ഗോളി മുസ്തഫ
text_fieldsസി. മുസ്തഫക്കുവേണ്ടി ഗോൾമുഖം ഒഴിഞ്ഞുകൊടുത്തത് പീറ്റർ തങ്കരാജാണ്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഗോൾകീപ്പർ. ഒരേസമയം ഇരുവരും ഇന്ത്യൻ ടീമിലുണ്ടായിരുന്നു. വിദ്യാർഥിയായിരിക്കുമ്പോഴാണ് മുസ്തഫ ഇന്ത്യൻ ടീമിലെത്തിയത്
ളോഹയും ജപമാലയും ഊരിവെച്ച് ലൂസിയെ പിൻസീറ്റിലിരുത്തി ജബ്ബാറിനോട് രണ്ട് കണക്കുപറയാന് ഗീവർഗീസച്ചൻ സ്കൂട്ടറിൽ കുതിച്ചിട്ടുണ്ടെങ്കിൽ അതിന് ഒരു കാരണക്കാരനേയുള്ളൂ, ഹിഗ്വിറ്റ. അതെ, ആ ചുരുളത്തലമുടിയനായ കിറുക്കൻ-കൊളംബിയൻ ഗോൾകീപ്പർ റെനെ ഹിഗ്വിറ്റ.
1990ൽ എൻ.എസ്. മാധവൻ എഴുതിയ കഥയിലാണ് ഗീവർഗീസച്ചന് ഹിഗ്വിറ്റ പ്രചോദനമാവുന്നത്. എൺപതുകളിൽ ഒരു പതിറ്റാണ്ടോളം എൻ.എസ്. മാധവന് എഴുത്തുമുട്ട് (റൈറ്റേഴ്സ് ബ്ലോക്ക്) അനുഭവപ്പെട്ടിരുന്നു. ‘ഹിഗ്വിറ്റ’ എഴുതിയതോടെയാണ് ആ മുട്ട് നീങ്ങിയത്. വൈകാതെ ‘തിരുത്ത്’ ഉൾപ്പെടെ ശ്രദ്ധേയമായ കഥകൾ മാധവൻ എഴുതി.
കാൽ നൂറ്റാണ്ട് കഴിഞ്ഞപ്പോൾ ‘ഹിഗ്വിറ്റ’ എന്ന പേരിൽ മലയാളം സിനിമ റിലീസായി. ഇടതുപക്ഷ തീപ്പൊരി പന്ന്യന്നൂർ മുകുന്ദനും മലബാറിലെ ഇടതുപക്ഷ രാഷ്ട്രീയവുമാണ് സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹിഗ്വിറ്റ’യുടെ ഇതിവൃത്തം. ‘ഹിഗ്വിറ്റ’യുമായി ഒരു ബന്ധവുമില്ലാത്ത സിനിമക്ക് ആ പേരിടുന്നതിനെതിരെ എൻ.എസ്. മാധവൻ രംഗത്തുവന്നു. ഒരു കൊളംബിയൻ ഗോൾകീപ്പർ കേരളത്തിൽ സാംസ്കാരിക ചർച്ചയാവുന്നത് ഇംഗ്ലീഷ് മാധ്യമങ്ങൾ കൗതുകത്തോടെ റിപ്പോർട്ട് ചെയ്തു.
എന്തുകൊണ്ടാവും കൊളംബിയക്കാരനായ ഹിഗ്വിറ്റ ഇന്നും കേരളത്തിലെ ഏറ്റവും അറിയപ്പെടുന്ന ഗോൾകീപ്പറായി നിലനിൽക്കുന്നത്, പരമ്പരാഗത ഗോളിമാരെപ്പോലെ ഗോൾമുഖത്ത് കാവലാളായി നിൽക്കാതെ, തക്കം കിട്ടുമ്പോൾ ആക്രമിച്ചുകയറുന്ന ആ കിറുക്കൻ നമ്മുടെ ഭാവനകളെ ത്രസിപ്പിക്കുന്നത്, ലൂസിയുടെ പരാതികൾ ഒരു ഗോളിയെപ്പോലെ പ്രതിരോധിച്ചു നിന്നിരുന്ന ഗീവർഗീസച്ചന് ഒടുവിൽ ഹിഗ്വിറ്റയുടെ കളി കണ്ട് ഒരു പോരാളിയെപ്പോലെ ജബ്ബാറിനെ അയാളുടെ മടയിൽ ചെന്ന് അടിച്ചുവീഴ്ത്തിയത്?
