 ആയപ്പോഴേക്കും ഏറ്റവും വലിയ സ്വപ്​നം യാഥാർഥ്യമായി. ആനന്ദ ശിക്ഷ നികേതന്​ സ്വന്തമായി ഒരു കെട്ടിടം ഒരുങ്ങുന്നത്​ ആ വർഷമാണ്​.

2009ൽ ലഭിച്ച സി.എൻ.എൻ-ഐ.ബി.എൻ റിയൽ ഹീറോസ്​ അവാർഡി​െൻറ സമ്മാനത്തുക ഉപയോഗിച്ച്​ വീടിനടുത്തുള്ള ചതുപ്പുനിലം സ്​കൂൾ പണിയാനായി വാങ്ങിയിരുന്നു. എന്നാൽ, കെട്ടിടം പണിയാൻ തികയാത്തതിനാൽ സ്​ഥലം പഴയതുപോ​െല കിടന്നു. 2013ൽ അൽമിത്ര പ​ട്ടേൽ സംഭാവനയായി നൽകിയ 10 ലക്ഷം രൂപ വിനിയോഗിച്ച്​ ആദ്യ സ്​കൂളിന്​ മൂന്ന്​ കിലോമീറ്റർ അക​െല ശങ്കർപറയിൽ 7200 ചതുരശ്ര അടി സ്​ഥലം വാങ്ങുകയും രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള നിരവധി പേരുടെ സംഭാവനയിലൂടെ രണ്ടു നിലകളിലായി സ്​കൂൾ യാഥാർഥ്യമാക്കുകയുമായിരുന്നു. യാത്രപ്രയാസം അനുഭവിക്കുന്ന വിദ്യാർഥികൾക്കായി സ്​കൂൾ ബസും ഒരുക്കി.

രാഷ്​ട്രപതി രാംനാഥ്​ കോവിന്ദിനൊപ്പം

പശ്ചിമ ബംഗാൾ വിദ്യാഭ്യാസ വകുപ്പി​െൻറ അംഗീകാരമുള്ള ഒരു അൺഎയ്​ഡഡ്​ സ്​ഥാപനമാണ്​ ഇന്ന്​ ആനന്ദ ശിക്ഷ നികേതൻ. സംഭാവനകൾ മാത്രമാണ്​ പാവപ്പെട്ടവർക്കായുള്ള ഈ സ്​ഥാപനത്തെ മുന്നോട്ടു​നയിക്കുന്നത്​. അധ്യാപകരെല്ലം പൂർവ വിദ്യാർഥികൾ. അതിനാൽ അധ്യാപനം ഇവർക്കുമൊരു സേവനമാണ്. ഇതിലൊരാൾ ബാബറി​െൻറ സഹോദരിയും ആദ്യ വിദ്യാർഥിനിയുമായ ആമിന ഖാത്തൂനാണ്​. രാമകൃഷ്​ണ മിഷനാണ്​ പുസ്​തകങ്ങൾ നൽകുന്നത്​. സ്​കൂളിൽ അധ്യാപകരല്ലാത്ത ഒരേയൊരു സ്​റ്റാഫാണുള്ളത്​. അവരുടെ പേര്​ ദുലു മാശി.

മീൻ വിറ്റു നടന്നിരുന്ന അവർ ഇടക്കിടെ സ്​കൂളിൽ എന്ത്​ നടക്കുന്നുവെന്നറിയാൻ എത്തുമായിരുന്നു. പിന്നെ ബെല്ലടിക്കാനും കുട്ടികളുടെ കാര്യങ്ങൾ നോക്കാനുമുള്ള ചുമതല ഇവർക്കായി. ഇന്ന്​ എട്ടാം ക്ലാസ്​ വരെയുള്ള സ്​കൂളിൽ 300ലധികം കുട്ടികൾ പഠിക്കുന്നു. ഇതിൽ 60 ശതമാനത്തിലധികം പെൺകുട്ടികളാണ്​. ഇതിനകം 6000ത്തിലധികം പേർ ഇവിടെനിന്ന്​ വിദ്യ അഭ്യസിച്ചു. ' ഈ കുറഞ്ഞ ജീവിത കാലത്തിനുള്ളിൽ അസാധാരണമായി എന്തെങ്കിലും ചെയ്യുക' എന്ന വാചകം കുറിച്ചുവെച്ചാണ്​ ഈ വിദ്യാലയത്തി​െൻറ പ്രയാണം. ഇവിടെ എത്തുന്നവർക്കെല്ലാം ആനന്ദം പകർന്ന്​ പേരിനെ അവർ അന്വർഥമാക്കുന്നു.

