86ലും കടലാസുകൾ കൊണ്ട് ജീവിതം തുന്നുന്ന ബൈൻഡർ ഉണ്ണിച്ചേട്ടൻ’
text_fieldsമല്ലപ്പള്ളി: കടലാസുകൾ തുന്നിച്ചേർത്ത് ആറരപ്പതിറ്റാണ്ടിലേറെയായി ബൈൻഡിങ്ങിൽ വിസ്മയം തീർക്കുകയാണ് ചുങ്കപ്പാറ വട്ടപ്പാറ വീട്ടിൽ വി.എം. മാത്യുവെന്ന ഉണ്ണിച്ചേട്ടൻ.
വയസ്സ് 86 കഴിഞ്ഞിട്ടും തുടരുന്ന ചിട്ടവട്ടങ്ങൾക്കും പ്രവൃത്തിക്കും ഇന്നും മുടക്കമില്ല. ബൈൻഡിങ് ജോലി നൂതന സാങ്കേതിക വിദ്യകളുടെ കടന്നുവരവോടെ ഗണ്യമായി കുറഞ്ഞെങ്കിലും ഉണ്ണിച്ചേട്ടനെ അത് തെല്ലും ബാധിച്ചിട്ടില്ല.
മുമ്പ് ബാങ്കുകളുടെയും വായനശാലകളുടെയും നിരവധി പേപ്പറുകളും വിദ്യാർഥികളുടെ റെക്കോഡ് ബുക്കുകളുമാണ് ബൈൻഡ് ചെയ്തിരുന്നത്. ഇപ്പോൾ ഏറെയും എത്തുന്നത് തലമുറകളായി കൈമാറിവരുന്ന ബൈബിളുകളും വേദഗ്രന്ഥങ്ങളുമാണ്. നൂലിഴകൾ പൊട്ടിയ പുസ്തകങ്ങൾ വീണ്ടും തുന്നിച്ചേർത്ത് കാലിക്കോയും പശയും കാർഡ്ബോർഡും ചേർത്ത് ഒട്ടിച്ച് കട്ടിങ് മെഷീനിൽ അരികുമിനുക്കി പുതുമോടിയിലാക്കുന്നു.
ആവശ്യക്കാർക്ക് ഇതിന് പുറംചട്ടയായി തുകൽ ആവരണവും ഇട്ടുനൽകും. സ്പൈറൽ ബൈൻഡിങ് ആവശ്യമെങ്കിൽ അതും ഇവിടെയുണ്ട്. പകൽ ജോലിചെയ്യുന്നതിന് ഇദ്ദേഹത്തിന് കണ്ണടയും ആവശ്യമില്ല.
ആദ്യകാലങ്ങളിൽ 54 പുസ്തകങ്ങൾ വരെ ഒരുദിവസം പൂർത്തിയാക്കുമായിരുന്നു. എന്നാലിപ്പോൾ 10ൽ താഴെ മാത്രമേ ചെയ്യാൻ കഴിയുന്നുള്ളൂ. ഇപ്പോഴും സമീപ ജില്ലയിൽനിന്ന് വരെ പുസ്തകങ്ങളുമായി ബൈൻഡിങ് ഉണ്ണിച്ചേട്ടനെ തേടി ആളുകളെത്തുന്നു.
ആവശ്യക്കാരെത്തിയാൽ ഫോട്ടോ ഫ്രെയിം ചെയ്യുന്നതിനും സംവിധാനമുണ്ട്. 65ാം വയസ്സിലാണ് ഡ്രൈവിങ് പഠിച്ചതെങ്കിലും ശതാഭിഷേകം പിന്നിട്ടിട്ടും ഞായറാഴ്ചകളിൽ സ്കൂട്ടറിൽ പള്ളിയിലേക്കുള്ള യാത്ര മുടക്കാറില്ല.
അന്ന് മാത്രമാണ് ബൈൻഡിങ് ശാലക്ക് അവധിയുള്ളത്. വിളിപ്പേരിനൊപ്പം തൊഴിൽപേരും ചേർന്ന് നാട്ടുകാരുടെ ബൈൻഡർ ഉണ്ണിച്ചേട്ടൻ എന്ന വിളിയാണ് ഇന്നും തനിക്ക് പ്രചോദനം നൽകുന്നതെന്ന് ഇദ്ദേഹം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.