ചരിത്രപരമായി മികച്ച ഗോൾകീപ്പർമാർ കേരളത്തിൽ ഉണ്ടായിട്ടില്ല. ഏഴ് മലയാളി ഫുട്ബാളർമാർ ഇന്ത്യക്കുവേണ്ടി ഒളിമ്പിക്സിൽ പങ്കെടുത്തിട്ടുണ്ട് -തിരുവല്ല പാപ്പനും (1948 ഒളിമ്പിക്സ്) കോട്ടയം സാലിയും (1952) ഒ. ചന്ദ്രശേഖര മേനോനും (1960) ഫുൾബാക്കുകളായിരുന്നു.
കേരളത്തിൽ അറിയപ്പെടും മുമ്പെ ഇന്ത്യൻ ഒളിമ്പിക് ടീമിലെത്തിയ ജെ. ആന്റണി (1952) സെന്റർ ഹാഫായിരുന്നു, കണ്ണൂർ ലക്കി സ്റ്റാറിന്റെ എം. ദേവദാസ് (1960) ഇൻസൈഡ് ഫോർവേഡും. ടി.എ. റഹ്മാൻ (1956) എക്കാലത്തെയും മികച്ച സെന്റർ ബാക്കുകളിലൊരാളായിരുന്നു. രണ്ട് ഒളിമ്പിക്സിൽ (1956, 1960) ഇന്ത്യൻ ടീമിന്റെ ഭാഗമായ എസ്.എസ്. നാരായണൻ മാത്രമാണ് ഇതിൽ ഗോൾകീപ്പർ. നാരായണൻ ജനിച്ചത് പാലക്കാട്ടാണെങ്കിലും രണ്ടാം വയസ്സ് മുതൽ ബോംബെയിലായിരുന്നു.
മഹാരാഷ്ട്രക്കൊപ്പം സന്തോഷ് ട്രോഫി നേടുകയും അവർക്കുവേണ്ടി ബാസ്കറ്റ്ബാൾ കളിക്കുകയും ചെയ്തു അദ്ദേഹം. പിൽക്കാലത്ത് ഇന്ത്യയോളം പ്രശസ്തരായവരിൽ വി.പി. സത്യനും യു. ശറഫലിയും ഡിഫൻഡർമാരായിരുന്നു, ഐ.എം. വിജയൻ ഫോർവേഡ് ആയിരുന്നു. ജോ പോൾ അഞ്ചേരി ഗോൾകീപ്പറുടേത് ഒഴികെ എല്ലാ പൊസിഷനിലും കളിച്ചു. ഒരു പക്ഷേ ഏറ്റവും പ്രശസ്തനായ മലയാളി ഗോൾകീപ്പർ വിക്ടർ മഞ്ഞിലയായിരിക്കണം. വളരെ കുറഞ്ഞ കാലയളവിലേ അദ്ദേഹം ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നുള്ളൂ.
****
ഇന്ത്യൻ ഫുട്ബാളിന്റെ ചരിത്രമെഴുതിയ നോവി കപാഡിയ ഏഴ് ഒളിമ്പ്യന്മാർ കഴിഞ്ഞാൽ ഏറ്റവും മികച്ച മലയാളി ഫുട്ബാളറായി വാഴ്ത്തുന്നത് സി. മുസ്തഫയെയാണ്. ഇന്ത്യൻ ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും ജാഗരൂകനായ ഗോൾകീപ്പറെന്നാണ് മുസ്തഫയെക്കുറിച്ച് കപാഡിയ എഴുതിയത്. 1966ലെ ബാങ്കോക് ഏഷ്യൻ ഗെയിംസിലും 1964 മുതൽ തുടർച്ചയായി അഞ്ച് മെർദേക്ക കപ്പിലും മുസ്തഫ കളിച്ചെന്നാണ് കപാഡിയ രേഖപ്പെടുത്തുന്നത്.