നേട്ടങ്ങളുടെ ഹെഡ്​മാസ്​റ്റർ

2009 ബാബറി​െൻറ ജീവിതത്തിലെ ഏറ്റവും നിർണായക വർഷമായിരുന്നു. ആദ്യം അവനെ തേടി ബി.ബി.സിയുടെ ​'ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ഹെഡ്​മാസ്​റ്റർ' എന്ന വിശേഷണമെത്തി. പ്രമുഖ ഇംഗ്ലീഷ്​ ചാനലായ സി.എൻ.എൻ-ഐ.ബി.എൻ ആ 16കാരനെ റിയൽ ഹീറോസ്​ അവാർഡിന്​ തെരഞ്ഞെടുത്തതും ഇതേ വർഷം തന്നെ. പിന്നെയങ്ങോട്ട്​ അംഗീകാരങ്ങളുടെ പ്രവാഹമായിരുന്നു. 2010ൽ എൻ.ഡി ടി.വിയുടെ 'ഇന്ത്യൻ ഓഫ്​ ദി ഇയർ' ബഹുമതിയെത്തി. 2012ൽ നടൻ ആമിർ ഖാൻ അവതാരകനായ 'സത്യമേവ ജയതേ' ഷോയിൽ ബാബർ എന്ന കുട്ടി ഹെഡ്​മാസ്​റ്ററെ പരിചയപ്പെടുത്തി.

2015ൽ റോട്ടറി ഇന്ത്യ ലിറ്ററസി മിഷ​െൻറ 'ലിറ്ററസി ​ഹീറോ'യായും തെരഞ്ഞെടുക്കപ്പെട്ടു. അതേവർഷം ഇങ്ക്​ (INK) ഫെലോ അവാർഡ്​, 2016ൽ ഇൻറർനാഷനൽ ലിറ്ററസി അസോസിയേഷൻ പുരസ്​കാരം, ബി.ബി.സി നോളജി​െൻറ എജുക്കേഷൻ ലീഡർഷിപ്​ അവാർഡ്​ എന്നീ നേട്ടങ്ങൾക്കു​ പുറമെ​ ഫോബ്​സ്​ ഏഷ്യയുടെ 30 വയസ്സിൽ താഴെയുള്ളവർക്കുള്ള സോഷ്യൽ എൻറർപ്രണർ പട്ടികയിലും ഇടം നേടി. നേട്ടങ്ങളേറെ തേടി വന്നപ്പോഴും ത​െൻറ പ്രവർത്തനങ്ങളും സ്വന്തം പഠനവും മുടങ്ങാതിരിക്കാൻ കരുതലെടുത്തു.

പശ്ചിമ ബംഗാളിലെ കല്യാണി സർവകലാശാലക്കു​ കീഴിലെ ബെർഹാംപൂർ കൃഷ്​ണത്ത്​ കോളജിൽനിന്ന്​ ഇംഗ്ലീഷിൽ ബിരുദം നേടിയ ബാബർ ഇംഗ്ലീഷിലും ചരിത്രത്തിലും ബിരുദാനന്തര ബിരുദവും കരസ്​ഥമാക്കി. 2020 ജനുവരി 25ന്​ രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ്​ ​രാജ്യത്തോടായി നടത്തിയ പ്രസംഗത്തിൽ പ്രശംസിച്ച പേരുകളിലൊന്ന്​ ബാബർ അലിയുടേതായിരുന്നു. ജീവിതത്തിലെ വലിയ അംഗീകാരമായി ബാബർ അതിനെ കാണുന്നു. രാഷ്​ട്രപതിയെ നേരിൽ കാണാനും അവസരമൊത്തു.

ബാബർ അലിയുടെ സ്​കൂളി​ന്‍റെ പുതിയ കെട്ടിടം

പരിധിയില്ലാത്ത സ്വപ്​നങ്ങൾ

ഒരു സർക്കാർ സ്​കൂളോ എയ്​ഡഡ്​ വിദ്യാലയമോ ഇല്ലാത്ത ത​െൻറ ഗ്രാമത്തിലെ നിരക്ഷരതക്കെതിരായ പോരാട്ടത്തിൽ ബാബറി​െൻറ ആനന്ദ ശിക്ഷ നികേതൻ വഹിച്ച പങ്ക്​ ഒരൽപം അത്ഭുതത്തോടെ തന്നെ കാണേണ്ടി വരും. സ്​കൂളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ തനിക്ക്​ എന്നും പ്രചോദനമാകുന്നത്​ സ്വാമി ​വിവേകാനന്ദ​െൻറ അധ്യാപനങ്ങളാണെന്ന്​ അദ്ദേഹം പറയുന്നു. 'മനുഷ്യരോടുള്ള സേവനം ദൈവത്തോടുള്ള സേവനമാണ്​' എന്ന വിവേകാനന്ദ വചനം 28കാരൻ നെഞ്ചോട്​ ചേർക്കുന്നു. സർക്കാറുകളിൽനിന്ന്​ കാര്യമായ സഹായമൊന്നും കിട്ടിയില്ലെങ്കിലും സുമനസ്സുകൾ കൂടെയുണ്ട്​.

