Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightനജീബിന്റെ കാർവേട്ട

നജീബിന്റെ കാർവേട്ട

text_fields
bookmark_border
നജീബിന്റെ കാർവേട്ട
cancel
Listen to this Article

പണ്ടുകാലത്തെ പ്രധാന വിനോദമായിരുന്നു മൃഗവേട്ട. കാടും മേടും താണ്ടി അവർ മൃഗങ്ങളെ വേട്ടയാടി. എന്നാൽ, കാലത്തിനനുസരിച്ചുള്ള പുതിയ വേട്ടക്കിറങ്ങിയിരിക്കുകയാണ് നജീബ് റഹ്മാൻ എന്ന യുട്യൂബർ. വാഹനങ്ങളാണ് ഈ വേട്ടക്കാരന്‍റെ പ്രധാന ഇര. വ്യത്യസ്ത വാഹനങ്ങൾ തേടിപ്പിടിച്ച് നാടുകൾ ചുറ്റുകയാണ് ഈ ചെറുപ്പക്കാരൻ. അവ കാഴ്ചകളും അറിവുകളുമായി തന്‍റെ യുട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നു. Najeeb Rehman KP എന്ന യുട്യൂബ് ചാനലിലെ Car Hunt സീരീസിലൂടെ ഇന്ത്യയിൽ ലഭ്യമല്ലാത്ത കാറുകളെ പരിചയപ്പെടുത്തുന്നു ഇദ്ദേഹം. രണ്ടു വർഷം മുമ്പാണ് നജീബ് ചാനൽ ആരംഭിക്കുന്നത്. 320ന് മുകളിൽ വിഡിയോകൾ ഇതുവരെ ചാനലിൽ സംപ്രേഷണം ചെയ്തു. സൈക്കിൾ മുതൽ കപ്പലും വിമാനവുമെല്ലാം മലയാളികൾക്ക് ഇദ്ദേഹം പരിചയപ്പെടുത്തി.

ചാനൽ ആരംഭിച്ചത് മുതലുള്ള നജീബിന്‍റെ ആഗ്രഹമായിരുന്നു വിമാനത്തിന്‍റെ വിഡിയോ ചെയ്യുക എന്നത്. ഈയൊരു ആഗ്രഹവുമായി പല കമ്പനികളുമായും ബന്ധപ്പെട്ടെങ്കിലും നിരാശയായിരുന്നു ഫലം. സുരക്ഷ പ്രശ്നങ്ങളാണ് ഇവിടെ വില്ലനായത്. ഈ അവസരത്തിലാണ് സുഹൃത്ത് സഹായിക്കുന്നത്. തൃശൂരിലെ സതേൺ കോളജ് ഓഫ് എൻജിനീയറിങ്ങുമായി അദ്ദേഹം ബന്ധപ്പെട്ടു. അവിടത്തെ എയറോനോട്ടിക്കൽ എൻജിനീയറിങ് വിദ്യാർഥികൾക്ക് പഠിക്കാനുള്ള പ്രൈവറ്റ് ജെറ്റാണ് വിഡിയോക്ക് വേണ്ടി ഉപയോഗിച്ചത്. ഇത്തരത്തിലുള്ള ഒരു വിഡിയോ മലയാളത്തിൽ ആദ്യമായിട്ടായിരുന്നു. ഇതുകൂടാതെ ഹെലികോപ്ടറിന്‍റെ പ്രവർത്തനം സംബന്ധിച്ച വിഡിയോയും നജീബ് ചെയ്തിട്ടുണ്ട്.