എന്നാൽ, 1963ൽ ഇന്ത്യ മെർദേക്ക കപ്പിൽ ഫൈനലിലെത്തിയപ്പോൾ മുസ്തഫയായിരുന്നു ഗോളിയെന്നാണ് കായിക കേരള ചരിത്രത്തിൽ സനൽ പി. തോമസ് എഴുതുന്നത്. കണ്ണൂർ കാതിരി കണക്കപ്പിള്ളന്റകത്ത് മുസ്തഫ പതിനേഴാം വയസ്സിൽ ഇന്ത്യൻ ഗോർകീപ്പറാവുകയും 1963 മുതൽ 1970 വരെ ഇന്ത്യക്കു കളിക്കുകയും ചെയ്തുവെന്ന് സനൽ പി. തോമസ് പറയുന്നു.
16 വയസ്സും 205 ദിവസവും പ്രായമുള്ളപ്പോഴാണ് സചിൻ ടെണ്ടുൽകർ ക്രിക്കറ്റിൽ ഇന്ത്യക്കുവേണ്ടി അരങ്ങേറിയത്. ഏറ്റവും ചെറിയ പ്രായത്തിൽ ഇന്ത്യക്കുവേണ്ടി കളിച്ചയാളാണ് സചിൻ. സചിനെ അറിയാത്ത ഒരു ക്രിക്കറ്റ് പ്രേമിയും ഇന്ത്യയിൽ ഉണ്ടാവില്ല. പക്ഷേ, പതിനേഴാം വയസ്സിൽ ഇന്ത്യക്കുവേണ്ടി അരങ്ങേറിയ സി. മുസ്തഫയെ ആർക്കാണ് അറിയുക?
ഇന്ത്യൻ ഫുട്ബാൾ കളിക്കാരുടെ പ്രായം തിരിച്ചുള്ള കണക്ക് പുതിയ നൂറ്റാണ്ടിലേത് മാത്രമേ ലഭ്യമായിട്ടുള്ളൂ, അതനുസരിച്ച് ഏറ്റവും ചെറിയ പ്രായത്തിൽ ഇന്ത്യക്കുവേണ്ടി അരങ്ങേറിയത് ദേബബ്രത റോയിയാണ്, പതിനേഴാം വയസ്സിൽ. മുസ്തഫ അധികമൊന്നും പിറകിലായിരിക്കില്ല.
സി. മുസ്തഫക്കുവേണ്ടി ഗോൾമുഖം ഒഴിഞ്ഞുകൊടുത്തത് പീറ്റർ തങ്കരാജാണ്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഗോൾകീപ്പർ. ഒരേസമയം ഇരുവരും ഇന്ത്യൻ ടീമിലുണ്ടായിരുന്നു. വിദ്യാർഥിയായിരിക്കുമ്പോഴാണ് മുസ്തഫ ഇന്ത്യൻ ടീമിലെത്തിയത്. കൽക്കത്തയിൽ മുഹമ്മദൻ സ്പോർട്ടിങ്ങിനു കളിക്കുമ്പോൾ മുസ്തഫ സെന്റ് സേവ്യേഴ്സ് കോളജിൽ ഡിഗ്രിക്ക് പഠിക്കുകയായിരുന്നു. അവിടെ സഹപാഠികളിലൊരാൾ വേസ് പേസായിരുന്നു, ഒളിമ്പിക് മെഡൽ നേടിയ ഹോക്കി താരം.
ഒളിമ്പിക് മെഡൽ നേടിയ ലിയാൻഡർ പേസിന്റെ പിതാവ്. വേസ് പേസ് പിന്നീട് ബി.സി.സി.ഐയുടെയും ഇന്ത്യൻ ടെന്നിസ് ടീമിന്റെയും കൺസൾട്ടിങ് ഡോക്ടറായി. ഇന്ദർ സിങ്ങിനും ജർണയിൽ സിങ്ങിനും പി.കെ. ബാനർജിക്കുമൊക്കെയൊപ്പം കളിച്ചയാളാണ് മുസ്തഫ. എന്തുകൊണ്ടും ഇന്ത്യൻ ഫുട്ബാളിന്റെ, ഇന്ത്യൻ സ്പോർട്സിന്റെ സുവർണകാലത്തിന്റെ പ്രതിനിധിയാണ് അദ്ദേഹം. എന്നിട്ടും എന്തുകൊണ്ട് മുസ്തഫ അധികമറിയപ്പെടാതെ പോയി? വിക്കിപീഡിയയിൽ സി. മുസ്തഫ എന്ന പേജുണ്ട്. പക്ഷേ, അതിൽ ഒരു വരിപോലുമില്ല.
