ചാച്ച തിരികെ പോകുന്നു; മൃതദേഹങ്ങളുടെ പരിചരണം വിട്ട്
text_fieldsഅജ്മാന്: ഇരുനൂറോളം രാജ്യക്കാരും അതിലേറെ ജാതി- വര്‍ഗക്കാരും ഒരുമയോടെ അധിവസിക്കുന്ന ലോകത്തിലെ അപൂർവം രാജ്യങ്ങളില്‍ ഒന്നാണ് യു.എ.ഇ. ലക്ഷക്കണക്കിന് മനുഷ്യര്‍ അധിവസിക്കുന്ന ഇവിടം സ്വാഭാവികമായും മരണങ്ങളും സംഭവിക്കുന്നു.
ഇവിടെ മരണപ്പെടുന്ന പ്രവാസികളില്‍ ഭൂരിഭാഗം പേരുടെയും മൃതദേഹം നാട്ടിലേക്കയക്കുകയാണ് പതിവ്. നാട്ടിലേക്ക് കയറ്റി അയക്കാന്‍ മൃതദേഹം എംബാമിങ് ചെയ്യണം. യു.എ.ഇയിലെ എംബാമിങ് സെന്ററുകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ദുബൈ സോനാപൂരിലെ കേന്ദ്രം. പ്രതിവർഷം ആയിരത്തോളം പേരുടെ മൃതദേഹം ഇവിടെ എംബാമിങ് ചെയ്യുന്നുണ്ടെന്നാണ് ശരാശരി കണക്ക്.
ഈ എംബാമിങ് പ്രവൃത്തികള്‍ക്ക് നേതൃത്വം നല്‍കുന്നത് ഒരു ഇന്ത്യക്കാരനാണ്. മലയാളികള്‍ അടക്കമുള്ളവര്‍ സ്നേഹത്തോടെ ചാച്ച എന്ന് വിളിക്കുന്ന മുംബൈ സ്വദേശി അതാവുള്ള അബൂബക്കര്‍ ഖാസി. ഈ മേഖലയിലെ നാല്പത്തി ആറു വര്‍ഷത്തെ സേവനം അവസാനിപ്പിച്ച് വിശ്രമ ജീവിതത്തിനായി നാട്ടിലേക്ക് തിരിക്കുകയാണ് ഇദ്ദേഹം. നാട്ടില്‍ ഇലക്ട്രീഷനായി ജോലി ചെയ്തുകൊണ്ടിരിക്കെ 1974 ലാണ് ചാച്ച ദുബൈയില്‍ എത്തുന്നത്.
ആദ്യ രണ്ട് വർഷം ഒരു ഇലക്ട്രിക്കല്‍ കമ്പനിയില്‍ ജോലി ചെയ്തു. 1977 ലാണ് ദുബൈ മക്തൂം ആശുപത്രിയില്‍ എംബാമിങ്ങിനായി ഇദ്ദേഹം ജോലിക്ക് എത്തുന്നത്. പത്ത് വർഷം മുമ്പാണ് സോനാപൂരിലെ വിശാലമായ സ്ഥലത്തേക്ക് ഇന്ന് കാണുന്ന എംബാമിങ് കേന്ദ്രം മാറ്റി സ്ഥാപിക്കുന്നത്.
നാല്പത്തിയാറു വർഷം ഈ മേഖലയില്‍ ജോലി ചെയ്തു. ഈ കാലയളവില്‍ ഏകദേശം ഒരു ലക്ഷത്തോളം മൃതദേഹം എംബാമിങ് ചെയ്തിട്ടുണ്ടെന്ന് ഇദ്ദേഹം പറയുന്നു. ഒരുപക്ഷേ ഇതൊരു ലോക റെക്കോർഡ് തന്നെയായിരിക്കാം. ഒരു ലക്ഷം മൃതദേഹങ്ങള്‍ എംബാം ചെയ്ത ചാച്ച തന്നെയായിരിക്കും ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരെ എംബാംമിങ് ചെയ്ത വ്യക്തിയും.