കാർ ഹണ്ട് സീരീസ്

ഒരു നൂറ്റാണ്ടിന് മുകളിൽ പഴക്കമുണ്ട് ഇന്ത്യയിലെ കാർ ചരിത്രത്തിന്. ബ്രിട്ടീഷുകാരുടെ കാലം മുതൽ കാറുകൾ ഇന്ത്യയിലേക്ക് വന്നുതുടങ്ങി. പിന്നീട് ഇന്ത്യൻ കമ്പനികൾ സ്വന്തമായി വാഹനങ്ങൾ നിർമിക്കാൻ തുടങ്ങി. നമ്മൾ കാണാത്ത പല വാഹനങ്ങളും രാജ്യത്തിന് പുറത്തുണ്ട്. അവയെക്കുറിച്ച് പലരും കേട്ടിട്ടുമുണ്ടാകും. ഇവയെ അടുത്തറിയുക, അത് പ്രേക്ഷകരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവുമായിട്ടാണ് നജീബ് തന്‍റെ കാർ വേട്ടക്ക് ഇറങ്ങുന്നത്. യു.എ.ഇയിൽനിന്നാണ് ഇതിന് തുടക്കമിട്ടത്. വാഹനങ്ങളെ പരിചയപ്പെടുത്തുന്നതിനൊപ്പം അതിന്‍റെ രസകരമായ പ്രവർത്തനങ്ങൾ, ആ നാട്ടിലെ വാഹന സംസ്കാരം, വാഹനങ്ങൾ ഉപയോഗിക്കുന്നവരുടെ കൂട്ടായ്മകൾ എന്നിവയും ഈ സീരീസിൽ പ്രതിപാദിക്കുന്നു.

യു.എ.ഇയിൽനിന്ന് മാത്രം 33 വാഹനങ്ങളുടെ വിഡിയോ ചെയ്തു. ഈ വാഹനങ്ങൾ ഉപയോഗിച്ച് നിരവധി യാത്രകളും നടത്തി. ഫോർഡ് ബ്രോൺകോ, ഫെരാറി മോൺസ, ബുഗാട്ടിയുടെ വിവിധ മോഡലുകൾ തുടങ്ങിയവ ആദ്യമായി മലയാളത്തിൽ പരിചയപ്പെടുത്തി. ദുബൈയിൽവെച്ച് ഷൂട്ടിങ്ങിനിടെ ഡെസേർട്ട് സഫാരിക്കിടെ വാഹനമിടിച്ച് രണ്ട് കൈയും ഒടിഞ്ഞു. കാലുകൾക്കും മുറിവേറ്റു. കൂടെയുണ്ടായിരുന്നവർ പൊലീസിൽ വിവരമറിയിച്ചു. അധികൃതർ ഉടൻ തന്നെ പാഞ്ഞെത്തി. ആദ്യമെത്തിയ ആൾ 'നജീബ്ക്ക, എന്താണ് സംഭവിച്ചത്' എന്ന് മലയാളത്തിൽ ചോദിച്ചാണ് അടുത്തേക്ക് വന്നത്. തന്‍റെ ചാനൽ കാണുന്ന വ്യക്തിയായിരുന്നു അദ്ദേഹം. വേദനക്കിടയിലും വലിയ ആശ്വാസം നൽകുന്നതായിരുന്നു ആ വാക്കുകൾ.

അന്യനാട്ടിൽ അവരുടെ കരുതലുണ്ടാകുമെന്ന് ഉറപ്പിക്കാനായി. കൂടാതെ ആശുപത്രിയിലുള്ള ജീവനക്കാർക്കും നജീബിനെ അറിയാമായിരുന്നു. ഇത് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കി. നാട്ടിലെത്തി സർജറി കഴിഞ്ഞ് മാസങ്ങൾ വിശ്രമമെടുത്തു. തുടർന്ന് വീണ്ടും യു.എ.ഇയിലേക്ക് പറന്നാണ് ബാക്കി വാഹനങ്ങളുടെ വിഡിയോകൾ ഷൂട്ട് ചെയ്തത്. കാർ ഹണ്ട് മറ്റു രാജ്യങ്ങളിലേക്കുകൂടി വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് ഈ ചെറുപ്പക്കാരൻ. ഗൾഫ് നാടുകൾ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവയെല്ലാം പരിഗണനയിലുണ്ട്.

മലപ്പുറം ജില്ലയിലെ തിരൂർ സ്വദേശിയാണ് നജീബ്. തിരൂർ എസ്.എസ്.എം പോളിടെക്നിക്കിൽനിന്ന് കമ്പ്യൂട്ടർ എൻജിനീയറിങ് പഠിച്ചിറങ്ങി. ഇവിടെ അധ്യാപകനായും പ്രവർത്തിച്ചു. ഖത്തർ ആസ്ഥാനമായുള്ള എം.എൻ.സിയിൽ അനലിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്. ഡിജിറ്റൽ മാർക്കറ്റിങ് മേഖലയിലും പ്രവർത്തിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:car hunter najeeb
News Summary - car hunter najeeb
Next Story