കപ്പലിൽ ദുബൈയിലെത്തിയ ബാവ മടങ്ങുന്നു; 45 വർഷത്തെ സംതൃപ്ത പ്രവാസത്തിന് ശേഷം
text_fieldsഅൽഐൻ: 45 വർഷത്തെ പ്രവാസത്തിന് വിരാമമിട്ട് മലപ്പുറം തവനൂർ അതളൂർ സ്വദേശി പി.കെ. മുഹമ്മദ് എന്ന ബാവ നാട്ടിലേക്ക് തിരിക്കുന്നു. 1977ൽ 20ാം വയസ്സിലാണ് മുംബൈ വഴി അക്ബർ എന്ന കപ്പലിൽ ദുബൈയിലെത്തുന്നത്. സുഹൃത്തിന്‍റെ കൂടെ അബൂദബി വഴി ബസിൽ അൽഐനിൽ എത്തി.
ആദ്യത്തെ 10 വർഷം അൽഐനിൽ ഒരു സ്വദേശിയുടെ വീട്ടിൽ പാചകക്കാരനായി ജോലിചെയ്തു. പിന്നീട് 18 വർഷം ശൈഖ് ഖലീഫ കമ്മിറ്റിയുടെ സേവന വകുപ്പിന് കീഴിൽ പാചകക്കാരനായി ജോലിചെയ്തു. തുടർന്ന് ഏഴുവർഷം മറ്റൊരു സ്വദേശിയുടെ വീട്ടിൽ പാചകക്കാരനായി ജോലിചെയ്യുകയും അവസാന 10 വർഷം വിവിധ കെട്ടിടങ്ങളുടെ നാതൂറായി ജോലിചെയ്യുകയുമായിരുന്നു. ഇപ്പോൾ ജോലിചെയ്യുന്ന ശൈഖ സലാമ താമസസ്ഥലം ഒരുകാലത്ത് നിറയെ സ്വദേശികളുടെ വീടുകളും ഒട്ടകങ്ങളുടെയും ആടുകളുടെയും ആലയങ്ങളും നിറഞ്ഞതുമായിരുന്നുവെന്ന് ഇപ്പോൾ ബാവ ഓർക്കുന്നു.
1977ൽ 700 ദിർഹമിന് തുടങ്ങിയതാണ് ജോലി. കുറഞ്ഞ ശമ്പളമായിട്ടും വളരെ തൃപ്തിയോടെയാണ് നാലര പതിറ്റാണ്ട് നീണ്ട പ്രവാസജീവിതം കടന്നുപോയത്. 45 വർഷത്തിനിടെ മൂന്നു സ്പോൺസർമാർക്ക് കീഴിൽ ജോലിചെയ്തിട്ടുണ്ടെങ്കിലും പലപ്പോഴും ദിവസ വേതന അടിസ്ഥാനത്തിലായതിനാൽ മറ്റ് ആനുകൂല്യങ്ങളൊന്നും ലഭിച്ചിരുന്നില്ല. മൂന്നു സ്പോൺസർമാരുമായും അവരുടെ കുടുംബങ്ങളുമായും നല്ല ബന്ധമാണ് ഇദ്ദേഹത്തിന്.
ഇതിനിടെ ഭാര്യയെ വിസിറ്റ് വിസയിൽ കൊണ്ടുവന്ന് പ്രവാസലോകം കാണിച്ചുകൊടുക്കാനുള്ള അവസരം ലഭിച്ചത് വലിയ അനുഗ്രഹമായി അദ്ദേഹം കരുതുന്നു. മക്കളെ പഠിപ്പിക്കുകയും അവരെ വിവാഹം കഴിപ്പിക്കുകയും ചെറിയൊരു സമ്പാദ്യം ബാക്കിയാക്കുകയും ചെയ്തിട്ടാണ് 65ാം വയസ്സിൽ ബാവ വളരെ സന്തോഷത്തോടെയും തൃപ്തിയോടുംകൂടി നാട്ടിലേക്ക് മടങ്ങുന്നത്. ബാധ്യതകളെല്ലാം നിറവേറ്റാൻ കഴിഞ്ഞതിന്‍റെയും ആരോഗ്യത്തോടെ നാടണയാൻ കഴിയുന്നതിന്‍റെയും സന്തോഷത്തിലാണ് ഇദ്ദേഹം.
45 വർഷത്തിനുശേഷം നാടണയുമ്പോഴും 'നാട്ടിൽ വന്നിട്ട് എന്തു ചെയ്യാനാണെന്ന്' സ്നേഹത്തോടെ ചോദിക്കുന്നവരുമുണ്ടെന്ന് ബാവ ചിരിച്ചുകൊണ്ട് പറയുന്നു. ആമിനയാണ് ഭാര്യ. മക്കൾ: ഷാക്കിറ, സമീറ, സുമയ്യ, സുഹൈല, പാരാമെഡിക്കൽ വിദ്യാർഥിയായ അഹമ്മദ് സുഹൈൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.