കാരണം വ്യക്തമാണ്. ഹിഗ്വിറ്റയുടെ വിപരീതമാണ് മുസ്തഫ. ഹിഗ്വിറ്റ തരവും തഞ്ചവും കിട്ടുമ്പോഴൊക്കെ ആക്രമിച്ചു കയറിയപ്പോൾ മുസ്തഫ കളിയിലും ജീവിതത്തിലും തന്റെ ഗോൾമുഖത്ത് ഒഴിഞ്ഞുനിന്നു. കളിക്കാലം കഴിഞ്ഞപ്പോൾ ആരാലും ശ്രദ്ധിക്കപ്പെടാതെ കരയിലിരുന്നു.
ബ്രദേഴ്സ് ക്ലബിലും ഇന്ത്യൻ ടീമിലും കൽക്കത്തയിലും ബോംബെ മഹീന്ദ്രയിലുമൊക്കെ കളിച്ച കാലത്തെ സുവർണസ്മരണകൾ പറഞ്ഞ് ആളാവാൻ ശ്രമിച്ചില്ല. ആരുമായും സൗഹൃദം നിലനിർത്തിയില്ല. ടി.വിയിൽപോലും കളികൾ അപൂർവമായേ കണ്ടുള്ളൂ. അഭിമുഖത്തിന് വരുന്നവരുമായി സംസാരിക്കാനോ അവർക്കു മുന്നിൽ ഫോട്ടോക്ക് പോസ് ചെയ്യാനോ താല്പര്യം കാണിച്ചില്ല.
****
യഥാർഥത്തിൽ പതിനേഴാം വയസ്സിലാണോ മുസ്തഫ ഇന്ത്യന് ടീമിലെത്തിയത്, എന്തുകൊണ്ടാണ് പീറ്റർ തങ്കരാജിനെ മാറ്റി അദ്ദേഹത്തിന് ഇന്ത്യൻ ഗോള്കീപ്പറുടെ സ്ഥാനം ലഭിച്ചത് തുടങ്ങി ഒരുപാട് സംശയങ്ങൾ തീർക്കാനാണ് മുസ്തഫയെ ബന്ധപ്പെടുന്നത്.
മുംബൈയില് മഹീന്ദ്ര ജീവനക്കാരുടെ അപ്പാർട്മെന്റിലാണ് അദ്ദേഹവും ഭാര്യയും താമസിക്കുന്നത്. അവർക്ക് മക്കളില്ല. മുംബൈയിൽനിന്ന് നാട്ടിലെത്തുന്ന സന്ദർഭം നോക്കി കണ്ണൂർ താണയിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തി.
സാധാരണ പഴയകാല കളിക്കാരുടെ ഓർമകളിൽ ഒന്ന് തൊട്ടാൽ മതി, അത് അനർഗളമായി ഒഴുകും. പക്ഷേ മുസ്തഫയെ കളിക്കാലത്തിന്റെ ഗൃഹാതുരത്വം അലട്ടുന്നില്ല. ഗാലറികളുടെ ഇരമ്പം അദ്ദേഹത്തെ ത്രസിപ്പിക്കുന്നില്ല. വീരോചിതമായ തന്റെ കളിക്കാലത്തെക്കുറിച്ച് വാചാലനായില്ല.
അതികായനാണ് മുസ്തഫ. ആ വൻമതിലിനപ്പുറത്ത് ത്രസിപ്പിക്കുന്ന ഒരു ജീവിതകഥ വിസ്മൃതമായിക്കിടന്നു. ചോദ്യങ്ങളിൽ സഹികെട്ടാവണം, തന്നെക്കുറിച്ച് അക്കാലത്ത് എഴുതപ്പെട്ട കുറിപ്പുകളുടെ സമാഹാരം വീട്ടിലുണ്ടെന്നും മുംബൈയിലെത്തിയ ഉടൻ അയച്ചു തരാമെന്നും അദ്ദേഹം പറഞ്ഞു.
