ചാർളി; ബഹ്റൈനിലെ പ്രിയപ്പെട്ട പാട്ടുകാരൻ
text_fieldsമനാമ: ബഹ്റൈൻ ഉൾപ്പെടെയുള്ള ജി.സി.സി രാജ്യങ്ങളിലെ സംഗീത രാവുകളിൽ സജീവ സാന്നിധ്യമായി ചാർളി. കഴിഞ്ഞ 20 വർഷമായി ബഹ്റൈൻ പ്രവാസിയായ തൃശൂർ ജില്ലയിലെ അക്കിക്കാവ് സ്വദേശിയായ ചാർളി ബഹ്റൈൻ എന്നറിയപ്പെടുന്ന ചാർളിയാണ് ഗായകൻ എന്ന നിലയിൽ സ്റ്റേജ് പ്രോഗ്രാമുകളിൽ നിറഞ്ഞു നിൽക്കുന്നത്. വർഷങ്ങൾക്കുമുമ്പ് ഓൾഡ് ബഹ്റൈൻ ഹോട്ടലിൽ ആദ്യത്തെ സൗത്ത് ഇന്ത്യൻ സംഗീത നിശയിൽ പാടാനാണ് ചാർളി നാലംഗ ഓർക്കസ്ട്ര ടീമുമായി ബഹ്റൈനിൽ എത്തിയത്. അവിടെ നിന്ന് തുടങ്ങിയ യാത്ര ചലച്ചിത്ര പിന്നണി ഗാന രംഗത്തേക്കുവരെ ചാർളിയെ എത്തിച്ചു.
സംഗീത യാത്രകൾക്കിടയിൽ ഒരിക്കൽ ചെന്നൈയിൽ വെച്ച് പ്രശസ്ത സംഗീത സംവിധായകൻ ഔസേപ്പച്ചനെ പരിചയപ്പെടാൻ കഴിഞ്ഞത് ചാർളിയുടെ ജീവിതത്തിലെ വഴിത്തിരിവ് ആയി. ബഹ്റൈൻ ഇന്ത്യൻ ക്ലബിലും കേരളീയ സമാജത്തിലും ഔസേപ്പച്ചനോടൊപ്പം സംഗീത പരിപാടികളിൽ പങ്കെടുത്തു. കഴിഞ്ഞ 12 വർഷമായി ഔസേപ്പച്ചനോടൊപ്പം വിവിധ രാജ്യങ്ങളിൽ നിരവധി സ്റ്റേജ് ഷോകളിൽ പങ്കെടുത്തു. നിലവിൽ ചാർളി സ്വന്തം നിലയിലും സ്റ്റേജ് ഷോകളും നടത്തുന്നു.
ബഹ്റൈനുപുറമെ ഖത്തർ, സൗദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങളിൽ ഇതിനകം നിരവധി സ്റ്റേജ് ഷോകൾ നടത്തിയിട്ടുണ്ട്. കഴിഞ്ഞവർഷം യു.കെ, ഇന്തോനേഷ്യ, ചൈന, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ പ്രോഗ്രാം ചെയ്തു. ആസ്ട്രേലിയയിലും അയർലൻഡിലും നടന്ന പ്രോഗ്രാമുകളിലും പങ്കെടുത്തു. പാട്ടിനൊപ്പം മിമിക്രിയിലും ശ്രദ്ധേയനായ ചാർളി മലയാളത്തിലെ മിക്കവാറും എല്ലാ ചാനലുകളിലെയും പ്രോഗ്രാമുകളിൽ പാടിയിട്ടുണ്ട്. ഏഴ് സിനിമകളിലും നിരവധി ആൽബങ്ങളിലും പാടിയിട്ടുണ്ട്. ഗോൾഡ് കോയിൻ എന്ന സിനിമയിൽ ഔസേപ്പച്ചൻ സംഗീതം നൽകിയ മൗനം പോലും വാചാലം എന്ന ഗാനം പാടിക്കൊണ്ടാണ് ചാർളി ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് ചുവടുവെച്ചത്.
സ്കൂൾ പഠനകാലത്ത് ഗാനരംഗത്തേക്കുവന്ന ചാർളി നാട്ടിലെ വിവിധ സംഘടനകളുടെ പരിപാടികളിൽ ഗാനമേളയും മിമിക്രിയും നടത്തിയാണ് സജീവമായത്. പിന്നീട് പ്രമുഖ ഗാനമേള ട്രൂപ്പുകളിൽ ഗായകനായും പ്രവർത്തിച്ചു. ഹിന്ദി, മലയാളം, തമിഴ് പാട്ടുകളാണ് കൂടുതൽ പാടുന്നത്. ദുബൈ ആസ്റ്റർ ഗ്രൂപ്പിന്റെ എന്റർടെയിൻമെന്റ് കൈകാര്യം ചെയ്തു കൊണ്ട് ഗിന്നസ് വേൾഡ് റെക്കോഡ്സിൽ ഇടം പിടിക്കാനും ചാർളിക്ക് കഴിഞ്ഞു. ബഹ്റൈനിലും ദുബൈയിലും ബിസിനസ് സംരംഭങ്ങളിലും ചാർളി പങ്കാളിയാണ്. ബ്യൂലയാണ് ഭാര്യ. ജൂനിയ, ആൻമരിയ എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.