പോത്തേട്ടൻസ് Brillianzzz...
text_fieldsമലയാള സിനിമയിലെ വേറിട്ട പേരാണ് ദിലീഷ് പോത്തൻ. റിയലിസ്റ്റിക് സിനിമയെ പുതുതലമുറക്ക് പരിചയപ്പെടുത്തിയവരുടെ പട്ടികയെടുത്താൽ അതിന്റെ തലപ്പത്ത് ദിലീഷിന്റെ പേരുണ്ടാകും. ഇക്കാലത്തിനിടക്ക് സംവിധാനം ചെയ്തത് മൂന്ന് സിനിമകൾ മാത്രമാണെങ്കിലും പ്രേക്ഷകരുടെ മനസിൽ തങ്ങിനിൽക്കുന്ന നിരവധി കഥാപാത്രങ്ങളെയാണ് ആ ചിത്രങ്ങൾ സൃഷ്ടിച്ചെടുത്തത്. കാമറക്ക് മുന്നിലും പിന്നിലും ഒരുപോലെ തിളങ്ങുന്ന പോത്തേട്ടന്റെ ബ്രില്യൻസ് ഇപ്പോൾ നിർമാണത്തിലേക്കും കടന്നിരിക്കുന്നു. എസ്.ജെ. സിനു സംവിധാനം ചെയ്ത പുതിയ ചിത്രമായ 'ജിബൂട്ടിയുടെ' പ്രചരണത്തിന് ദുബൈയിൽ എത്തിയ അദ്ദേഹം 'ഗൾഫ് മാധ്യമ'വുമായി വിശേഷങ്ങൾ പങ്കുവെക്കുന്നു...
നടൻ, സംവിധായകൻ, നിർമാതാവ്; ആരെയാണ് കൂടുതൽ ഇഷ്ടം ?
സംവിധായകനെത്തന്നെ. ഏറ്റവും റിസ്കുള്ള ജോലി അതാണെങ്കിലും സംവിധായകന്റെ റോളാണ് പ്രിയപ്പെട്ടത്. ഒരു സിനിമ സംവിധാനം ചെയ്താൽ രണ്ട് വർഷം ആയുസ് കുറയുമെന്നാണ് പറയുന്നത്. മൂന്ന് സിനിമ കഴിഞ്ഞപ്പോൾ ആറ് വർഷം ആയുസ് കുറഞ്ഞിട്ടുണ്ടാവും. ആദ്യ സിനിമയായ മഹേഷിന്റെ പ്രതികാരം ചെയ്തപ്പോൾ ഒരു മുടി പോലും നരച്ചിരുന്നില്ല. അത് കഴിഞ്ഞപ്പോഴാണ് നര കയറിതുടങ്ങിയത്. അഭിനയിക്കുമ്പോഴും നിർമിക്കുമ്പോഴും ഞാനൊരു ഡയറക്ടറാണെന്ന ധാരണ മാറ്റിവെക്കാറുണ്ട്.
മൂന്നും മൂന്നാണ്. ആക്ടർ സിനിമയെ സമീപിക്കുന്നത് പോലെയല്ല സംവിധായകൻ സമീപിക്കുന്നത്. മറ്റൊരാളുടെ സിനിമയിൽ അഭിനയിക്കുമ്പോൾ ഞാൻ വെറും അഭിനേതാവ് മാത്രമായിരിക്കും. അങ്ങിനെയല്ലാതെ ആ സിനിമയെ സമീപിച്ചാൽ മറ്റൊരു ഡയറക്ടറുടെ കാര്യത്തിൽ കൈകടത്തലാകും. എന്റെ ഈ കാഴ്ചപ്പാട് ശരിയാണെന്നാണ് വിശ്വാസം. അതുകൊണ്ടാണ് ഇത്രയേറെ സിനിമ ചെയ്യാൻ കഴിഞ്ഞത്.
റിയലിസ്റ്റിക് സിനിമ മാത്രം മതിയോ ?
