ബാലഗണേശൻ ഓട്ടത്തിലാണ്; വലിയ ലക്ഷ്യത്തിനായി
text_fieldsഎടപ്പാൾ: നിർമാണ തൊഴിലിലെ ഇടവേളകളിൽ മറുനാടുകളിലേക്ക് ചെസ് മത്സരങ്ങൾക്കായുള്ള ഓട്ടത്തിലാണ് എടപ്പാൾ സ്വദേശിയായ ബാലഗണേശൻ. ഗ്രാൻഡ് മാസ്റ്ററാവുകയെന്നതാണ് ബാലഗണേശന്റെ ഏറ്റവും വലിയ ലക്ഷ്യം. എടപ്പാളിലെ വാടകമുറിയിലാണ് ജീവിതം. ചെസ് ബോർഡിലെ രാജാവിനും മന്ത്രിക്കും പടയാളികൾക്കുമൊപ്പമുള്ള ജീവിതം ബോറടിപ്പിക്കുന്നില്ലെന്ന് ബാലഗണേശൻ പറയുന്നു. ചെറുപ്പം മുതൽതന്നെ ബാലഗണേശന് ചെസിനോട് അടങ്ങാത്ത ആഗ്രഹമായിരുന്നു.
പ്ലസ് ടുവിന് ശേഷം പഠനം അവസാനിച്ചു. പിന്നിട് നിർമാണ തൊഴിൽ ചെയ്താണ് ജീവിച്ചത്. ചെസിനോടുള്ള ഇഷ്ടത്തെ പിന്തുണക്കാൻ ആരുമില്ലാത്തതിനാൽ സ്വയം വഴിതെളിച്ച് നീങ്ങി. കൂലിപ്പണി ചെയ്ത് ലഭിക്കുന്ന പണം ഉപയോഗിച്ച് ദേശീയ, അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുത്തു. പണി ചെയ്ത് കിട്ടുന്ന പണം ഈ ഓട്ടത്തിന് തികയാത്ത അവസ്ഥയാണെന്ന് ബാലഗണേശൻ പറയുന്നു.
മറ്റ് സംസ്ഥാനങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാൻ ചുരുങ്ങിയത് 25,000 രൂപ വേണം. ചില മത്സരങ്ങളിൽ അതിൽ കൂടുതലും വേണം. ഒരു സ്പോൺസർ ഉണ്ടെങ്കിൽ സഹായകമായേനെയെന്ന് ബാലഗണേശൻ പറയുന്നു. നിരവധി സംസ്ഥാനങ്ങളിൽ നടന്ന മത്സരങ്ങളിൽ ബാലഗണേശൻ പങ്കെടുത്ത് വിജയിയായിട്ടുണ്ട്. ചെസ് ഓൺലൈൻ ആയും അല്ലാതെയും പഠിപ്പിക്കുന്നുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.