വള്ളംകളിയുടെ ആവേശമായി ഇന്നും ചമ്പക്കുളം ബേബി
text_fieldsഅമ്പലപ്പുഴ: വള്ളംകളിക്കാര്ക്കും സംഘാടകര്‍ക്കും ചമ്പക്കുളം ബേബിയെ മറക്കാനാകില്ല. വള്ളംകളിയുടെ ഓര്മ കുട്ടനാട്ടുകാരില്‍ എത്തുമ്പോള്‍ ആദ്യം എത്തുന്നത് ചമ്പക്കുളം ബേബിയെന്ന അമ്പലപ്പുഴ തെക്ക് ആശാഭവനില്‍ കെ.ടി. ബേബിയാണ് (78). പ്രായം ശരീരത്തെ ബാധിച്ചെങ്കിലും വള്ളംകളി ആവേശത്തിന് ഇന്നും ചെറുപ്പമാണ്. ലീഡിങ് ക്യാപ്റ്റനായും വഞ്ചിപ്പാട്ടുകാരനായും കുട്ടനാടിന്റെ താരമായിരുന്നു ചമ്പക്കുളം ബേബി.
സംഘാടകര്‍ ഇദ്ദേഹത്തെ അറിയില്ലെങ്കിലും കളിക്കാര്‍ ഇന്നും ആദരിക്കാന്‍ മറന്നിട്ടില്ല. വള്ളം ഉളികുത്ത്, നീറ്റിലിറക്ക് തുടങ്ങിയ ചടങ്ങുകളില്‍ ചമ്പക്കുളം ബേബിയുടെ സാന്നിധ്യം ഉറപ്പാക്കാന്‍ സംഘാടകര്‍ ശ്രദ്ധിക്കാറുണ്ട്. വഞ്ചിപ്പാട്ടില്‍ കുട്ടനാട്, ആറന്മുള ശൈലികളില്‍ കുട്ടികളെ പരിശീലിപ്പിച്ചിരുന്നതും ഇദ്ദേഹമായിരുന്നു. സ്കൂള്‍ കലോത്സവങ്ങളില്‍ ഒരുകാലത്ത് വിധികര്‍ത്താവുമായിരുന്നു. വഞ്ചിപ്പാട്ടില്‍ ദേശീയതലത്തിലും സംസ്ഥാനതലത്തിലും നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്.
നിലത്തെഴുത്ത് കളരി നടത്തിയിരുന്ന അപ്പൂപ്പന് ചാക്കോ ആശാനില്‍നിന്ന് വഞ്ചിപ്പാട്ടിന്റെ ഈണം നുകരുന്നത് ഏഴാംവയസ്സിലാണ്. അദ്ദേഹത്തില്‍നിന്ന് അമരകോശം, വാക്യം, വരപ്പേറ്, നീതിസാരം തുടങ്ങിയവ സ്വായത്തമാക്കി. പിതാവ് തോമസും വലിയ വഞ്ചിപ്പാട്ട് കലാകാരനായിരുന്നു. 1968ലാണ് ആദ്യത്തെ വള്ളംകളിയില്‍ പങ്കെടുക്കുന്നത്. അന്ന് പ്രായം 19. പൂക്കൈത ആറ്റില്‍ നടന്ന ആയില്യം, മകം വള്ളംകളിയില്‍ അന്നത്തെ ചെമ്പകശ്ശേരി സ്കൂളിനുവേണ്ടിയാണ് തുഴഞ്ഞത്. പിന്നീടുള്ള പല വള്ളംകളികളിലും ലീഡിങ് ക്യാപ്റ്റനായിട്ടുണ്ട്. ചമ്പക്കുളം വള്ളത്തിലാണ് അധികവും ലീഡിങ് ക്യാപ്റ്റനായത്.
വഞ്ചിപ്പാട്ടില്‍ അദ്ദേഹത്തെ മറികടക്കാന്‍ ആര്‍ക്കുമായിട്ടില്ലെന്ന് ഇതുമായി ബന്ധപ്പെട്ടവർ പറയുന്നു. പായലേവിട...പൂപ്പലേ...വിട....എന്നന്നേക്കും വിട... എന്ന പരസ്യത്തിന് ശബ്ദംനല്കിയത് ചമ്പക്കുളം ബേബിയാണ്. സ്വന്തമായി വഞ്ചിപ്പാട്ടും എഴുതിയിട്ടുണ്ട്. തുഴയെറിയാന്‍ ആരോഗ്യം അനുവദിക്കില്ലെങ്കിലും കുട്ടനാട്ടുകാരുടെ ആവേശത്തില്‍ പങ്കുചേരാന്‍ ഇത്തവണയും ചമ്പക്കുളം ബേബി പുന്നമടയില്‍ ഉണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.