ഒന്നു രണ്ടാഴ്ച കഴിഞ്ഞ് ഒരു തപാലും കാണാതിരുന്നപ്പോൾ മുസ്തഫയെ വിളിച്ചു. അടുത്തയാഴ്ച അയക്കാമെന്ന് അദ്ദേഹം മറുപടി നൽകി. രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും വിളിച്ചു, അദ്ദേഹം അതേ മറുപടി തന്നു. അങ്ങനെയങ്ങനെ കോവിഡ് കാലം വന്നു. എന്റെ വിളികളുടെ ശല്യത്തിൽനിന്ന് അദ്ദേഹം രക്ഷപ്പെട്ടു.
ഈയിടെ കണ്ണൂർ ബ്രദേഴ്സ് ക്ലബിന്റെ വാർഷികത്തോടനുബന്ധിച്ച് മുസ്തഫ കണ്ണൂരിലെത്തിയപ്പോൾ അദ്ദേഹത്തിന്റെ ഓർമകൾ മുഴുവൻ ഒപ്പിയെടുക്കണമെന്ന് ആഗ്രഹിച്ചു. പക്ഷേ, ഇന്ത്യൻ ഫുട്ബാളിലെ വൻമരങ്ങൾക്കൊപ്പം സഞ്ചരിച്ച ആ കളിക്കാരൻ വല്ലാതെയൊന്നും മനസ്സ് തുറന്നില്ല. ലേഖനങ്ങൾ എവിടെയെന്ന് ചോദിച്ചപ്പോൾ അത് ആരോ കൊണ്ടുപോയി, തിരിച്ചുകിട്ടിയില്ല എന്നായിരുന്നു നിസ്സംഗമായ മറുപടി. ഒരുപക്ഷേ ഒരു കളിക്കാരന്റെ ഏറ്റവും വലിയ സമ്പത്തായിരിക്കാം കളിക്കുന്ന കാലത്ത് തന്നെക്കുറിച്ച് പ്രസിദ്ധീകൃതമായ കുറിപ്പുകൾ.
****
കണ്ണൂർ മുനിസിപ്പൽ ഹൈസ്കൂളിൽ പഠിക്കുമ്പോഴാണ് മുസ്തഫക്ക് ഫുട്ബാളിൽ കമ്പം കയറുന്നത്. എന്തുകൊണ്ടാണ് ഗോൾകീപ്പറാവാൻ തീരുമാനിച്ചത്, ഏതെങ്കിലും ഗോൾകീപ്പർ പ്രചോദനമായിരുന്നുവോ -ലവ് യാഷിൻ, ഗോർഡൻ ബാങ്ക്സ്, ദിനോസോഫ്...? യാഷിനെ അറിയാം. എങ്കിലും അക്കാലത്ത് ടി.വിയൊന്നും ഇല്ലല്ലോ? മെർദേക്കയിൽ കളിക്കാൻ ക്വാലാലംപൂരിൽ പോയപ്പോഴാണ് ആദ്യം ടി.വി കാണുന്നത് തന്നെ.
ബ്രദേഴ്സ് ക്ലബിൽ ചട്ട വാസുവിന്റെ ശിക്ഷണമാണ് മുസ്തഫയെ മികച്ച ഗോൾകീപ്പറാക്കിയത്. എന്തായിരുന്നു ചട്ട വാസുവിന്റെ കോച്ചിങ്ങിന്റെ പ്രത്യേകത? പ്രത്യേകിച്ചെന്തെങ്കിലും ഓർത്തെടുക്കാൻ മുസ്തഫക്കായില്ല. പയ്യാമ്പലം തീരത്തെ പൂഴിമണലിൽ കൊണ്ടുപോയി മുസ്തഫയെ വാസുവേട്ടൻ പരിശീലിപ്പിക്കുമായിരുന്നുവെന്ന് കൂടെയുണ്ടായിരുന്ന ബ്രദേഴ്സ് ക്ലബ് മുൻ സെക്രട്ടറി അബ്ദുൽ റഫീഖാണ് ഓർമിച്ചെടുത്തത്.
