സ്റ്റോറി ഓഫ് റൂട്ട്സ്
text_fieldsസ്വീകരണമുറികളിലെ അലങ്കാര വിളക്കുകൾ മുതൽ മൾട്ടി നാഷനൽ കമ്പനികളുടെ ഓഫിസുകളിൽവരെ കേരളത്തിലെ ഒരു യുവ സംരംഭകന്റെ മുളയുൽപ്പന്നങ്ങൾ കാഴ്ചകൾക്ക് പുതിയ ഇടമൊരുക്കുകയാണ്
ഇംഗ്ലണ്ടിലെയും പാരിസിലെയുമടക്കം പല വിദേശരാജ്യങ്ങളിലെയും വീടുകളിലും ഓഫിസുകളിലും കേരളത്തിലെ മുളങ്കാടിന്റെ സൗന്ദര്യം പലരൂപങ്ങളിൽ തിളങ്ങിനിൽക്കുന്നുണ്ട്. സ്വീകരണമുറികളിലെ അലങ്കാര വിളക്കുകൾ മുതൽ മൾട്ടി നാഷനൽ കമ്പനികളുടെ ഓഫിസുകളിൽവരെ ഈ മുളയുൽപന്നങ്ങൾ കാഴ്ചകൾക്ക് പുതിയ ഇടമൊരുക്കുകയാണ്. കേരളത്തിലെ ഒരു യുവ സംരംഭകന്റെ കരവിരുതാണ് ഇതിനെല്ലാം പിന്നിൽ. പാലക്കാട് ജില്ലയിലെ എടത്തനാട്ടുകര മുണ്ടക്കുന്ന് സ്വദേശി ജംഷാദ്.
വിവിധ തരത്തിലുള്ള ലൈറ്റ് ഷെയ്ഡുകൾ, ഗിഫ്റ്റുകൾ, ടോയ്സ്, പരമ്പരാഗത രീതിയിലുള്ള ഉൽപന്നങ്ങൾ തുടങ്ങിയവയെല്ലാം മുളകളിൽ തീർത്ത് ശ്രദ്ധേയനാവുകയാണ് ഈ യുവാവ്. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ ബി.ടെക്കിനൊപ്പം എം.ബി.എ ബിരുദധാരികൂടിയാണ് ജംഷാദ്. 2023 ഡിസംബറിൽ ഡൽഹിയിൽ നടന്ന അന്താരാഷ്ട്ര വ്യാപാരമേളയിൽ കേരള പവിലിയനിൽ ഏറ്റവും മികച്ച സ്റ്റാൾ ആയി തിരഞ്ഞെടുക്കപ്പെട്ടത് ജംഷാദിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റേതായിരുന്നു.
ക്ഷമയാണ് ആയുധം
ഓരോ ഉൽപന്നവും നിർമിക്കാൻ അതീവ ശ്രദ്ധയും ക്ഷമയും അത്യാവശ്യമാണെന്ന് ജംഷാദ് പറയുന്നു. രണ്ടു ദിവസം മുതൽ രണ്ടാഴ്ചവരെയാണ് മിക്ക ഉൽപന്നങ്ങളും നിർമിക്കാൻ എടുക്കുക. അതേസമയം, 200 ദിവസംകൊണ്ട് നിർമിച്ച ഉൽപന്നവും കൂട്ടത്തിലുണ്ട്. ഫ്രാൻസിലെ ഒരാൾക്കുവേണ്ടി അയാളുടെ ഇഷ്ടത്തിനനുസരിച്ച് നിർമിച്ചു നൽകുകയായിരുന്നു അത്. യന്ത്രങ്ങൾകൊണ്ട് നിർമിക്കുന്ന വസ്തുക്കളും കൈകൊണ്ട് നിർമിക്കുന്ന വസ്തുക്കളും തമ്മിൽ വലിയ അന്തരമുണ്ടെന്നാണ് ജംഷാദിന്റെ പക്ഷം.