അപകടങ്ങളിലും മറ്റും പെട്ട് എത്ര വികൃതമായ മൃതദേഹമാണെങ്കിലും ബഹുമാനത്തോടും കൃത്യനിഷ്ഠതയോടും കൂടി യാതൊരു മടിയും കൂടാതെ ശേഷക്രിയകള്‍ പൂര്‍ത്തിയാക്കും. ദിനംപ്രതി എംബാം സെന്ററില്‍ എത്തുന്ന നൂറുകണക്കിന് ആളുകളോട് ചെറുപുഞ്ചിരിയോടെ സൗമ്യമായി പെരുമാറുന്ന ചാച്ച പടിയിറങ്ങുന്നത് നിത്യ സന്ദര്‍ശകരായ സാമൂഹിക പ്രവര്‍ത്തകര്‍ വേദനയോടെയാണ് അയവിറക്കുന്നത്.
മൃതദേഹം എംബാം ചെയ്യുന്നതിനെ കുറിച്ചുള്ള തെറ്റായ ചില വാര്‍ത്തകള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് അടുത്തിടെ ഈ വിഷയത്തില്‍ ആധികാരികമായി സംസാരിച്ചു കൊണ്ടുള്ള അതാവുള്ള ഖാന്റെ വിഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു.
ബോളിവിഡ് നടി ശ്രീദേവി, നടന് പരീദ് ശൈഖ്, പാകിസ്താന് മുന്‍ പ്രസിഡന്റ് പര്‍വേഷ് മുശർറഫ്, പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ മാതാവ് നുസ്രത് ഭൂട്ടോ തുടങ്ങിയ സമൂഹത്തിലെ നിരവധി പ്രമുഖരുടെ മൃതദേഹം എംബാമിങ് ചെയ്തത് അതാവുള്ളയാണ്. ഏഴ് പേര് അടങ്ങുന്ന സംഘം ഇദ്ദേഹത്തിന്റെ കീഴില്‍ സോനാപൂരിലെ എംബാമിങ് സെന്ററില്‍ വിവിധ വകുപ്പുകളിലായി ജോലി ചെയ്യുന്നുണ്ട്.
ജൂലൈ 31ന് ഉച്ചക്ക് രണ്ട് മണിയോടെ താന്‍ അവസാനം എംബാം ചെയ്ത മൃതദേഹത്തിന്റെ പെട്ടിയിന്മേല് മരിച്ചയാളുടെ പേരും സ്ഥലവും എഴുതി ചാച്ച ജോലിയില്‍ നിന്നും വിരമിച്ചു. 2019 ഡിസംബര്‍ 31ന് ജോലിയില്‍ നിന്നും വിരമിക്കേണ്ടിയിരുന്ന ചാച്ച അധികൃതരുടെ ഇടപെടല്‍ മൂലം തുടരുകയായിരുന്നു.
കോവിഡ് പ്രതിസന്ധി രൂക്ഷമായ സമയത്ത് മൃതദേഹം കാണാന്‍ പോലും ആളുകള്‍ തയാറാകാതിരുന്ന സമയത്തുപോലും യാതൊരു ഭീതിയും കൂടാതെ തന്റെ ജോലിയില്‍ വ്യാപൃതനായിരുന്നു എഴുപതുകാരനായ ചാച്ച. നാട്ടില്‍ വിശ്രമജീവിതം നയിക്കണമെന്നാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം. രണ്ട് പെണ്മക്കള് അടക്കം മൂന്ന് പേരാണ് ചാച്ചക്ക്. പെണ്‍കുട്ടികളുടെ വിവാഹം കഴിഞ്ഞു. മകന് ദുബൈയിലെ ഒരു സ്വകാര്യ ബാങ്കില്‍ ജോലി ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.