അതാണ്​ മുന്നോട്ടുള്ള പ്രയാണം സാധ്യമാക്കുന്നത്​. വിവിധ രാജ്യങ്ങളിൽ ത​െൻറ കഥ പറയാൻ ബാബർ എത്തിയിട്ടുണ്ട്​. പല ​കഥകളും കേട്ടിട്ടുമുണ്ട്​. കേട്ടതിൽ കേരളത്തി​െൻറ വൈജ്​ഞാനിക കുതിപ്പുമുണ്ട്. എല്ലാവർക്കും തുല്യ അവസരത്തോടെ വിദ്യാഭ്യാസം എന്നതാണ്​ ലക്ഷ്യം. അതിനായി രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിൽ വിദ്യാലയങ്ങൾ സ്​ഥാപിക്കണമെന്നും ത​െൻറ സ്​കൂളിനോട്​ ചേർന്ന്​ കോളജ്​ കൂടി സ്​ഥാപിക്കണമെന്നും ഈ യുവാവ്​ സ്വപ്​നം കാണുന്നു. രാജ്യത്തി​െൻറ നല്ല ഭാവിക്കായി നാട്ടുകാരെ പഠിപ്പിക്കൽ ത​െൻറ നിയോഗമാണെന്ന്​ അയാൾ ഉറച്ചു​വിശ്വസിക്കുന്നു.

ബാബർ അലിയു​െടത്​ വെറുമൊരു കഥയല്ല. ദാരിദ്ര്യത്താലും സൗകര്യങ്ങളില്ലാത്തതിനാലും പഠനം നിഷേധിക്കപ്പെട്ടിരുന്ന ഒരു നാടി​െൻറ കൂടി കഥയാണ്​, അവരുടെ അതിജീവന കഥയാണ്​. കുടുംബത്തിൽനിന്ന്​ ആദ്യമായി സ്​കൂളി​െൻറ പടി കയറാൻ ഭാഗ്യം ലഭിച്ച അയാൾ ത​െൻറ ദൗത്യമെന്താണെന്ന്​ ഒമ്പതാം വയസ്സിൽ തിരിച്ചറിഞ്ഞതാണ്​. സി.ബി.എസ്​.ഇയുടെ പത്താം ക്ലാസ്​ ഇംഗ്ലീഷ്​ ടെക്​സ്​റ്റിലും കർണാടക സർക്കാറി​െൻറ ഹയർ സെക്കൻഡറി പാഠപുസ്​തകത്തിലും ഈ യുവാവിന്‍റെ പോരാട്ടങ്ങളെ പരിചയപ്പെടുത്തുന്നത്​ വെറുതെയല്ല. ത​െൻറ വഴിയിൽ ഇനിയുമേറെ സഞ്ചരിക്കാനുണ്ടെന്ന ബോധ്യത്തോടെയാണ്​ അയാൾ നടന്നു നീങ്ങുന്നത്​. ആ വഴികൾ അടച്ചുകെട്ടാൻ ശ്രമിച്ചവരുണ്ട്​, നേട്ടങ്ങളിൽ അസൂയപ്പെട്ടവരുണ്ട്​, വധഭീഷണി വരെ മുഴക്കിയവരുണ്ട്​. അതിനാലയാൾക്ക്​​ കോളജിൽ പരീക്ഷയെഴുതാൻ പൊലീസ്​ സംരക്ഷണം വേണ്ടിവന്നിട്ടുണ്ട്​. പ​േക്ഷ ആരോടും പരിഭവമില്ല. താനേറ്റെടുത്ത കാര്യങ്ങൾ പൂർത്തീകരിക്കാൻ പിന്തുണയുമായി ഒരു കൂട്ടം മനുഷ്യർ എന്നുമുണ്ടാവുമെന്ന ധൈര്യമാണയാൾക്ക്​ കൂട്ട്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World NewsheadmasterBabar AliAnanda Shikshaniketan
News Summary - Babar Ali world's youngest headmaster
Next Story