അതുകൊണ്ട് അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കു തയാറുമല്ല. ‘ഹൃദയവും ആത്മാവും ചേർന്നുള്ള ഒരു ബന്ധമാണ് കൈകൊണ്ട് നിർമിക്കുന്നതിലൂടെ വന്നുചേരുന്നത്. എത്ര ദൂരത്തേക്ക് ഉൽപന്നം വിറ്റാലും അതുമായി ഒരു ഹൃദയ ആത്മബന്ധം എപ്പോഴും നിലനിൽക്കും. ഇന്ത്യയിൽ കോവിഡ് രൂക്ഷമായ കാലത്ത് യൂറോപ്പിലെ പല കസ്റ്റമേഴ്സും വിവരങ്ങൾ അന്വേഷിച്ച് വിളിച്ചത് ഇതിന് തെളിവാണ്’ –ജംഷാദ് പറയുന്നു.
വേരുകളുടെ കഥ
സ്റ്റോറി ഓഫ് റൂട്ട് അഥവാ വേരുകളുടെ കഥ എന്നതിലൂടെയാണ് ‘storoot’ എന്ന സംരംഭം പിറവിയെടുത്തത്. സ്കൂൾ പഠനകാലം മുതലേ ജംഷാദിന് കരകൗശല വസ്തുക്കൾ നിർമിക്കുന്നതിന് താൽപര്യമായിരുന്നുവെന്ന് മാതാപിതാക്കളായ അബൂബക്കറും ജമീലയും പറയുന്നു. കുട്ടിക്കാലത്ത് പറമ്പിൽനിന്ന് കിട്ടുന്ന വേരുകൾ വീട്ടിൽ കൊണ്ടുവന്ന് ദിവസങ്ങളോളം അത് മിനുക്കിയെടുത്ത് വിവിധ ഉൽപന്നങ്ങൾ നിർമിക്കാറുണ്ടായിരുന്നു. വർഷങ്ങൾക്കുമുമ്പ് തേക്കുകളുടെയും മറ്റും വേരുകൾ ഉപയോഗിച്ച് നിർമിച്ച ഉൽപന്നങ്ങൾ ഇപ്പോഴും ജംഷാദിന്റെ വീട്ടിലുണ്ട്.
ഉന്നത വിദ്യാഭ്യാസം നേടിയ മകൻ മുളകൊണ്ടുള്ള ഉൽപന്നങ്ങൾ വിൽക്കുന്നതിനോട് തുടക്കത്തിൽ മാതാപിതാക്കൾക്ക് വലിയ യോജിപ്പുണ്ടായിരുന്നില്ല. എന്നാൽ, പിന്നീട് മകന്റെ താൽപര്യം മനസ്സിലാക്കി പൂർണ പിന്തുണ നൽകി. സഹോദരിമാരും മാതാപിതാക്കളും ഇന്ന് ജംഷാദിനോടൊപ്പമുണ്ട്. സഹോദരിമാരും ഇതിലൂടെ വരുമാനം കണ്ടെത്തുന്നു. എയിംസിൽ നഴ്സ് ആയ ഭാര്യ സുഫൈറയും മകൾ നഴ്സറി വിദ്യാർഥി ഹന മറിയവും പിന്തുണയുമായി കൂടെയുണ്ട്.
ഈറ്റ, ആനമുള, മുള്ള് മുള തുടങ്ങിയവ കൊണ്ടാണ് ഈ യുവാവ് ഉൽപന്നങ്ങൾ നിർമിക്കുന്നത്. അയൽപ്രദേശങ്ങളിൽനിന്നാണ് മുള ശേഖരിക്കുന്നത്. കൂടാതെ സ്ഥല ഉടമകളുടെ താൽപര്യാർഥം മുളകൾ നട്ടുപിടിപ്പിക്കാറുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.