മിടുമിടുക്കനാണ് ബാസിത്; അമീറിൽ നിന്ന് സ്വർണമെഡൽ ഏറ്റുവാങ്ങി മലയാളി വിദ്യാർഥിയും
text_fieldsദോഹ: ഖത്തർ സർവകലാശാലയുടെ 46ാമത് ബിരുദ ദാന ചടങ്ങിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ കൈയിൽനിന്ന് സ്വർണമെഡൽ ഏറ്റുവാങ്ങി, അമീറിന്റെ അഭിനന്ദനം ലഭിച്ചതിന്റെ ഇരട്ടി മധുരത്തിലാണ് മലയാളിയായ അബ്ദുൽ ബാസിത് നൗഷാദ്.
സർവകലാശാലയിൽനിന്ന് ഉന്നത വിജയത്തോടെ ബിരുദം പൂർത്തിയാക്കിയ 107 പേർക്ക് അമീർ സ്വർണമെഡൽ സമ്മാനിച്ച് ബിരുദദാനം നിർവഹിച്ചപ്പോൾ, അവരിൽ ഏക മലയാളിയായിരുന്നു തൃശൂർ കരുവന്നൂർ സ്വദേശിയായ ചേന്ദമംഗലത്ത് അബ്ദുൽ ബാസിത്.
ഹമദ് മെഡിക്കൽ കോർപറേഷനിൽ സീനിയർ ഫിനാൻസ് അക്കൗണ്ടന്റായ പിതാവ് നൗഷാദും ഹമദിൽതന്നെ ജോലി ചെയ്യുന്ന ഉമ്മ ഷൈജയും സഹോദരി അദീബയും ഉൾപ്പെടെയുള്ളവരെ സാക്ഷിയാക്കിയായിരുന്നു സ്വദേശി വിദ്യാർഥികൾ നിറഞ്ഞ വേദിയിൽ അവരിൽ ഒരാളായി ബാസിതും ഉന്നതവിജയത്തിനുള്ള അംഗീകാരം നേടിയത്.
ഖത്തറിൽ ജനിച്ച്, പഠിച്ചുവളർന്ന ബാസിത് എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽനിന്നായിരുന്നു സ്കൂൾപഠനം പൂർത്തിയാക്കിയത്. സ്കൂൾതലത്തിൽ ഓരോ ക്ലാസിലും ഒന്നാമനായി, മികച്ച വിദ്യാർഥിക്കുള്ള പുരസ്കാരങ്ങൾ വാങ്ങിക്കൂട്ടിയ ഈ കൗമാരക്കാരൻ ബിരുദപഠനത്തിന് ഖത്തർ സർവകലാശാലയിലെത്തിയപ്പോഴും പതിവു തെറ്റിച്ചില്ല.
സ്കൂൾ ടോപ്പറായി പ്ലസ്ടു കഴിഞ്ഞപ്പോൾ പിതാവിന്റെയും നാട്ടിൽ ഇൻകംടാക്സ് വിഭാഗത്തിൽനിന്ന് വിരമിച്ച വല്യുപ്പയുടെയും വഴിയേ കണക്കുകളുടെ ലോകത്തേക്കായിരുന്നു ബാസിതും കരിയർ തുറന്നത്. അങ്ങനെ തിരഞ്ഞെടുത്ത ബി.ബി.എ അക്കൗണ്ട്സ് ബിരുദത്തിൽ ഇപ്പോൾ ഉന്നത വിജയം നേടി അമീറിന്റെ കൈയിൽനിന്ന് സ്വർണമെഡൽ ഏറ്റുവാങ്ങി പഠനം പൂർത്തിയാക്കി.
ബിരുദദാന ചടങ്ങിൽ അമീറിന്റെ കൈയിൽനിന്ന് മെഡൽ ഏറ്റുവാങ്ങുന്ന കാര്യം നേരത്തേ അറിയിച്ചിരുന്നു. തലേദിനം ചടങ്ങിന്റെ പ്രോട്ടോകോൾ പരിശീലനം നടത്തിയാണ് തിങ്കളാഴ്ച രാവിലെതന്നെ മാതാപിതാക്കൾക്കും സഹോദരിക്കുമൊപ്പം സർവകലാശാല ഹാളിലെത്തിയത്.
പഠനത്തിനൊപ്പം ലോകകപ്പ് ഫുട്ബാൾ വേളയിൽ വളന്റിയർ കുപ്പായത്തിലുമുണ്ടായിരുന്നു ബാസിത്. സ്പെയിൻ ടീമിന്റെ സൂപ്പർവൈസർ ഡ്യൂട്ടിയിലായിരുന്നു സേവനം. മൂത്ത സഹോദരൻ അബ്ദുൽ ഹസീബ് ജോർജിയയിൽ മെഡിക്കൽ അവസാനവർഷ വിദ്യാർഥിയാണ്. സഹോദരി അദീബ ബിർല പബ്ലിക് സ്കൂളിലെ ആറാം ക്ലാസുകാരിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.