കണ്ണൂർ എസ്.എൻ കോളജിൽ പഠിക്കുമ്പോഴാണ് മുസ്തഫ സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ കാവലാളാവുന്നത്. കോച്ചിങ് ക്യാമ്പിൽനിന്ന് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. കോഴിക്കോട്ടായിരുന്നു 1961ലെ ടൂർണമെന്റ്. സന്തോഷ് ട്രോഫിയിൽ തിളങ്ങിയതോടെ കൽക്കത്ത മുഹമ്മദൻസ് റാഞ്ചി. ക്ലബ് പ്രസിഡന്റ് നേരിട്ട് വരുകയായിരുന്നു. കൊല്ലത്തിൽ രണ്ടായിരം രൂപയായിരുന്നു പ്രതിഫലം. കണ്ണൂരിലെ ഒരു കോളജ് വിദ്യാർഥി രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ലീഗിൽ കളിക്കാൻ വണ്ടികയറുകയാണ്. ഭയമുണ്ടായിരുന്നോ?
പക്ഷേ, ആ കാലമൊന്നും മുസ്തഫയുടെ മനസ്സിലില്ല. അവരുടെ ഓഫർ സ്വീകരിക്കുമ്പോൾ പ്രധാന നിബന്ധന പഠനം തുടരാൻ അനുവദിക്കണമെന്ന് മാത്രമായിരുന്നു. അങ്ങനെയാണ് കൽക്കത്ത സെന്റ് സേവ്യേഴ്സ് കോളജിൽ ചേരുന്നത്. കോളജ് ഹോസ്റ്റലിലായിരുന്നു താമസം. കൽക്കത്ത ലീഗ് ലോകത്തിലെതന്നെ ഏറ്റവും വാശിയേറിയ ലീഗുകളിലൊന്നാണ്. ഇന്ന് ക്രിക്കറ്റ് കളിക്കാർക്ക് ലഭിക്കുന്ന താരപദവിയാണ് അന്ന് കൽക്കത്തയിലെ ഫുട്ബാൾ കളിക്കാർക്ക് കിട്ടിയിരുന്നത്. സ്വാഭാവികമായും കോളജിൽ മുസ്തഫ ഹീറോ ആയിരിക്കണം.
പക്ഷേ, അതെക്കുറിച്ച് വീരസ്യം പറയുന്ന സ്വഭാവമില്ല അദ്ദേഹത്തിന്. അക്കാലത്ത് മദിരാശി വഴിയാണ് കൽക്കത്തയിലേക്ക് പോയിരുന്നതെന്നും മദിരാശിയിൽ ബന്ധുവായ സംഗീത സംവിധായകൻ എ.ടി. ഉമ്മറിന്റെ കൂടെ താമസിക്കുമായിരുന്നുവെന്നും മെർദേക്കയിലാണ് താൻ ആദ്യമായി ഇന്ത്യൻ വല കാത്തതെന്ന് മുസ്തഫ ഓർക്കുന്നു.
1942 ലാണ് ജനിച്ചതെന്നും പറയുന്നു. ആദ്യം കളിച്ചത് 1963ലെ മെർദേക്കയിലാണെങ്കിൽ തന്നെ ഇന്ത്യൻ ടീമിൽ അരങ്ങേറുമ്പോൾ മുസ്തഫക്ക് 21 വയസ്സായിക്കാണണം. അന്ന് വിമാന സർവിസ് തുടങ്ങിയ കാലമായിരുന്നു, മദിരാശിയിൽനിന്ന് ബാങ്കോക്കിലേക്ക് പോയി അവിടെനിന്നാണ് ക്വാലാലംപൂരിലെത്തിയത്.
കൽക്കത്ത ലീഗിലെ പ്രകടനമാണ് മുസ്തഫക്ക് ഇന്ത്യൻ ടീമിലേക്ക് പാലമായത്. ഇന്ത്യൻ ടീമിലേക്ക് വരുമ്പോൾ പീറ്റർ തങ്കരാജും എസ്.എസ്. നാരായണനുമായിരുന്നു സഹ ഗോൾകീപ്പർമാരെന്ന് മുസ്തഫ പറയുന്നു. തങ്കരാജിന് പരിക്കേറ്റതാണ് മുസ്തഫക്ക് വഴി തുറന്നത്.