അങ്ങിനെ യാതൊരു നിർബന്ധവുമില്ല. എല്ലാത്തരം സിനിമകളും ചെയ്യണമെന്നാണ് ആഗ്രഹം. സാഹചര്യങ്ങൾ അനുകൂലമായി വന്നത് കൊണ്ട് അത്തരം സിനിമകൾ ചെയ്തുവെന്ന് മാത്രം. എനിക്കിഷ്ടപ്പെട്ട സിനിമയാണ് ഞാൻ ചെയ്യുന്നത്. ഷൂട്ടിങിന്റെ അടുത്തെത്തിയ ശേഷം തൃപ്തി പോരാത്തതിന്റെ പേരിൽ ഉപേക്ഷിച്ച സിനിമകൾ പോലുമുണ്ട്. ഓരോ സിനിമയും ഓരോ ശ്രമങ്ങളാണ്. ചില ശ്രമങ്ങൾ വിജയിക്കും, ചിലത് പരാജയപ്പെടും. എങ്കിലും, ശ്രമിക്കുക എന്നതാണ് എന്റെ പോളിസി. പരാജയത്തിൽ നിന്ന് ഒളിച്ചോടാനായിരുന്നെങ്കിൽ പണ്ടേ ഒളിച്ചോടേണ്ടയാളാണ് ഞാൻ. എനിക്ക് ചെയ്യാൻ കഴിയുന്ന സിനിമയാണെന്ന് തോന്നിയാൽ ഏത് ചിത്രവും ചെയ്യും.
ചില ടൈപ്പുകൾ മാത്രമെ ചെയ്യൂ എന്ന് യാതൊരു പിടിവാശിയുമില്ല. പ്രവാസികളുടെ ജീവിതത്തെകുറിച്ച് അത്ര വലിയ ധാരണയില്ലാത്തതിനാൽ അത്തരം സിനിമകളെ കുറിച്ച് ആലോചിച്ചിട്ടില്ല. ഭാവിയിൽ ആലോചിക്കാം. ദീർഘമായ ഗവേഷണം വേണ്ടി വരും. താരങ്ങൾക്ക് മുൻകൂട്ടി സീൻ വായിക്കാൻ നൽകാറില്ല. അവർക്ക് ഡയലോഗ് പറഞ്ഞ് കൊടുക്കുകയും സാഹചര്യം വിവരിക്കുകയുമാണ് ചെയ്യുന്നത്. അഭിനയം റിയലാകാൻ ഇതാണ് ബെസ്റ്റ്. ചില ഡയലോഗുകൾ സാഹചര്യത്തിനനുസരിച്ച് ഉരുത്തിരിഞ്ഞ് വരാറുണ്ട്.
ആദ്യ മൂന്ന് സിനിമയിലുംനായകൻ ഫഹദ്. യാദൃശ്ചികമാണോ ?
അത് സംഭവിച്ചുപോയതാണ്. രണ്ട് സിനിമ കഴിഞ്ഞപ്പോൾ അടുത്തത് മറ്റാരെയെങ്കിലുംവെച്ച് സിനിമ ചെയ്യണമെന്നായിരുന്നു കരുതിയിരുന്നത്. പക്ഷെ, ചില സാഹചര്യങ്ങൾ വന്നപ്പോൾ അതിങ്ങനെയായി. മൂന്നാമത്തെ ചിത്രം ജോജി ഒരുപാട് പരിമിതികൾക്കുള്ളിൽ നിന്ന് ചെയ്ത ചിത്രമാണ്. കോവിഡിന്റെ സാഹചര്യത്തിൽ അത്തരമൊരു ചിത്രം ചെയ്യണമെങ്കിൽ ഒരുപാട് സഹകരണം വേണ്ടിവരും. അതാണ് ഫഹദിനെ കുറിച്ച് ആലോചിക്കാനുള്ള പ്രധാന കാരണം. ഇതിനെല്ലാമുപരി അസാധ്യ അഭിനയപാടവമുള്ള നടനല്ലേ ഫഹദ്. ഓരോ കഥാപാത്രത്തെയും പഠിച്ച് നിരീക്ഷിച്ചാണ് അവതരിപ്പിക്കുന്നത്. നല്ല ചോദ്യങ്ങളും ചോദിക്കും. അതല്ലാതെ, ഒരു ഗ്രൂപ്പിനെ വെച്ച് മാത്രമെ സിനിമ ചെയ്യു എന്ന യാതൊരു പിടിവാശിയുമില്ല.
