ഏലത്തിലുമുണ്ട് മർഫി സായിപ്പിന്റെ കൈയൊപ്പ്
text_fieldsനെടുങ്കണ്ടം: ഇടുക്കിയുടെ പെരുമ വിളിച്ചോതുന്നതിൽ ഏലത്തിന് മുഖ്യപങ്കുണ്ട്. എന്നാൽ, 1902ല്‍ പാമ്പാടുംപാറയുടെ മണ്ണില്‍ വ്യവസായിക അടിസ്ഥാനത്തില്‍ ഏലകൃഷിക്ക് തുടക്കമിട്ടത് അയര്‍ലൻഡില്‍നിന്ന് കപ്പല്‍ കയറിയെത്തിയ ജോണ്‍ ജോസഫ് മര്‍ഫി എന്ന സായിപ്പാണെന്ന് അധികമാർക്കും അറിയില്ല. കൂടാതെ ഇന്ത്യയില്‍ ആദ്യമായി റബര്‍ നട്ടുപിടിപ്പിച്ച് വിജയകരമായി എസ്റ്റേറ്റ് ആരംഭിച്ചതും ഈ അയർലൻഡുകാരനാണ്.
ജന്മംകൊണ്ട് ജീവിതത്തിന്റെ ഏറിയ പങ്കും കേരളത്തില്‍ ജീവിച്ച കാര്‍ഷിക വിദഗ്ധൻ കൂടിയാണ് ഇദ്ദേഹം. 5000 പൗണ്ടിന്റെ സമ്പാദ്യവുമായി ബ്രിട്ടീഷ് കോളനികളിലേക്ക് യാത്ര തിരിച്ച മർഫി, യാത്രക്കിടയില്‍ ലഭിച്ച കൃഷി അറിവുമായാണ് 25ാം വയസ്സില്‍ കൊച്ചിയില്‍ കപ്പലിറങ്ങിയത്. തുടക്കത്തില്‍ മൂന്നാറിലെ തേയിലത്തോട്ടങ്ങളിലായിരുന്നു മര്‍ഫിയുടെ സേവനം. മൂന്നാര്‍ മലനിരകളില്‍ തേയില കൃഷി വ്യാപകമാക്കുന്നതിന് അദ്ദേഹം ഒട്ടേറെ സംഭാവനകള്‍ ചെയ്തു.
കണ്ണന്‍ദേവന്‍ കമ്പനിയില്‍ സൂപ്രണ്ടായും ഉടുമ്പന്‍ചോലക്കടുത്ത് ചതുരംഗപ്പാറയില്‍ ടീ എസ്റ്റേറ്റ് സൂപ്രണ്ടായും പ്രവര്‍ത്തിച്ചു. ഇക്കാലഘട്ടത്തിലാണ് ഉടുമ്പന്‍ചോലക്ക് വടക്ക് ശാന്തന്‍പാറ മുതല്‍ തെക്ക് വണ്ടന്മേടുവരെ ഭൂപ്രദേശത്തെ കാടുകളില്‍ ഏലം സ്വാഭാവികമായി വളരുന്നത് മര്‍ഫിയുടെ ശ്രദ്ധയില്‍പെട്ടത്. തുടർന്ന് പാമ്പാടുംപാറയിൽ എത്തിയ അദ്ദേഹം ഇവിടുത്തെ മണ്ണും കാലാവസ്ഥയും ഏലകൃഷിക്ക് ഏറ്റവും അനുയോജ്യമാണെന്ന് മനസ്സിലാക്കുകയും തന്റെ സ്വപ്നം യാഥാർഥ്യമാക്കാന്‍ ശ്രമം ആരംഭിക്കുകയും ചെയ്തു.
ഏലം വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നതിന് തിരുവിതാംകൂര്‍ മഹാരാജാവില്‍നിന്ന് അനുവാദം നേടി മര്‍ഫി കൃഷിക്ക് തുടക്കം കുറിച്ചു. കാടിനുള്ളില്‍ സ്വാഭാവികമായി വളര്‍ന്നിരുന്ന ഏലത്തിന്റെ തൈകള്‍ ശേഖരിച്ച് തോട്ടം ഒരുക്കി. അതാണ് ഇന്നത്തെ പാമ്പാടുംപാറ എസ്റ്റേറ്റ്. 100 ഏക്കറില്‍ തുടങ്ങിയ കൃഷി അദ്ദേഹം 1300 ഏക്കറായി വളര്‍ത്തി. കൂടുതല്‍ ആളുകളെ ഏലത്തിന്റെ വ്യവസായിക ഉൽപാദനത്തിലേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞപ്പോഴേക്കും വാര്‍ധക്യവും രോഗങ്ങളും അദ്ദേഹത്തെ തളര്‍ത്തി.
തന്റെ ആശ്രിതര്‍ക്ക് നിശ്ചിതതുക നല്‍കാനും തൊഴിലാളികള്‍ക്ക് കുറെ സ്ഥലം ദാനമായി നല്‍കാനും ഇദ്ദേഹം വ്യവസ്ഥ ചെയ്തിരുന്നു. തൊഴിലാളികള്‍ക്ക് നിർമിച്ച സെമിത്തേരിയില്‍ അടക്കം ചെയ്യണമെന്നും അവിവാഹിതനായ മർഫി സായിപ്പ് നിര്‍ദേശിച്ചിരുന്നു. അന്ത്യകര്‍മങ്ങള്‍ക്കായി മുണ്ടക്കയം ലത്തീന്‍ പള്ളിയിലെ വെള്ളക്കാരനായിരുന്ന ഫാ. ഫെലിസീസിമൂസിനെ ചുമതലപ്പെടുത്തി. സംസ്കാരപ്പെട്ടിയും വാങ്ങി സൂക്ഷിച്ചിരുന്നു.
1957ല്‍ ഏന്തയാര്‍ എസ്റ്റേറ്റ് നാട്ടുകാരായ പ്ലാന്റര്‍മാര്‍ക്ക് കൈമാറി നാഗര്‍കോവിലിൽ ചികിത്സക്കുപോയി. അക്കൊല്ലം മേയ് എട്ടിന് 85ാം വയസ്സില്‍ മര്‍ഫി നിര്യാതനായി. അദ്ദേഹത്തിന്റെ ആഗ്രഹംപോലെ മൃതദേഹം ഏന്തയാറില്‍ കൊണ്ടുവന്ന് തൊഴിലാളികള്‍ അന്ത്യവിശ്രമം കൊള്ളുന്ന കല്ലറകള്‍ക്ക് സമീപം സംസ്കരിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.