തങ്കരാജിനെപ്പോലെ ലോകമറിയുന്ന ഗോൾകീപ്പറിൽനിന്ന് മുസ്തഫ എന്തായിരിക്കാം കണ്ടുപഠിച്ചത്? തങ്കരാജ് നല്ല സുഹൃത്തായിരുന്നുവെന്നും എന്നാൽ, കളികളെക്കുറിച്ചൊന്നും സംസാരിക്കാറില്ലെന്നുമായിരുന്നു മുസ്തഫ പറഞ്ഞത്. ഹിന്ദി അറിയാതിരുന്നതിനാൽ ഭാഷ അക്കാലത്ത് മുസ്തഫക്ക് വലിയ പ്രതിബന്ധംതന്നെയായിരുന്നു.
****
1966ലെ ബാങ്കോക് ഏഷ്യൻ ഗെയിംസായിരിക്കണം മുസ്തഫ പങ്കെടുത്ത ഏറ്റവും പ്രധാനപ്പെട്ട ടൂർണമെന്റ്. അന്ന് തങ്കരാജായിരുന്നു ഒന്നാം ഗോളി. ജർണയിൽ സിങ് ക്യാപ്റ്റനും. സെയ്ദ് നഈമുദ്ദീന്, അരുണ് ഘോഷ്, യൂസുഫ് ഖാൻ, പി.കെ. ബാനർജി, ഇന്ദർ സിങ്, കണ്ണൻ തുടങ്ങി ഇന്ത്യൻ ഫുട്ബാൾ ഒരിക്കലും മറക്കാത്ത നിരവധി കളിക്കാർ ആ ടീമിലുണ്ടായിരുന്നു.
സ്വാഭാവികമായും ഒരുപാട് ഓർമകൾ ഉണ്ടാവേണ്ടതാണ്. ജർണയിൽ സിങ് തന്റെ സമപ്രായക്കാരനാണെന്നും ഇന്ദർ സിങ് ജൂനിയറാണെന്നും മുസ്തഫ പറയുന്നു. അക്കാലത്ത് ഇന്ത്യൻ ടീമിന് കളിക്കുമ്പോൾ പ്രതിഫലമൊന്നും കിട്ടിയിരുന്നില്ലെന്നാണ് അദ്ദേഹം ഓർക്കുന്നത്.
അഞ്ചാറു വർഷം മുഹമ്മദൻസിന് കളിച്ച ശേഷം മുസ്തഫ കൽക്കത്ത പോർട്ട് ട്രസ്റ്റിലേക്ക് മാറി. ആറുമാസമേ പോർട്ട് ട്രസ്റ്റിലുണ്ടായുള്ളൂ. റോവേഴ്സ് കപ്പ് കളിക്കാൻ ബോംബെയിലേക്ക് വന്നപ്പോഴാണ് മഹീന്ദ്രയിൽനിന്നും ഓർക്കെ മിൽസിൽനിന്നും ഓഫർ കിട്ടിയത്.
കുവൈത്തിൽനിന്നും ജർമൻ ക്ലബിൽ നിന്നുമൊക്കെ ഓഫർ വന്നിരുന്നുവെന്ന് ബ്രദേഴ്സ് ക്ലബിലെ പഴമക്കാർ പറയുന്നു. ജോലിസുരക്ഷയും ഒരുപാട് കണ്ണൂർക്കാരായ കളിക്കാരുണ്ടായിരുന്നു എന്നതുമാണ് മഹീന്ദ്ര തിരഞ്ഞെടുക്കാൻ കാരണം. മാസം 300 രൂപയായിരുന്നു മഹീന്ദ്രയിൽ ആദ്യ പ്രതിഫലം. അന്ന് ബോംബെയിൽ വീട് വാടക 30 രൂപ മാത്രമായിരുന്നു.
ഏഴു വർഷം മുസ്തഫ മഹീന്ദ്രക്ക് കളിച്ചു. കളിയിൽനിന്ന് വിരമിച്ച ശേഷം മഹീന്ദ്രയിൽ പർച്ചേസ് വിഭാഗത്തിൽ മുസ്തഫ തുടർന്നു. മഹീന്ദ്രക്ക് സ്വന്തമായി ടീമുണ്ടായിരുന്നിട്ടും കോച്ചിങ്ങിലൊന്നും താല്പര്യം കാണിച്ചില്ല. പിന്നീട് വളന്ററി റിട്ടയർമെന്റ് വാങ്ങി കമ്പനി വിട്ടു. മഹീന്ദ്ര അപ്പാർട്മെന്റിനോടനുബന്ധിച്ച് കളിക്കളമുണ്ടെങ്കിലും കളിക്കാലത്തിലേക്കും മുസ്തഫ തിരിച്ചുപോയില്ല. മുംബൈക്ക് സ്വന്തമായി ഐ.എസ്.എൽ ടീമുണ്ടെങ്കിലും ഇതുവരെ അവരുടെ കളി കണ്ടിട്ടില്ല.
