ബഷീർ മടങ്ങി; കീബോർഡിൽ പ്രവാസികളുടെ മനംകവർന്ന്
text_fieldsമനാമ: അപ്രതീക്ഷിതമായെത്തിയ മരണവാർത്തയുടെ ഞെട്ടലിലായിരുന്നു ബഹ്റൈനിലെ പ്രവാസലോകം ബുധനാഴ്ച. കീബോർഡ് വായനയിലൂടെ പ്രവാസികളുടെ മനംകവർന്ന കെ.വി. മുഹമ്മദ് ബഷീറിന്റെ വിയോഗം അദ്ദേഹത്തെ അറിയുന്നവർക്ക് അവിശ്വസനീയമായിരുന്നു.
ബഹ്റൈൻ കേരളീയ സമാജം, ഇന്ത്യൻ ക്ലബ് എന്നിവിടങ്ങളിൽ നിരവധി പരിപാടികളിൽ കീബോർഡ് വായിച്ചിട്ടുള്ള ബഷീർ ബഹ്റൈനിലെ സംഗീതലോകത്ത് വിലപ്പെട്ട ഒരു പാരമ്പര്യം അവശേഷിപ്പിച്ചാണ് വിടവാങ്ങുന്നത്. മാപ്പിളപ്പാട്ട് രചയിതാവായ പിതാവിന്റെ മകനായി ജനിച്ച ബഷീർ സംഗീതത്തെ വളരെയധികം സ്നേഹിച്ചിരുന്നു. വൻകിട ഹോട്ടലുകളിലെ സംഗീത പരിപാടികളിലും ചെറിയ കൂട്ടായ്മകളുടെ പരിപാടികളിലും അദ്ദേഹത്തെ കാണാമായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ജുഫൈർ വിൻധം ഗാർഡനിൽ നടന്ന സംഗീത പരിപാടിയിലാണ് അദ്ദേഹം അവസാനമായി കീബോർഡ് വായിച്ചത്.
അങ്ങേയറ്റം അർപ്പണമനോഭാവമുള്ള കലാകാരനായിരുന്നു ബഷീർ എന്ന് അദ്ദേഹത്തോടൊപ്പം സംഗീതപരിപാടികളിൽ പങ്കെടുത്തിട്ടുള്ള ജോബ് ജോസഫ് പറഞ്ഞു. എത്ര വൈകി പരിപാടി അവസാനിച്ചാലും രാവിലെതന്നെ ഉണർന്ന് ജോലിക്ക് പോകാനും അദ്ദേഹത്തിന് മടിയുണ്ടായിരുന്നില്ല. ഹാർമോണിയത്തിലും കഴിവ് തെളിയിച്ച ബഷീർ ഗസൽവേദികളെയും ധന്യമാക്കിയാണ് മടങ്ങുന്നത്.
മസ്കത്തിലും സൗദി അറേബ്യയിലും പ്രവാസജീവിതം നയിച്ചശേഷമാണ് ബഷീർ ബഹ്റൈനിൽ എത്തിയത്.ചുരുങ്ങിയ കാലംകൊണ്ടുതന്നെ ബഹ്റൈൻ പ്രവാസികൾക്കിടയിൽ പേരെടുത്ത അദ്ദേഹം ഒട്ടേറെ വേദികളിൽ തന്റെ സർഗവൈഭവം പുറത്തെടുത്തു.പരിചയപ്പെടുന്നവരുമായി എന്നും അടുപ്പം കാത്തുസൂക്ഷിക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നുവെന്നും ജോബ് ജോസഫ് കൂട്ടിച്ചേർത്തു.
അനുസ്മരണ യോഗം ഇന്ന്
മനാമ: ബുധനാഴ്ച നിര്യാതനായ കീബോർഡ് കലാകാരൻ കെ.വി. മുഹമ്മദ് ബഷീറിെന്‍റ നിര്യാണത്തിൽ അനുശോചിച്ച് ബഹ്റൈൻ മ്യുസീഷ്യൻസിെന്‍റ ആഭിമുഖ്യത്തിൽ വ്യാഴാഴ്ച യോഗം ചേരും. വൈകീട്ട് എട്ടിന് ബഹ്റൈൻ കേരളീയ സമാജം പി.വി.ആർ ഹാളിലാണ് യോഗം. കെ.വി മുഹമ്മദ് ബഷീറിെന്‍റ നിര്യാണത്തിൽ ഇന്ത്യൻ ക്ലബ്ബ് അനുശോചിച്ചു.
ഇന്ത്യൻ ക്ലബ്ബിൽ ചേർന്ന യോഗത്തിൽ പ്രസിഡന്‍റ് കെ.എം. ചെറിയാൻ, ജനറൽ സെക്രട്ടറി സതീഷ് ഗോപിനാഥ്, ഉല്ലാസ് കാരണവർ, ആനന്ദ് ലോബോ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.