സഭ്യമല്ലാത്ത വാക്കുകൾ 'ജോജി'യിൽ ഉൾപെടെ ഉപയോഗിച്ചിരിക്കുന്നു. ഇത്കുടുംബ പ്രേക്ഷകരെ ബാധിക്കില്ലേ ?
സമൂഹത്തിലുള്ള കാര്യങ്ങൾ തന്നെയാണിത്. ഇത്തരം വാക്കുകൾ സിനിമയിൽ ഉപയോഗിക്കുന്നതിൽ യാതൊരു തെറ്റും കാണുന്നില്ല. താൽപര്യമില്ലാത്തവർ ഇത്തരം സിനിമകൾ കാണാതിരിക്കുക എന്നതാണ് അതിനുള്ള പരിഹാരം. സിനിമ പുറത്തിറങ്ങി ആദ്യ ദിവസം കഴിഞ്ഞാൽ അതേകുറിച്ചുള്ള അഭിപ്രായങ്ങൾ അറിയാമല്ലോ. പിന്നീടുള്ള ദിവസങ്ങളിൽ കൃത്യമായ ധാരണയോടെയായിരിക്കും പ്രേക്ഷകർ സിനിമ കാണാൻ ഇരിക്കുക. ഞാൻ ഇത്തരം സിനിമകൾ കാണാൻ ആഗ്രഹിക്കുന്നയാളാണ്. അങ്ങിനെ മാറ്റി നിർത്തേണ്ട പദങ്ങളാണ് അവയെന്ന് തോന്നുന്നില്ല. അത്തരം സിനിമകൾ ഉണ്ടാകണം. ഇതൊരു ശ്രമമാണ്.
പുതുതലമുറയിലെ സിനിമ ?
ഞാൻ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന സമയത്ത് ഒരു സിനിമ നിർമിക്കുക എന്നത് ഇന്നത്തേക്കാൾ പാടായിരുന്നു. പ്രൊഡ്യൂസർമാരെ കൺവിൻസ് ചെയ്യിക്കുക എന്നത് അത്ര എളുപ്പമല്ലായിരുന്നു. ഇപ്പോൾ പുതുമുഖങ്ങളെ വെച്ചാണെങ്കിലും സിനിമയെടുക്കാൻ നിർമാതാക്കൾ തയാറാണ്. കഥ നല്ലതാകണമെന്ന് മാത്രം. ഞങ്ങൾ നിർമിക്കുന്ന അടുത്ത സിനിമ 'ഭാവന'യുടെ ഷൂട്ടിങ് ഈ മാസം തുടങ്ങും.
പുതിയ സംവിധായകനാണ്. അങ്ങനെയുള്ളവർക്ക് അവസരം നൽകാനാണ് പദ്ധതി. ഇന്നത്തെ കാലത്ത് ഓരോ സിനിമ കഴിയുമ്പോഴും വ്യത്യസ്ത അഭിപ്രായങ്ങൾ ലഭിക്കും. മുൻപ് ഒരു സിനിമ കഴിഞ്ഞിറങ്ങിയാൽ നല്ലത്, അല്ലെങ്കിൽ മോശം എന്ന് മാത്രമെ അഭിപ്രായുണ്ടായിരുന്നുള്ളു. ഇന്ന് നാല് പേർ സിനിമക്ക് കയറിയാൽ നാല് അഭിപ്രായങ്ങളായിരിക്കും. വിലയിരുത്തലുകൾ സിനിമക്ക് ഗുണം ചെയ്യും. പ്രേക്ഷകർ സിനിമയെ ഗൗരവമായി കാണുന്നുണ്ട് എന്നതിന്റെ തെളിവാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.