ഏതെങ്കിലും ഗോൾകീപ്പറെ അനുകരിക്കാൻ മുസ്തഫ ശ്രമിച്ചിട്ടില്ല. താൻ വലുതായി ഡൈവ് ചെയ്യാറില്ലെന്നും പൊസിഷനിങ്ങാണ് തന്റെ ഗോൾകീപ്പിങ്ങിന്റെ ശക്തിയെന്നും മുസ്തഫ പറയുന്നു. ഡിഫൻഡർമാർക്ക് കർശന നിർദേശം നൽകുമായിരുന്നു മുസ്തഫയെന്നും അവർ സ്ഥാനം തെറ്റി നിന്നാൽ കയർക്കുമെന്നും ബ്രദേഴ്സ് ക്ലബിലെ പഴയ കളിക്കാർ പറയുന്നു. ജർണയിലിനോടും നഈമുദ്ദീനോടും അരുൺ ഘോഷിനോടുമൊക്കെ കയർക്കുന്ന മുസ്തഫയാണ് ഇന്ന് എല്ലാറ്റിൽനിന്നും ഒഴിഞ്ഞുമാറി നിൽക്കുന്നത്.
മൂന്ന് സംസ്ഥാനങ്ങൾക്കുവേണ്ടി സന്തോഷ് ട്രോഫി കളിച്ചു. കേരളത്തിനും ബംഗാളിനും മഹാരാഷ്ട്രക്കും. റോവേഴ്സ് കപ്പിൽ മോഹൻബഗാനെതിരെ നടത്തിയ സേവുകളാണ് തന്റെ ഓർമയിലുള്ളതെന്ന് മുസ്തഫ പറയുന്നു. അത്തവണ ബെസ്റ്റ് ഗോൾകീപ്പറായി തിരഞ്ഞെടുക്കപ്പെട്ടു.
ക്ലബിലും ഇന്ത്യൻ ടീമിലും സഹതാരങ്ങളൊക്കെ അറിയപ്പെടുന്നവരായിരുന്നു. എങ്കിലും അവരുമായൊന്നും മുസ്തഫ ബന്ധം നിലനിർത്തുന്നില്ല. പി.കെ. ബാനർജിയും എസ്.എസ്. നാരായണനും ഉൾപ്പെടെയുള്ളവർ സമീപകാലത്ത് മരിച്ചപ്പോൾപോലും ഒരു മലയാളം പത്രവും ചാനലും ആ കാലത്തെക്കുറിച്ചറിയാന് മുസ്തഫയെ തേടിയെത്തിയില്ല. കളിക്കുന്ന കാലത്ത് അധികവും ടീമിലെ ഏറ്റവും ഇളയ ആളായിരുന്നു താനെന്നും അതിനാൽ സീനിയർ താരങ്ങളുമായി വലിയ അടുപ്പമൊന്നും ഉണ്ടായിരുന്നില്ലെന്നുമാണ് മുസ്തഫ പറയുന്നത്.
കിട്ടിയ അവസരങ്ങളിലെല്ലാം പെനാൽറ്റി ബോക്സ് വിട്ടിറങ്ങി ഹിഗ്വിറ്റ. മുസ്തഫ ഒരിക്കലും പെനാൽട്ടി ബോക്സിന്റെ സുരക്ഷിതത്വം വെടിഞ്ഞില്ല. ഒടുവിൽ പെനാൽറ്റി ബോക്സ് വിടേണ്ടിവന്നപ്പോൾ കളിക്കളത്തിലേക്കോ കളിക്കാലത്തിലേക്കോ തിരിഞ്ഞുനോക്കിയില്ല. മുസ്തഫയുടെ മനസ്സിൽ ഒരു സുവർണകാലം നിശ്ചലമായിക്കിടക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.