ഫോണിൽ വിളിക്കൂ; വിളപ്പില്‍ശാലയിൽ ഓട്ടോ റെഡി
text_fieldsനേമം: ‘ഏയ് ഓട്ടോ’ വിളി പണ്ടുമുതലേയുള്ള മലയാളികളുടെ ശീലത്തിന്റെ ഭാഗമാണ്. എന്നാല്‍ ഇനിമുതല്‍ ഹലോ ഓട്ടോ മതി ! അതായത് 9562440999 എന്ന നമ്പര്‍ ഡയല് ചെയ്ത് സവാരി ബുക്കുചെയ്താല്‍ ഓട്ടോറിക്ഷ വിളിപ്പുറത്തുണ്ടാകും. വിളപ്പില്‍ശാല ജംഗ്ഷനിലെ ഓട്ടോ സ്റ്റാന്റിലെ ഇരുപതോളം ഓട്ടോ തൊഴിലാളികളാണ് ‘ഹലോ ഓട്ടോ’ വിളിക്കായി കാതുകൂര്‍പ്പിക്കുന്നത്. 18 വര്‍ഷം മുമ്പ് മൊബൈല്‍ ഫോണിന് അത്രവലിയ പ്രചാരമൊന്നും ഇല്ലാത്ത കാലത്താണ് ഈ ആശയം സ്റ്റാന്റില്‍ പ്രാവര്‍ത്തികമാക്കിയത്.
അത് ഇപ്പോഴും തുടരുന്നു. ആദ്യം സവാരിക്കായി എത്തുന്ന ഓട്ടോ ഡ്രൈവര്‍ സമീപത്തെ കടയില്‍ ഏല്‍പ്പിച്ചിട്ടുള്ള ഫോണ്‍ വാങ്ങി സ്റ്റാന്റിലെ തണല്‍ മരച്ചുവട്ടില്‍ സ്ഥാപിച്ചിട്ടുള്ള ഇരുമ്പ് കൂട്ടിനുള്ളില്‍ വെക്കും. ഓട്ടോക്കായി ഫോണിലേക്ക് വിളിവരുമ്പോള്‍ മുന്‍ഗണനാക്രമത്തില്‍ ഡ്രൈവര്‍മാര്‍ തന്നെ കോള്‍ അറ്റന്റ് ചെയ്ത് ഓട്ടം പോകും. വരുന്ന കോളുകള്‍ എടുക്കാന്‍ മാത്രമേ സാധിക്കൂ.
ആശുപത്രി, സ്കൂള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ തുടങ്ങി പൊതു ജനങ്ങള്‍ എത്തുന്നിടത്തെല്ലാം ഹലോ ഓട്ടോയുടെ നമ്പര്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. രാവിലെ 6 മുതല്‍ രാത്രി 9 വരെ ഈ ഫോണിലേക്ക് നിര്‍ത്താതെ കോള്‍ വന്നുകൊണ്ടിരിക്കും.
ഇങ്ങേത്തലയ്ക്കല്‍ നിന്നു വരുന്ന സ്ഥിരമായ ഒരു ചോദ്യമുണ്ട്- സര്, ഓട്ടോറിക്ഷ എവിടെ വരണം..! സവാരിക്കാര്‍ക്കും ഓട്ടോക്കാര്‍ക്കും തികച്ചും സൗകര്യപ്രദമായ ഈ പതിവ് വിളപ്പില്‍ശാല സ്റ്റാന്റില്‍ തുടര്‍ന്നുവരുന്നത് മറ്റുള്ളവര്‍ക്ക് കൗതുകവും പകരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.