തിരശ്ശീലക്ക് പിന്നിൽ തൂലികയുടെ കരുത്തുമായി; അജിതകുമാർ
text_fieldsപന്തളം: പ്രദേശത്തിന്റെ സാംസ്കാരിക രംഗത്ത് സവിശേഷ വ്യക്തിമുദ്ര പതിപ്പിച്ച് ശ്രദ്ധേയനാവുകയാണ് ബി. അജിതകുമാർ. പന്തളം ചേരിക്കൽ കളരിക്കൽ തുണ്ടിൽ പരേതരായ കെ. ഭാസ്കരന്റെയും കെ. ഓമനയുടെയും മകനായ ബി. അജിതകുമാർ കവി, നാടകകൃത്ത്, ഗാനരചയിതാവ് തുടങ്ങി നിലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുന്നു. അയ്യൻകാളിയുടെ സമരജീവിത ചരിത്രം നാടകമാക്കിയ കനൽ സൂര്യൻ നാടകത്തിന്റെ രചയിതാവാണ്. 90കളുടെ ആദ്യം മുതൽ കവിതകൾ എഴുതിത്തുടങ്ങി.
പത്രങ്ങളിലും ആനുകാലികങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും എഴുതുന്നു. ആദ്യകാലങ്ങളിൽ സുഹൃത്തുക്കളും ചേരിക്കലിലെ പ്രമുഖ സാംസ്കാരിക സംഘടനയായ ത്രീസ്റ്റാറും നൽകിയ പിന്തുണയാണ് എഴുത്തിന്റെ മേഖലയിൽ നിലയുറപ്പിക്കാൻ സഹായകമായത്. ത്രീസ്റ്റാർ ഡ്രാമ ഡിവിഷൻ ടാസ്ക് നാടകവേദിക്കു വേണ്ടി ‘പുഴ പിന്നെയും ഒഴുകിക്കൊണ്ടേയിരുന്നു’ രണ്ട് മണിക്കൂർ നാടകത്തിലൂടെ നാടകരചനയിലേക്ക് കടന്നു. പിന്നീട് കളിയച്ഛൻ എന്ന നാടകവും അരങ്ങേറി. സ്കൂൾ നാടകങ്ങളും അമച്വർ-പ്രഫഷനൽ നാടകങ്ങളും എഴുതുന്നു. ത്രീസ്റ്റാർ 30ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഗ്രാമിക എന്ന പേരിൽ പുറത്തിറക്കിയ സുവനീറിൽ ചേരിക്കലിന്റെ സമഗ്ര ചരിത്രം തയാറാക്കി. സുവനീറിന്റെ എഡിറ്ററുമായിരുന്നു. നിരവധി ക്ഷേത്രങ്ങളിലേക്ക് ഭക്തിഗാനങ്ങളുടെ രചന നിർവഹിച്ചു. ധാരാളം ഓഡിയോ സീഡികൾക്ക് ഗാനങ്ങളെഴുതി.
പഞ്ചമി സ്മൃതിയരങ്ങാണ് നാടകം വേദിയിൽ എത്തിച്ചത്. പിന്നീട് രാധാകൃഷ്ണൻ പാലാഴിയുടെ നേതൃത്വത്തിൽ ഗ്രാമീണ നാടകശാല ആ നാടകം ഏറ്റെടുക്കുകയും തിരുവനന്തപുരത്ത് അവതരിപ്പിച്ചു തുടങ്ങിയെങ്കിലും കോവിഡ് കാരണം അധികം വേദികളിൽ കളിക്കാനായില്ല. കനൽ സൂര്യൻ നാടകത്തിന്റെ രചനക്ക് മുൻ രാഷ്ട്രപതി കെ.ആർ. നാരായണൻ ഫൗണ്ടേഷൻ കലാ പുരസ്കാരം 2015ൽ ലഭിച്ചു. സുനിൽ വിശ്വം സംവിധാനം ചെയ്ത കുഴി എന്ന സിനിമക്ക് വേണ്ടിയും ചില ഷോർട്ട് ഫിലിമുകൾക്കും ഗാനരചന നിർവഹിച്ചിട്ടുണ്ട്. യുവകലാസാഹിതി പന്തളം മേഖല സെക്രട്ടറി, ജില്ല ജോയന്റ് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിക്കുന്നു. വൈദ്യുതി ബോർഡിൽ കരാർ അടിസ്ഥാനത്തിൽ പന്തളത്ത് മീറ്റർ റീഡറായി ജോലി ചെയ്തുവരുന്നു. സംഗീതയാണ് ഭാര്യ. കാളിദാസൻ, കാവ്യ ദാസൻ, വേദവ്യാസൻ എന്നിവരാണ് മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.